ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന മലയാളി താരങ്ങളിൽ പ്രധാനിയാണ് ആഷിക് കുരുണിയൻ. കേരളത്തിലെ മലപ്പുറം ജില്ലയിൽ ജനിച്ച ആഷിഖിന്റെ ഫുട്ബോളിലെ അസാമാന്യ മികവ് തന്നെയാണ് കേരള ഫുട്ബോൾ അസ്സോസിയേഷൻ ആരംഭിച്ച വിഷൻ ഇന്ത്യയെന്ന സ്‌കീമിനു കീഴിലുള്ള അക്കാദമിയിലേക്കു പ്രവേശനം നേടികൊടുത്തത്. 2014 ൽ ആഷിക് പൂനെ അക്കാദമിയിൽ ചേർന്നു. 2017 ജൂലൈയിൽ പൂനെ സിറ്റിയുമായി  പ്രൊഫഷണൽ കരാറിൽ ഒപ്പുവച്ച ആഷിക് 2017 ഡിസംബർ 10-ന് ജംഷഡ്പൂരിനെതിരായ മത്സരത്തിലാണ്  തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തിയത്. പൂനെ സിറ്റി 1-0ന് ജയിച്ച മത്സരത്തിൽ എമിലിയാനോ അൽഫാരോയുടെ പകരക്കാരനായാണ് 83ആം മിനിറ്റിൽ  അദ്ദേഹം കളത്തിലിറങ്ങിയത്. ഡിസംബർ 30-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ എട്ടാം മിനിറ്റിലാണ് അദ്ദേഹം തന്റെ ആദ്യ പ്രൊഫഷണൽ ഗോൾ നേടിയത്. 2018–19 ISL സീസണിലും താരം ക്ലബ്ബിൽ തുടരുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

2018-19 സീസണിന് ശേഷം, എഫ്‌സി പൂനെ സിറ്റി പിരിച്ചുട്ടപ്പോൾ ആഷിക് കുരുണിയൻ ബെംഗളൂരു എഫ്‌സിയുമായി നാലു വർഷത്തെ കരാർ ഒപ്പിട്ടു. ബെംഗളൂരു എഫ്‌സിക്കൊപ്പം ശ്രദ്ധേയമായ പ്രകടനം കഴ്ചവച്ചു മുന്നേറിയ ആഷിക് ഇന്ത്യയിലെ മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായി വളർന്നു. ബെംഗളൂരു എഫ്‌സിയുമായുള്ള കരാർ അവസാനിക്കാൻ ഒരു വര്ഷം കൂടി ബാക്കിയുള്ളപ്പോൾ വരും സീസണിന് മുന്നോടിയായി എടികെ മോഹൻ ബഗാൻ എഫ്‌സിയുമായി കരാർ ഒപ്പിട്ടിരിക്കുകയാണ് ആഷിക്. കഴിഞ്ഞ മാസം കൊൽക്കത്തയിൽ വച്ച് നടന്ന എഎഫ്സി കപ്പ് യോഗ്യത മത്സരങ്ങളിലും മികച്ച പ്രകടനമാണ് ആഷിക് കാഴ്ചവച്ചത്.

പുതിയ ടീമിലേക്കുള്ള മാറ്റവും എഎഫ്സി കപ്പ് അനുഭങ്ങളുമെല്ലാം ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ പ്രതിനിധികളുമായി ആഷിക് പങ്കുവച്ചു. അഭിമുഖത്തിന്റെ പ്രധാന ഭാഗങ്ങൾ താഴെ വായിക്കാം.

ഈ സീസണിലെ ദൈർഘ്യമേറിയ ഫുട്ബോൾ സീസൺ ഏഷ്യൻ കപ്പിനുള്ള ഏറ്റവും മികച്ച തയ്യാറെടുപ്പായിരിക്കുമെന്ന് നിങ്ങൾ പറഞ്ഞിരുന്നു. താങ്കളെപ്പോലുള്ള ഒരു ഫുട്ബോൾ താരത്തിന്റെ വികസനത്തിന് മത്സരങ്ങളുടെ എണ്ണം കൂടുന്നതും സീസൺ ദൈർഖ്യം വർധിക്കുന്നതും എത്രത്തോളം ഗുണം ചെയ്യും?

