ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ രണ്ടാം സെമിഫൈനൽ രണ്ടാം പാദമത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ കീഴടക്കി എ.ടി.കെ മോഹൻ ബഗാൻ. ആദ്യ പാദ മത്സരത്തിൽ ഇരുടീമുകളും 2-2 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടു കൂടി ഏഴാം സീസൺ ഫൈനലിൽ മോഹൻ ബഗാൻ സ്ഥാനമുറപ്പിച്ചു.

മത്സരത്തിൽ മോഹൻ ബഗാന് വേണ്ടി ഡേവിഡ് വില്യംസും മൻവീർ സിങ്ങും ഗോൾ നേടിയപ്പോൾ നോർത്ത് ഈസ്റ്റിനായി മലയാളി താരം വി.പി.സുഹൈർ ഗോൾ നേടി. ആദ്യ പാദ മത്സരത്തിലും ഡേവിഡ് വില്യംസ് മോഹൻ ബഗാന് വേണ്ടി സ്കോർ ചെയ്തിരുന്നു.  മത്സരത്തിൽ മോഹൻ ബഗാൻ താരം മൻവീർ സിങ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ചായി തെരെഞ്ഞെടുക്കപ്പെട്ടു. ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡ് റോയ് കൃഷ്ണയ്ക്ക് ലഭിച്ചു.

മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് മോഹൻ ബഗാൻ പുറത്തെടുത്തത്. മൂന്നാം മിനിട്ടിൽ ഹാവി ഹെർണാണ്ടസിലൂടെ മോഹൻ ബഗാന് ഒരു ഗോളവസരം ലഭിച്ചു. എന്നാൽ ഹാവിയുടെ ലോങ്റേഞ്ചർ പോസ്റ്റിൽ തട്ടിത്തെറിച്ചു. പിന്നീട് പതിനഞ്ചാം മിനിട്ടിൽ മോഹൻ ബഗാന്റെ ശുഭാശിഷ് ബോസ് എടുത്ത ഉഗ്രൻ കിക്ക് നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ ശുഭാശിഷ് ചൗധരി തട്ടിയകറ്റി. പതിനാറാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന് മികച്ച ഒരു അവസരം ലഭിച്ചു. നോർത്ത് ഈസ്റ്റ് താരം സില്ല ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും പാസ്സ് സ്വീകരിച്ച് പന്തുമായി മുന്നോട്ടുകയറി ഷോട്ടുതിർത്തെങ്കിലും അത് പോസ്റ്റിന് പുറത്തേക്ക് തെറിച്ചു.വീണ്ടും ഇരുപതിമ്മൂന്നാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന്റെ ലൂയി മഷാഡോയുടെ മികച്ചയൊരു ഷോട്ട് മോഹൻ ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യ അനായാസമായി തട്ടിയകറ്റി.

തുടർച്ചയായ പരിശ്രമങ്ങൾക്കൊടുവിൽ മുപ്പത്തിയെട്ടാം മിനിട്ടിൽ മോഹൻ ബഗാൻ ആദ്യ ഗോൾ നേടി. ഡേവിഡ് വില്യംസാണ് ടീമിനായി മോഹൻ ബഗാനായി ആദ്യ ഗോൾ നേടിയത്. കാൾ മക്ഹ്യുവിൽ നിന്നും പന്ത് വരുതിയിലാക്കിയ റോയ് കൃഷ്ണ അത് ഡേവിഡ് വില്യംസിന് പാസ് ചെയ്തു. പാസ് സ്വീകരിച്ച് ബോക്സിനകത്തേക്ക് മുന്നേറിയ ഡേവിഡ് വില്യംസ് ഗോൾകീപ്പർ ശുഭാശിഷ് ചൗധരിയുടെ തലയ്ക്ക് മുകളിലൂടെ പന്ത് അടിച്ച് വല തുളച്ചു. ഇതോടെ മോഹൻ ബഗാൻ 1-0 ന് മുന്നിലെത്തി. വീണ്ടും മോഹൻ ബഗാൻ കൂടുതൽ കരുത്തരായി ആക്രമിച്ചു കളിച്ചു. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ നാല്പത്തിയഞ്ചാം മിനിറ്റിൽ മിനിട്ടിൽ നോർത്ത് ഈസ്റ്റ് താരം അപൂയിയയ്ക്ക് ലഭിച്ച അവസരം ലക്‌ഷ്യം കണ്ടില്ല. ആദ്യ പകുതി മോഹൻ ബഗാന്റെ ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയുടെ ആരംഭത്തിൽ നാല്പത്തിയാറാം മിനിട്ടിൽ നോർതേയ്സ്റ് യുണൈറ്റഡിന്റെ മലയാളി താരം വി.പി.സുഹൈർ ബോക്സിനുള്ളിൽ നിന്നെടുത്ത കിക്ക് മോഹൻ ബഗാന്റെ പോസ്റ്റിലിടിച്ച് പുറത്തേക്ക് തെറിച്ചു. വീണ്ടും അന്‍പത്തിയാറാം മിനിട്ടിൽ മഷാഡോയുടെ ലോങ്റേഞ്ചർ ഷോട്ട് മോഹൻ ബഗാൻ ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യ തട്ടിയകറ്റി. അറുപത്തിയൊന്നാം മിനിറ്റിൽ റോയ് കൃഷ്ണയ്ക്ക് മറ്റൊരു മികച്ച അവസരം ലഭിച്ചു. ഗോളെന്നുറപ്പിച്ച ഷോട്ട് നോർത്ത് ഈസ്റ്റ് പ്രതിരോധതാരം അശുതോഷ് തട്ടിയകറ്റി. അറുപത്തിയഞ്ചാം മിനിട്ടിൽ ഹാവി ഹെർണാണ്ടസിന് ലഭിച്ച ഓപ്പൺ ചാൻസ് ഷോട്ട് നോർത്ത് ഈസ്റ്റ് ബോക്സിന് പുറത്തേക്ക് തെറിച്ചു പോയി.

