എട്ടാം സീസണിൽ പതിനഞ്ചാം മത്സരം പിന്നിടുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത്തവണ അരങ്ങേറ്റം കുറിച്ച താരങ്ങളേറെയാണ്. ഇന്ത്യൻ ഫുട്ബാളിൽ ഏറെ നാളത്തെ അനുഭവ സമ്പത്തുള്ള താരങ്ങളും, ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു ക്ലബുമായി പ്രൊഫെഷണൽ കരാറിൽ ഒപ്പുവച്ച് ആദ്യമായി കളത്തിലിറങ്ങുന്ന താരങ്ങളുമുൾപ്പെടെ ഒട്ടനവധി താരങ്ങൾ ഈ സീസണിൽ ആദ്യമായി കളത്തിലിറങ്ങി. ലീഗിലെ അരങ്ങേറ്റ സീസണിൽതന്നെ ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ചു തിളങ്ങുന്ന ചില താരങ്ങളുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിലുമുണ്ട് അത്തരത്തിൽ ഈ സീസണിൽ ലീഗിൽ അരങ്ങേറ്റം നടത്തി മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുന്ന വിദേശ താരങ്ങളുൾപ്പെടെയുള്ള താരങ്ങൾ. കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായ തിരുവനന്തപുരം സ്വദേശി ബിജോയ്, ഗോവൻ സ്വദേശിയായ വിൻസി ബാരെറ്റോ എന്നിവർ അവരിൽ പ്രധാനികളാണ്. അവരെപ്പറ്റി കൂടുതലറിയാം.

1. ബിജോയ്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു തീരദേശ ഗ്രാമമായ പുല്ലുവിളയിലാണ് ബിജോയ് ജനിച്ചത്. സ്കൂൾ കാലഘട്ടം മുതൽ ഫുട്ബോൾ കളിച്ചു തുടങ്ങിയ ബിജോയ് തന്റെ സ്കൂൾ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. തുടക്കത്തിൽ സ്ട്രൈക്കറായി കളിച്ചിരുന്ന അദ്ദേഹം പിന്നീട് സെൻട്രൽ ഡിഫൻസീവ് പൊസിഷനിലേക്ക് മാറി. 15ആം വയസ്സിൽ കോവളം എഫ്‌സിയിൽ ചേർന്ന ബിജോയ് അവരുടെ യൂത്ത് ടീമിനായികളിച്ചു. 2018-ൽ അദ്ദേഹം ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയ കേരള ടീമിന്റെ ഭാഗമായിന്ന താരം ടൂർണമെന്റിലെ മികച്ച ഡിഫൻഡർ അവാർഡ് നേടി. കേരള ടീമിലെ പ്രകടനത്തിന് ശേഷം ബിജോയ് ഏഷ്യൻ സ്കൂൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഷില്ലോങ്ങിൽ നടന്ന യൂത്ത് ലീഗിൽ പങ്കെടുക്കുകയും സായ് ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2019–20 സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്റെ ഫൈനൽ സ്‌ക്വാഡിൽ ബിജോയ് ഉൾപ്പെട്ടിരുന്നു. എന്നാൽ കോവിഡ്-19 മഹാവ്യാധി കാരണം ടൂർണമെന്റ് റദ്ദാക്കിയിരുന്നു.

2021-ലാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാറിൽ ഒപ്പുവെക്കുകയും അവരുടെ റിസർവ് ടീമിൽ ഇടംപിടിക്കുകയും ചെയ്തത്. കേരള പ്രീമിയർ ലീഗിൽ 2020-21 സീസണിലെ മികച്ച പ്രകടനത്തിന് ശേഷം, 2021-22 ഐഎസ്എൽ സീസന്റെ ഭാഗമാകാൻ ബിജോയ് ക്ലബിന്റെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2021 സെപ്റ്റംബർ 21ന് 2021 ഡ്യൂറാൻഡ് കപ്പ് മത്സരത്തിൽ ഡൽഹി എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സിനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിൽ 2021 നവംബർ 19-ന് ATK മോഹൻ ബഗാൻ എഫ്‌സിക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ ബിജോയ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിച്ചു.

നാൽപത്തിയൊന്ന് പാസ്സുകളും നാലു ടാക്കിളുകളും മൂന്നു ക്ലിയറൻസും തൊണ്ണൂറു ശതമാനം പാസിംഗ് ആക്കുറസിയുമായി മത്സരത്തിൽ ശ്രദ്ദേയമായ പ്രകടനം കാഴ്ച വച്ച ബിജോയ് തുടർന്നുള്ള മത്സരങ്ങളിലും ഇടം പിടിക്കുമെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

2. വിൻസി ബാരെറ്റോ

ഗോവയിൽ ജനിച്ച ബാരെറ്റോ ഡെംപോ എസ്‌സി ഫുട്ബോൾ അക്കാദമിയിലാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. ഡെംപോ എസ്‌സി ക്ലബ്ബിൽ അണ്ടർ 18 വിഭാഗത്തിൽ കളിച്ചിരുന്ന താരം 2017-ൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എഫ്‌സി ഗോവയുടെ റിസർവ് ടീമുമായി തന്റെ ആദ്യ സീനിയർ കരാർ ഒപ്പുവച്ചു. 2018–19 ഗോവ പ്രൊഫഷണൽ ലീഗിനുള്ള ആദ്യ ടീമിന്റെ ഭാഗമായിരുന്നു വിൻസി. പ്രസ്തുത സീസണിൽ ഐ-ലീഗ് രണ്ടാം ഡിവിഷനിൽ ഒമ്പത് തവണ അദ്ദേഹം ടീമിനായി കളത്തിലിറങ്ങി. 2020ൽ ഐ-ലീഗ് ക്ലബ് ഗോകുലം കേരളയുമായി കരാർ ഒപ്പിട്ട താരം 2021 ജനുവരി 9-ന് ചെന്നൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചു. ക്ലബ്ബിനായി പതിമൂന്ന് മത്സരങ്ങൾ കളിച്ച വിൻസി ക്ലബ്ബിനൊപ്പം 2020-21 ഐ-ലീഗ് കിരീടം നേടി.

