ശനിയാഴ്ച നടക്കുന്ന ചെന്നൈയിൻ എഫ്‌സിയും എടികെ എഫ്‌സിയും തമ്മിലേറ്റുമുട്ടുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചരങ്ങേറും. രണ്ടു തവണ ചാമ്പ്യന്മാരായിട്ടുള്ള ഇരു ടീമുകളും ഇതാദ്യമായാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഈ സീസണിൽ ഇതിനു മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയ രണ്ടു മത്സരങ്ങളിൽ ചെന്നൈയിൽ വച്ചു നടന്ന മത്സരത്തിൽ കൊൽക്കത്തയും കൊൽക്കത്തയിൽ വച്ച് നടന്ന മത്സരത്തിൽ ചെന്നൈയിനും വിജയം നേടിയിരിന്നു. 

 എടികെ FC 

മറികടക്കാൻ വലിയൊരു കടമ്പതന്നെ ബാക്കിനിന്നിട്ടും ഏറെ ആത്മവിശ്വാസത്തോടെ പടിപടിയായാണ് ബെംഗളൂരുവിനെതിരായ സെമിഫൈനൽ രണ്ടാം പാദം എടികെ മറികടന്നത്. രണ്ടാം പാദത്തിലെ അവസാന ഒരു മണിക്കൂറിൽ മൂന്നു തവണയാണ് എടികെ സ്കോർ ചെയ്തത്. 

വിസ്മയകരമായ ആ മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിയ കൊൽക്കത്ത താരം പ്രബീർ ദാസിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഈ സീസണിൽ രണ്ട് വിംഗ് ബാക്കുകളും മൂന്ന് പേരുടെ പ്രതിരോധനിരയും ഉൾക്കൊള്ളുന്ന  ഹബാസ് സിസ്റ്റത്തിന്റെ അവിഭാജ്യ ഘടകമാണ് പ്രബീർ. ഹീറോ ഐ‌എസ്‌എൽ 2019-20 ൽ  27 അവസരങ്ങളും, അഞ്ചു അസിസ്റ്റുകളും 64 ക്രോസുകളും 26 കാരനായ പ്രബീർ നേടിയിട്ടുണ്ട്.  ഇത് സീസണിലെ ഏതൊരു പ്രധിരോധനിരതാരത്തെക്കാളും മികച്ചതാണ്. വേഗതയും ക്രോസിംഗിലെ കഴിവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട പ്രബീറിന്റെ മുന്നോട്ടുള്ള പ്രയാണം എടി‌കെ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ്. ശനിയാഴ്ച അദ്ദേഹത്തിന്റെ സ്വാധീനം എ‌ടി‌കെയെ സംബന്ധിച്ചിടത്തോളം നിർണായകമാകും. ചെന്നൈയിന്റെ മികച്ച ആക്രമണനിരക്കെതിരെ ജോൺ ജോൺസൺ, സുമിത് രതി, പ്രീതം കോട്ടാൽ എന്നിവർക്കൊപ്പം പ്രബീറിന്റെ പ്രകടനവും ചേരുമ്പോൾ എടികെ ശക്തമായ പ്രകടനം കാഴ്ച വാക്കുമെന്നുറപ്പാണ്. 

മിഡ്‌ഫീൽഡിൽ ഹബാസിന്റെ  മുൻമത്സരത്തിലെ തിരഞ്ഞെടുപ്പ് കൗതുകമുളവാക്കുന്നതായിരുന്നു. അവസാന മത്സരത്തിൽ മിഡ്ഫീൽഡിൽ എഡു ഗാർസിയ, മൈക്കൽ റെജിൻ, ജാവിയർ ഹെർണാണ്ടസ് എന്നിവരെ കളത്തിലിറക്കിയെങ്കിലും ശനിയാഴ്ച ചെന്നൈയിന്റെ ആക്രമണ വീര്യം കണക്കിലെടുക്കുമ്പോൾ അദ്ദേഹം കൂടുതൽ ശ്രദ്ധാലുവാകാനാണ് സാധ്യത. 