"ഇനിയങ്ങോങ്ങോട്ട് എന്റെ അറിവനുസരിച്ച് നമുക്ക് ഇന്ത്യൻ സൂപ്പർ ലീഗിനൊപ്പം സൂപ്പർ കപ്പ്, ഡ്യൂറൻഡ് കപ്പ് എന്നിവയുണ്ട്. സീസണുകൾക്ക് ദൈർഖ്യമേറുമ്പോൾ ധാരാളം മത്സരങ്ങൾ ലഭിക്കും. മാച്ചുകൾക്കിടയിൽ സമയം ലഭിക്കും. അതുകൊണ്ടു തന്നെ ആവശ്യത്തിന് റിക്കവറി സമയവും ലഭിക്കും. എല്ലാ കളിക്കാരും നല്ല ആരോഗ്യത്തോടെയുണ്ടാകും. എല്ലാ കളിക്കാർക്കും കളിക്കാനുള്ള അവസരം ലഭിക്കും. കൂടുതൽ മത്സര സമയം ലഭിക്കും. ഇത്തരത്തിൽ സീസൺ അവസാനിക്കുമ്പോൾ എഎഫ്സി കപ്പ് മത്സരങ്ങൾ ആരംഭിക്കും. ഇക്കാരണങ്ങൾകൊണ്ട് എല്ലാ കളിക്കാരും മികച്ച ഫോമിലായിരിക്കും. അന്താരാഷ്ട്ര മത്സരങ്ങൾ കളിയ്ക്കാൻ പൂർണമായും സജ്ജരായായിരിക്കും.ഇതുകൊണ്ടെല്ലാം തന്നെ ദൈർഖ്യമേറിയ സീസണുകൾ ഇന്ത്യൻ ഫുട്ബോളിനും ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ വളർച്ചക്കും നല്ലതാണ്."

നിങ്ങൾ ബെംഗളുരു എഫ്‌സിയിൽ വിങ്ങറായും ഡിഫൻഡറായും കളിച്ചു. ATKMB-യിൽ കൂടുതൽ മികച്ച ഒരു റോളിൽ നിങ്ങൾ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? ടീമിലെ നിങ്ങളുടെ പങ്കിനെക്കുറിച്ച് ജുവാൻ ഫെറാൻഡോയുമായി എന്തെങ്കിലും ചർച്ചകൾ നടത്തിയിട്ടുണ്ടോ?

"അതെ, ക്ലബുമായി ഒപ്പിടുമ്പോൾ ഞാൻ കോച്ചുമായി സംസാരിച്ചിരുന്നു, എന്റെ സ്ഥാനത്തെക്കുറിച്ച് ഞങ്ങൾ ചർച്ചകൾ നടത്തി. ഒരു മികച്ച പൊസിഷനിൽ കളിക്കുന്നതിൽ എനിക്ക് തീർച്ചയായും സന്തോഷമുണ്ട്. ടീമിനായി പ്രവർത്തിക്കുകയും ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ടീമിനെ സഹായിക്കുകയും ചെയ്യുന്നിടത്തോളം കാലം പരിശീലകന് എന്നെ ആവശ്യമുള്ളിടത്തെല്ലാം കളിക്കാൻ ഞാൻ തയ്യാറാണ്."

BFC-യിൽ 3 സീസണുകൾ ചെലവഴിച്ചതിന് ശേഷം ATKMB-യിലേക്ക് മാറാനുള്ള പ്രധാന ഘടകം എന്താണ്?

