ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ രണ്ടാം സെമിഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെ സമനിലയിൽ കുരുക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി. എ.ടി.കെ മോഹൻ ബഗാൻ എഫ്സിക്കായി ഡേവിഡ് വില്യംസ് ഗോൾ നേടിയപ്പോൾ ഇദ്രിസ സില്ല നോർത്ത് ഈസ്റ്റ് എഫ്സിക്കായി ഗോൾ നേടി.

ആരംഭം മുതൽ ഇരു ടീമുകളും ആക്രമിച്ചു മുന്നേറി. മത്സരത്തിന്റെ ആദ്യ പകുതിയിലെ മുപ്പത്തിനാലാം മിനിട്ടിലാണ് മോഹൻ ബഗാന് വേണ്ടി റോയ് കൃഷ്ണയുടെ അസിസ്റ്റിൽ ഡേവിഡ് വില്യംസ് ഗോൾ നേടിയത്. റോയ്കൃഷ്ണയുടെ പാസിൽ പന്ത് വരുതിയിലാക്കിയ സ്വീകരിച്ച ഡേവിഡ് വില്യംസ് നോർത്ത് ഈസ്റ്റ് പ്രതിരോധതാരങ്ങളെ മറികടന്ന് അനായാസമായി പന്ത് വലയിലെത്തിച്ചു.

ഗോൾ വഴങ്ങിയതോടെ നോർത്ത് ഈസ്റ്റ് കൂടുതൽ ആക്രമിച്ചു കളിക്കുമ്പോൾ മോഹൻ ബഗാൻ ആക്രമണത്തിലേക്കൊതുങ്ങി. ഗോളിനായി നോർത്ത് ഈസ്റ്റ് ടീം അവസരങ്ങളൊരുക്കിയപ്പോൾ അരിന്ധം ഭട്ടാചാര്യയുടെ മികച്ച സേവുകൾ മോഹൻ ബഗാന് കരുത്തായി. ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കേ നോർത്ത് ഈസ്റ്റ് താരം അശുതോഷ് മെഹ്തയുടെ ഹെഡ്ഡർ ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. ആദ്യ പകുതി മോഹൻ ബഗാന്റെ ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ കൂടുതൽ മികച്ച പ്രകടനമാണ് നോർത്ത് ഈസ്റ്റ് കാഴ്ചവച്ചത്. നിരവധി ഗോളവസരങ്ങൾ നോർത്ത് ഈസ്റ്റ് സൃഷ്ടിച്ചു. ഒടുവിൽ ഇദ്രിസ സില്ല ഇൻജുറി ടൈമിൽ മത്സരമവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ഒരു ഹെഡ്ഡറിലൂടെ നോർത്ത് ഈസ്റ്റിനായി സമനില ഗോൾ നേടി. മഷാഡോയുടെ ക്രോസിൽ ഒരു മികച്ച ഹെഡറിലൂടെ എദ്രിസ സില്ല വലകുലുക്കി. നിമിഷങ്ങൾക്കുള്ളിൽ ഫൈനൽ വിസിൽ മുഴങ്ങി.

നോർത്ത് ഈസ്റ്റ് താരം ഗുർജീന്ദർ കുമാർ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി. ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡ് റോയ് കൃഷ്ണ നേടി. രണ്ടാം പാദ മത്സരത്തിൽ വിജയിക്കുന്ന ടീമാകും ഫൈനലിൽ പ്രവേശിക്കുക. മാർച്ച് ഒൻപതിനാണ് രണ്ടാം പാദമത്സരം.