കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും എടികെ മോഹൻ ബഗാനും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ അറുപത്തിയാറാം മത്സരം സമനിലയിൽ കലാശിച്ചു. ഒരു ഗോളിന്റെ ലീഡിൽ മുന്നിൽനിന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഇഞ്ചുറി ടൈമിലാണ് എടികെ മോഹൻ ബഗാൻ സമനിലയിൽ കുരുക്കിയത്.

അഡ്രിയാൻ ലൂണ കേരളാ ബ്ലാസ്റ്റേഴ്സിനായി രണ്ടു ഗോളുകളും നേടിയപ്പോൾ ഡേവിഡ് വില്യംസും ജോണി കൗകോയും എടികെ മോഹൻ ബഗാനായി ഗോളുകൾ നേടി. മത്സരത്തില്‍ എടികെ മോഹൻ ബഗാൻ താരം പ്രബീര്‍ ദാസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

എടികെ മോഹൻ ബഗാൻ സ്റ്റാർട്ടിങ് XI

അമരീന്ദർ സിംഗ് (ജികെ), പ്രീതം കോട്ടാൽ (സി), ടിരി, സുഭാഷിഷ് ബോസ്, കാൾ മക്ഹഗ്, ലെന്നി റോഡ്രിഗസ്, ജോണി കൗക്കോ, മൻവീർ സിംഗ്, ലിസ്റ്റൺ കൊളാക്കോ, ഡേവിഡ് വില്യംസ്

കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്റ്റാർട്ടിങ്  XI

പ്രഭ്‌സുഖൻ ഗിൽ (ജികെ), ബിജോയ് വി, മാർക്കോ ലെസ്‌കോവിച്ച്, സന്ദീപ് സിംഗ്, ഹർമൻജോത് ഖബ്ര, സഹൽ സമദ്, ജീക്‌സൺ സിംഗ്, ലാൽതതംഗ ഖൗൾറിംഗ്, അഡ്രിയാൻ ലൂണ (സി), അൽവാരോ വാസ്‌ക്വസ്, ജോർജ് ഡയസ്

പ്രധാന നിമിഷങ്ങൾ

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ എട്ടാം മിനിറ്റിൽ എടികെ മോഹൻ ബഗാൻ താരം ഡേവിഡ് വില്യംസ് സമനില ഗോളും നേടി.

രണ്ടാം പകുതിയിൽ മത്സരത്തിന്റെ അറുപത്തിനാലാം മിനിറ്റിൽ ലാൽതതംഗയുടെ അസിസ്റ്റിൽ വീണ്ടും അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. ഒരു ഗോളിന്റെ ലീഡിൽ മത്സരവിജയവും മൂന്നു പോയിന്റും ഉറപ്പിച്ചുനിന്ന ഇഞ്ചുറി ടൈമിൽ ജോണി കൗകോ എടികെ മോഹൻ ബഗാനുവേണ്ടി സമനില ഗോൾ നേടി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഇരു ടീമുകളും രണ്ടു വീതം ഗോളുകൾ നേടി മത്സരം സമനിലയിൽ അവസാനിച്ചു.

ഇരു ടീമുകളും 16 കളികള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 30 പോയിന്റുമായി എടികെ മോഹന്‍ബഗാന്‍ ഒന്നാം സ്ഥാനത്തും 27 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തുമാണ്.

ഫെബ്രുവരി 23ന് ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഫെബ്രുവരി 24ന് ഒഡീഷ എഫ്‌സിക്കെതിരെയാണ് എടികെ മോഹൻ ബഗാന്റെ അടുത്ത മത്സരം.