അറുപത്തിയേഴാം മിനിട്ടിൽ മൻവീർ സിങ് എ.ടി.കെ മോഹൻ ബഗാനായി രണ്ടാമത്തെ ഗോൾ നേടി. റോയ് കൃഷ്ണ നൽകിയ ലോങ് പാസ് സ്വീകരിച്ച മൻവീർ സിങ് ബോക്സിലേക്ക് മുന്നേറി വലനോക്കി പന്ത് തൊടുത്തു. നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ ചൗധരിയ്ക്ക് അനങ്ങാനുള്ള സാവകാശം പോലും ലഭിക്കും മുൻപ് പന്ത് വല തുളച്ചു.

എഴുപതിമ്മൂന്നാം മിനിട്ടിൽ നോർത്ത് ഈസ്റ്റ് മത്സരത്തിലെ ആദ്യ ഗോൾ നേടി. മലയാളി താരം വി.പി.സുഹൈറാണ് കോർണർ കിക്കിൽ നിന്ന് ഗോൾ നേടിയത്. കോർണർ കിക്ക് സ്വീകരിച്ച ബെഞ്ചമിൻ ലാംപർട്ടിന്റെ ഹെഡ്ഡെർ ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. പന്ത് വരുതിയിലാക്കിയ സുഹൈർ തൽക്ഷണം ഗോൾ നേടി. മത്സരത്തിന്റെ സ്കോർ 2-1 എന്ന നിലയിലായി.

എൺപതാം മിനിട്ടിൽ നോർത്ത് ഈസ്റ്റ് താരം എദ്രിസ സില്ലയെ ശുഭാശിഷ് ബോസ് ബോക്സിനകത്തുവെച്ച് ഫൗൾ ചെയ്തതിനെത്തുടർന്ന്, നോർത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. എന്നാൽ ലൂയി മഷാഡോയുടെ കിക്ക്‌ ബോക്സിന് പുറത്തേക്ക് തെറിച്ചു.

എൺപത്തിയഞ്ചാം മിനിട്ടിൽ നോർത്ത് ഈസ്റ്റ് താരം അശുതോഷ് മെഹ്തയ്ക്ക് സുഹൈറിന്റെ പാസ്സിൽ ബോക്സിനകത്ത് വെച്ച് മികച്ച അവസരം ലഭിച്ചെങ്കിലും ലക്‌ഷ്യം കണ്ടില്ല.

മത്സരം അവസാനിക്കുന്നതിന് സെക്കന്റുകൾക്ക് മുൻപ് ഗ്രൗണ്ടിന് പുറത്തേക്കു തെറിച്ച പന്ത് തിരിച്ചെറിഞ്ഞതിൽ മോഹൻ ബാഗാൻ പരിശീലകൻ  അന്റോണിയോ ഹബാസിന് മഞ്ഞക്കാർഡ് വിധിച്ചു. ഫൈനൽ വിസിൽ മുഴങ്ങി മത്സരം അവസാനിക്കുമ്പോൾ ഒരു ഗോളിന്റെ ലീഡിൽ മത്സരം വിജയിച്ച എ.ടി.കെ മോഹൻ ബഗാൻ ഫൈനലിൽ പ്രവേശിച്ചു.

മാർച്ച് പതിമൂന്നിന് നടക്കുന്ന ഫൈനലിൽ എ.ടി.കെ മോഹൻ ബഗാൻ മുംബൈ സിറ്റി എഫ്.സിയെ നേരിടും. രണ്ടാം പാദ സെമിയിൽ പെനാൽറ്റി ഷൂട്ടൌട്ടിൽ ഗോവയെ പരാജയപ്പെടുത്തിയാണ് മുംബൈ സിറ്റി ഫൈനലിൽ പ്രവേശിച്ചത്. എടികെയുടെ നാലാം ഫൈനലാണിത്‌. കഴിഞ്ഞ മൂന്നു വട്ടവും ഫൈനലിൽ കിരീടവും നേടിയാണ്‌ കൊൽക്കത്തൻ ടീം മടങ്ങിയത്‌.