ഫൈനലിലേക്കുള്ള എടികെയുടെ നാടകീയമായ പ്രവേശനത്തിനും, ബെംഗളൂരുവിനെതിരായ രണ്ടാം ലെഗ് സെമി ഫൈനൽ സമനിലയിലാകാതെ വിജയം നേടിയതിനും പിന്നിലെ മറ്റൊരു വലിയ കാരണം ഡേവിഡ് വില്യംസിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവായിരുന്നു. സീസൺ തുടക്കം കുറിച്ചതിന് ശേഷം ഓസ്‌ട്രേലിയൻ താരമായ ഡേവിഡ് പരുക്കിനെ തുടർന്ന് മധ്യ സീസണിൽ നിന്ന് പുറത്തായിരുന്നു. മടങ്ങിയെത്തിയതിനുശേഷം, വില്യംസ് തന്റെ ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്താണ് കരുത്തുകാട്ടിയത്. 

ഫോമിലേക്കുള്ള വില്യംസിന്റെ തിരിച്ചുവരവ് അദ്ദേഹത്തിന്റെ പങ്കാളിയും ലീഗിലെ ടോപ്പ് സ്‌കോററുമായ റോയ് കൃഷ്ണയ്ക്കും വലിയ ഉത്തേജനം നൽകും. മത്സരം ജയിക്കുക എന്നതിനൊപ്പം ഫൈനൽ മത്സരത്തിൽ ഗോൾഡർ ബൂട്ട് നേടുക എന്ന വ്യക്തിപരമായ അജണ്ടയും റോയ്കൃഷ്ണക്കുണ്ടാകും. 

ചെന്നൈയിൻ എഫ്.സി. 

ശനിയാഴ്ചത്തെ ഫലം പരിഗണിക്കാതിരുന്നാൽ പോലും, ഹീറോ ഐ‌എസ്‌എൽ 2019-20 സീസണിൽ ഇതിനകം നേടിയ നേട്ടങ്ങളിൽ നിന്ന് ചെന്നൈയിൻ എഫ്‌സിക്ക് വളരെയധികം അഭിമാനിക്കാനുണ്ട്. സീസണിലെ ആദ്യ ആറ് ഗെയിമുകൾക്ക് ശേഷം, ചെന്നൈയിൻ അഞ്ചു പോയിന്റുകൾ മാത്രം നേടി ഒൻപതാം സ്ഥാനത്തായിരുന്നു. 

ഇതിനു ശേഷം ചെന്നൈയിൻ മാനേജ്‌മന്റ് ആദ്യ പരിശീലകനെ മാറ്റി, ഓവൻ കോയിലിനെ ക്ലബിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു .അതിനു ശേഷമാണു ടീമിന്റെ പ്രകടനത്തിൽ വലിയ വഴിത്തിരിവുണ്ടായത്. അദ്ദേഹത്തിന്റെ നിയമനത്തിനുശേഷം, 14 കളികളിൽ നിന്ന് മികച്ച സ്കോർ നേടാൻ ചെന്നൈയിൻ എഫ്‌സിക്കായി. ഒടുവിൽ ടീം സെമിഫൈനലിലും തുടർന്ന് ഫൈനലിലും കടന്നു. 

അത്ഭുതകരമായ വഴിത്തിരിവിൽ നെറിജസ് വാൽസ്കിസ്, റാഫേൽ ക്രിവെല്ലാരോ, ലൂസിയൻ ഗോയാൻ, ആൻഡ്രെ സ്കാംബ്രി തുടങ്ങിയ വിദേശ താരങ്ങളുടെയും  ലാലിയാൻസുവാല ചാങ്‌തെ, അനിരുദ്ധ് ഥാപ്പ, എഡ്വിൻ വാൻസ്പോൾ എന്നീ ഇന്ത്യൻ താരങ്ങളുടെയും സംഭാവനകൾ  വളരെ വലുതാണ്. 

അതിൽ ശ്രദ്ധേയമാണ് ചാങ്‌തെയുടെ പ്രകടനം. ഈ സീസണിൽ ഇതുവരെ ഏഴ് ഗോളുകൾ നേടിയ ചാങ്‌തെ, സുനിൽ ഛേത്രിക്കുശേഷം ഈ നേട്ടം കരസ്ഥമാക്കിയ രണ്ടാമത്തെ താരമായി.കൂടാതെ സെമി ഫൈനലിന്റെ രണ്ട് പാദങ്ങളിലും ഗോൾ നേടുന്ന ആദ്യ ഇന്ത്യക്കാരനും ചാങ്തെയാണ്. 

പ്രതിരോധപരമായി, ചെന്നൈയിൻ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും അവസാനനിമിഷം ഗോൾ വഴങ്ങുന്ന പ്രവണത ടീമിനെ പ്രതിക്കൂലമായി ബാധിക്കാനിടയുണ്ട്  ഈ സീസണിൽ അവസാന 15 മിനിറ്റിൽ അവർ 10 ഗോളുകൾ വഴങ്ങിയിരുന്നു. എന്നാൽ വൈകി ഗോളുകൾ നേടുന്നതിലും ചെന്നൈ പ്രഗത്ഭരാണ്. 