2021 ജൂലൈ 8ന്, കേരള ബ്ലാസ്റ്റേഴ്‌സുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ട താരം 2021 സെപ്റ്റംബർ 11-ന് ഇന്ത്യൻ നേവിക്കെതിരെയുള്ള മത്സരത്തിൽ ഡ്യൂറൻഡ് കപ്പിൽ കേരളാബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചു. വിൻസിയുടെ ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റം കേരളാ ബ്ലാസ്റ്റേഴ്സിന്റെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരായ രണ്ടാം മത്സരത്തിലായിരുന്നു. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിലും വിൻസി ഇടം പിടിച്ചു. മുപ്പത്തിയാറു പാസ്സുകളും ആറു ടാക്കിളുകളും മൂന്നു ക്ലിയറൻസും എഴുപതു ശതമാനം പാസിംഗ് ആക്കുറസിയുമായി മത്സരങ്ങളിൽ ശ്രദ്ദേയമായ പ്രകടനം കാഴ്ച വച്ച ബിജോയ് തുടർന്നുള്ള മത്സരങ്ങളിലും ഇടം പിടിക്കുമെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

3. അഡ്രിയാൻ ലൂണ

ഒരു പത്താം നമ്പർ താരത്തിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നതെല്ലാം നൽകാൻ സാധിക്കുന്ന താരമാണ് ഉറുഗ്വേ വംശജനായ അഡ്രിയാൻ ലൂണ. അറ്റാക്കിംഗ് മിഡ്ഫീൽഡറായും, വിങ്ങറായും അദ്ദേഹത്തിന് കളിക്കാൻ സാധിക്കും. മെൽബൺ സിറ്റിക്കൊപ്പം ഓസ്ട്രേലിയൻ എ ലീഗ് കിരീടനേട്ടം സ്വന്തമാക്കിയ ഇതു വരെ കളിച്ച പൊസിഷനുകളിൽ എല്ലാം കഴിവ് തെളിയിച്ച താരമാണ് ലൂണ. 2021 ജൂലൈ 22-നാണു ലൂണ രണ്ട് വർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. 2021 സെപ്തംബർ 11 ന് ഇന്ത്യൻ നേവിക്കെതിരെ 2021ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ ക്ലബ്ബിനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. മത്സരത്തിനിടെ പെനാൽറ്റിയിലൂടെ ലൂണ ഗോൾ നേടുകയും ഡ്യുറാൻഡ് കപ്പിലെ ക്ലബിന്റെ ആദ്യ ഗോൾ സ്‌കോറർ ആകുകയും ചെയ്തു. നവംബർ 19-ന് ATK മോഹൻ ബഗാൻ എഫ്‌സിക്കെതിരെ സീസൺ ഓപ്പണറിലാണ് അദ്ദേഹം തന്റെ ആദ്യ ലീഗ് കളിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ജോർജ് പെരേര ഡയസ് നേടിയ രണ്ടാമത്തെ ഗോളിന്റെ അസിസ്റ്റ് നൽകിയത് അദ്ദേഹമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിംഗ് ഓഫ് ദ സീസൺ എന്നു തന്നെ വിശേഷിപ്പിക്കാനാവുന്ന ഈ താരത്തിന് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടാനും, ഗോളടിപ്പിക്കാനും കഴിയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. നൂറ്റിമുപ്പത്തിയൊന്നു പാസ്സുകളും പത്തു ടാക്കിളുകളും എഴുപതു ശതമാനം പാസിംഗ് ആക്കുറസിയുമായി മത്സരങ്ങളിൽ ശ്രദ്ദേയമായ പ്രകടനം കാഴ്ച വച്ച ലൂണ തുടർന്നുള്ള മത്സരങ്ങളിലും ഇടം പിടിക്കുമെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയെയും, മധ്യനിരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായിരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

4. ജോർജ് പെരേര ഡയാസ്

ബ്ലാസ്റ്റേഴ്സിന്റെ അർജന്റീനിയൻ മുന്നേറ്റ താരമാണ് ഡയാസ്. ഓരോ മത്സരത്തിലും ഗോളുകൾ തന്നെയാണ് ഈ താരത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. ഫുട്ബോൾ ലോകത്ത് നിരവധി മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള താരം സൗത്ത് അമേരിക്കയിലും, ഏഷ്യയിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. മുന്നേറ്റ നിരയിലെ താരം അൽവാരോയെ പോലെ ഗോളടിക്കാൻ മികവുള്ള താരമാണ് ഡയാസ്.

2021 ഓഗസ്റ്റ് 27-ന്, ലോണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്ന താരം നവംബർ 19ന് 2021-22 ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഓപ്പണറിൽ എടികെ മോഹൻ ബഗാൻ എഫ്‌സിക്കെതിരെ അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിൽ തന്നെ കേരളാ ബ്ലാസ്റ്റേഴ്സിനായി താരം തന്റെ ആദ്യ ഗോൾ നേടി. മൂന്നു മത്സരങ്ങളിൽ നിന്നായി മുപ്പത്തിയെട്ടു പാസ്സുകളും എട്ടു ടാക്കിളുകളും ഒരു ക്ലിയറൻസുമായി മത്സരങ്ങളിൽ ശ്രദ്ദേയമായ പ്രകടനം കാഴ്ച വച്ച താരം തുടർന്നുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.