"എനിക്ക് ലഭിച്ച ഏറ്റവും മികച്ച ഓഫർ ആയിരുന്നു എടികെയിലേത്. എനിക്ക് മുന്നിൽ കളിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു. കൊൽക്കത്ത ഒരു ഫുട്ബോൾ താരം തീർച്ചയായും കളിച്ചിരിക്കേണ്ട സ്ഥലമാണെന്ന് ഒരുപാട് കളിക്കാരുടെ അടുത്ത് നിന്ന് ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ട് ഒരവസരം ലഭിച്ചപ്പോൾ സന്തോഷത്തോടെയാണ് ഞാനത് സ്വീകരിച്ചത്. ഒരു ക്ലബ്ബ് എനിക്ക് വേണ്ടി ശ്രമിക്കുന്നത് അവിടെ എന്റെ ആവശ്യം ഉള്ളതുകൊണ്ടാണ്. അതില്ലാത്തയിടത്ത് എന്റെ സാന്നിധ്യത്തിന് പ്രസക്തിയില്ല. എനിക്ക് ബെംഗളൂരു എഫ്‌സിയിൽ ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ടായിരുന്നു. എനിക്ക് എങ്ങോട്ടും പോകാൻ താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഒരു സാഹചര്യത്തിൽ ക്ലബ് എന്നെ വിൽക്കാൻ തീരുമാനിച്ചു. അത്തരമൊരു അവസരത്തിൽ ഏത് ടീം മികച്ച ഓഫർ നൽകി എന്നെ വാങ്ങുന്നുവോ ഞാനാ ക്ലബ്ബിലേക്ക് പോയെ മതിയാകു. ഞാൻ പണത്തിനു വേണ്ടി എടികെ മോഹൻ ബഗാൻ തിരഞ്ഞെടുത്തു എന്ന് പറയുന്നവരുണ്ട്. എന്നാൽ എന്റെ തീരുമാനങ്ങൾക്കവിടെ പ്രസക്തിയില്ല."

വളരെക്കാലമായി ക്ലബ്ബ് എനിക്കായി ൽ ആത്മാർത്ഥമായ താൽപ്പര്യം കാണിക്കുന്നു, എന്റെ കരിയറിൽ ഒരു മാറ്റത്തിനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നി. എ‌ടി‌കെ‌എം‌ബിക്ക് വലിയ ലക്ഷ്യങ്ങളുണ്ട് ഇന്ത്യയിലായാലും ഏഷ്യൻ കോണ്ടിനെന്റൽ തലത്തിലായാലും അവർ എപ്പോഴും ട്രോഫികൾക്കായി പോരാടിക്കൊണ്ടിരിക്കും. മറ്റൊരു നിർണ്ണായക ഘടകം വ്യക്തമായും ക്ലബിനുള്ള ആരാധക പിന്തുണയാണ്, ഒരു കളിക്കാരന് അത്തരം അത്ഭുതകരമായ സ്നേഹവും പിന്തുണയും വളരെ പ്രധാനമാണ്.

ഒരു കളിക്കാരൻ എന്ന നിലയിൽ എടികെ എംബിക്കൊപ്പം ഒന്നിലധികം നിലവാരമുള്ള മത്സരങ്ങളിൽ ഏർപ്പെടുന്നത് എത്രത്തോളം ആവേശകരമാണ്?

"ഞാൻ വളരെ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു. ഓരോ നിമിഷവും ട്രോഫിക്ക് വേണ്ടി പോരാടുന്ന ടീമാണ് എടികെ മോഹൻ ബഗാൻ. അത്തരത്തിലൊരു ടീമിൽ എന്റെ അവസരത്തിനും മത്സര സമയത്തിനും വേണ്ടി ഞാൻ നന്നായി പോരാടി കളിക്കേണ്ടി വരും. അത്തരത്തിലൊരു പോരാട്ടം അഭിമുഖീകരിക്കേണ്ടിവരുന്നത് എല്ലാ കളിക്കാർക്കും നല്ലതാണ്. എന്റെ പൊസിഷന് വേണ്ടി ഞാൻ പോരാടുമ്പോൾ അതെ പൊസിഷനിലുള്ള മറ്റു താരങ്ങൾക്കും പോരാടേടി വരും. അതുകൊണ്ടു തന്നെ ഞാനും അവരും ഒരു കളിക്കാരനെന്ന നിലയിൽ വളരും. അത് ടീമിനും നല്ലതാണ്."

എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിച്ചതിന്റെ അനുഭവം എങ്ങനെയായിരുന്നു?

"അത് വളരെ മനോഹരമായിരുന്നു. സ്വപ്നം പോലെ തോന്നി. നാഷണൽ ടീമിന് വേണ്ടി ജേഴ്സി ധരിക്കുമ്പോൾ പോലും കിട്ടുന്ന ഫീൽ അവർണനീയമാണ്. സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ് നമ്മെ പിന്തുണക്കുന്ന ആരാധകരും ദേശീയ പതാകയും അവരുടെ കരഘോഷങ്ങളും ആർപ്പുവിളികളുമെല്ലാം നമുക്ക് നൽകുന്ന ഊർജ്ജം വലുതാണ്. അന്നത്തെ കളി കണ്ടവർക്കറിയാം, എല്ലാ താരങ്ങളും അവരുടെ പരമാവധി  ശ്രമിച്ചിരുന്നു. കളി ജയിക്കണം എന്ന വാശിയോടെ ജയിക്കും എന്ന ആത്മവിശ്വത്തോടെയാണ് ഞങ്ങൾ ഓരോ മത്സരവും കളിച്ചത്. അതിൽ ആരാധകരുടെ പിന്തുണയും വലുതായിരുന്നു."

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയവും ആരാധകരും, നിങ്ങളുടെ അനുഭവം എങ്ങനെയായിരുന്നു?

"ഞാൻ കൊൽക്കത്തയിൽ കളിച്ചിട്ടുള്ള നിലവിൽ കളിക്കുന്ന താരങ്ങളോട് സംസാരിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ നടന്ന ധാരാളം കളികൾ കണ്ടിട്ടുമുണ്ട്. കൊൽക്കത്തയിലെ അനുഭവം തികച്ചും വേറിട്ടതും ആവേശകരവുമാകുമെന്ന് ഇതിൽ നിന്നൊക്കെ എനിക്കറിയാമായിരുന്നു. നേരിട്ടുള്ള അനുഭവവും വ്യത്യസ്തമായിരുന്നില്ല."

ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെയും അതിൽ ഐഎസ്‌എല്ലിന്റെ പങ്കിനെയും എങ്ങനെ വിശകലനം ചെയ്യുന്നു?

"ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവിനു ശേഷം ഇന്ത്യയിൽ കൂടുതൽ ആളുകൾ ഫുട്ബോൾ കാണാൻ തുടങ്ങി. നിരീക്ഷിക്കാൻ തുടങ്ങി. ഓൺലൈൻ കാഴ്ചക്കാരുടെ എണ്ണം വളരെയധികം വർധിച്ചു.  ഇതിന്റെയൊക്കെ ഫലമായി ഫുട്ബോൾ താരങ്ങൾക്ക് ലഭിക്കുന്ന വേതനം, സൗകര്യങ്ങൾ എന്നിവ മെച്ചപ്പെട്ടു. ഫുട്ബോളിനെ സ്നേഹിക്കുന്ന യുവ താരങ്ങൾക്കും അവരുടെ കുടുംബത്തിനുമെല്ലാം ഫുട്ബോൾ കരിയറായി സ്വീകരിക്കാൻ അത് പ്രചോദനം നൽകി. ഈ മാറ്റങ്ങളെല്ലാം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലും പ്രതിഫലിച്ചു. യുവതാരങ്ങളുടെ സാന്നിധ്യം ടീമിൽ വർധിച്ചു. കഴിഞ്ഞ എഎഫ്‌സി യോഗ്യത മത്സരങ്ങളിലും യുവതാരങ്ങളായിരുന്നു കൂടുതലും. സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്ന താരങ്ങളിൽ ഏഴു പേർ 25 വയസിൽ താഴെയുള്ളവരായിരുന്നു. ഈ മാറ്റങ്ങളെല്ലാം ഇന്ത്യൻ സൂപ്പർ ലീഗിന് അവകാശപ്പെട്ടതാണ്."