ഗോൾഡൻ ബൂട്ടിനായി ശ്രമിക്കുന്ന കൃഷ്ണയെ തൊട്ടു പിറകിൽ പിന്തുടരുന്ന വാൽസ്കിസും ഫൈനൽ രാത്രിയിൽ മികച്ച പ്രകടനമാകും കാഴ്ചവക്കുക. 

സാധ്യമായ ലൈനപ്പുകൾ: 

എടി‌കെ എഫ്‌സി: അരിന്ദം ഭട്ടാചാർജ (GK), പ്രീതം കോട്ടാൽ, ജോൺ ജോൺസൺ, സുമിത് രതി, പ്രബീർ ദാസ്, മൈക്കൽ സൂസൈരാജ്, ജാവിയർ ഹെർണാണ്ടസ്, ജയേഷ് റാണെ, മൈക്കൽ റെജിൻ, എഡു ഗാർസിയ, ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ 

ചെന്നൈയിൻ എഫ്‌സി: വിശാൽ കൈത്ത്, ജെറി ലാൽ‌റിൻ‌സുവാല, ലൂസിയൻ ഗോയൻ, എലി സാബിയ, ലാൽ‌ഡിലിയാന റെന്ത്‌ലെയ്, അനിരുദ്ധ് ഥാപ്പ, എഡ്വിൻ വാൻ‌സ്പോൾ, ലാലിയാൻ‌സുവാല ചാങ്‌ടെ, റാഫേൽ ക്രിവെല്ലാരോ, ആൻഡ്രെ സ്കെംബ്രി, നെറിജസ് വാൽസ്കിസ് 

നിങ്ങൾക്കറിയുമോ? 

  • ഹീറോ ഐ‌എസ്‌എൽ ചരിത്രത്തിൽ, സെമിയിൽ എഫ്‌സി ഗോവയെ പരാജയപ്പെടുത്തിയ ടീം ഫൈനലിൽ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല.
  • ഈ സീസണിലെ മത്സരങ്ങളിൽ അവസാന 15 മിനിട്ടിൽ 4 ഗോളുകൾ മാത്രമാണ് എടി‌കെ എഫ്‌സി നേടിയത്. (ലീഗിലെ ഏറ്റവും താഴ്ന്നത്)
  • ഈ സീസണിലെ മത്സരങ്ങളിൽ അവസാന 15 മിനിട്ടിൽ ചെന്നൈയിൻ എഫ്‌സി 10 ഗോളുകൾ നേടി. (ലീഗിൽ ഏറ്റവും ഉയർന്നത്)
  • ഇരു ടീമുകളും മത്സരങ്ങളിൽ അവസാന 15 മിനിറ്റിൽ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ട്.
  • ഫൈനലിൽ എ‌ടി‌കെ വിജയിച്ചാൽ, ടീമിനെ രണ്ട് ഹീറോ ഐ‌എസ്‌എൽ ട്രോഫികളിലേക്ക് നയിക്കുന്ന ആദ്യത്തെ ഹെഡ് കോച്ചായിരിക്കും അന്റോണിയോ ലോപ്പസ് ഹബാസ്. 

തത്സമയ പ്രക്ഷേപണ ഷെഡ്യൂൾ: 

  • ഹീറോ ISL 2019-20 ഫൈനൽ: എടികെ FC vs ചെന്നൈയിൻ FC
  • തീയതി: മാർച്ച് 14 (ശനിയാഴ്ച)
  • സമയം: വൈകുന്നേരം 7:30 മുതൽ 

ചാനലുകൾ: 

  • സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് 

സ്ട്രീമിംഗ്: 

  • ഹോട്ട്സ്റ്റാർ
  • ജിയോ ടിവി 

ഫാൻ സ്പീക്ക്: 

മൂന്നാം കിരീടത്തോടെ ശനിയാഴ്ച റെക്കോർഡ് നേടി അവസാനിക്കുന്ന ടീമേതാകും? 

  • എടികെ FC
  • ചെന്നൈയിൻ എഫ്.സി. 

നിങ്ങളുടെ പ്രവചനങ്ങൾ ചുവടെയുള്ള കമന്റ് ബോക്സിൽ ചേർക്കുക.