ഇനി കളിക്കാൻ കഴിയില്ല എന്ന് ലോകം മുഴുവൻ ലോകം മുഴുവൻ വിധിച്ചിടത്തു നിന്നൊരു ഫീനിക്സ് പക്ഷിയെപ്പോലെയാണ് അദ്ദേഹം ഉയർത്തെഴുന്നേറ്റത്. ഹൃദ്രോഗം മൂലം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന അദ്ദേഹത്തിന്റെ രണ്ടു വർഷങ്ങൾക്കു ശേഷമുള്ള വരവ് ലോകമറിഞ്ഞു. തന്റെ മടങ്ങിവരവ് രാജകീയമായിത്തന്നെ ലോകത്തെയറിച്ച ആ താരം മറ്റാരുമല്ല, എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഡിയിലെ ഹോങ്കോങ്ങിനെതിരായ അവസാന  മല്‍സരത്തില്‍ രണ്ടാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ നേടിയ ഇന്ത്യൻ ദേശീയ ഫുട്ബോൾ താരം അൻവർ അലിയാണ്.

ഫുട്ബോളായിരുന്നു അൻവർ അലിയുടെ ജീവശ്വാസം. പഞ്ചാബിലെ ആദംപൂരിൽ ജനിച്ച അലി വെറും ഏഴു വയസുമുതൽ ഒരു പ്രാദേശിക ക്ലബ്ബിൽ ഫുട്ബോൾ കളിക്കാൻ തുടങ്ങി. സ്‌ട്രൈക്കറായി തുടങ്ങി, പ്രതിരോധ നിരയിലേക്ക് മാറിയ അലി 2015-ൽ മിനർവ പഞ്ചാബിന്റെ യൂത്ത് ചേരുകയും എലൈറ്റ് ലീഗ് ഉൾപ്പെടെ വിവിധ യൂത്ത് ലെവൽ ടൂർണമെന്റുകളിൽ ക്ലബിനായി കളിക്കുക്സയും ചെയ്തു. ക്ലബ്ബിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം അദ്ദേഹത്തിന് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ശ്രദ്ധ നേടിക്കൊടുത്തു.

2019 ഐഎസ്എൽ സീസണിൽ മുംബൈ സിറ്റി നിരയിൽ അംഗമായിരുന്ന അൻവർ അലി പക്ഷെ സീസൺ ആരംഭിക്കും മുന്നേ ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ ടീം വിട്ടു. റിപ്പോർട്ടുകൾ പ്രകാരം ഒരു ഇന്ത്യയിൽ ഒരു കൗമാരതാരത്തിനു ലഭിക്കാവുന്ന പരമാവധി ഉയർന്ന തുക ചെലവഴിച്ചുള്ള സൈനിങ്ങായിരുന്നുവത്. ഈ സമയത്ത് തന്നെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ദേശീയ ടീമിന്റെ പരിശീലന ക്യാംപിലും അൻവർ ഇടംനേടിയിരുന്നു. എന്നാൽ ക്യാമ്പിൽ നിന്നും അൻവർ പിൻവാങ്ങി.

തുടർന്ന് അൻവറിന്റെ ആരോഗ്യത്തിലുള്ള ആശങ്ക മൂലം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആവശ്യപ്പെട്ടു. പക്ഷെ പ്രാണവായുവിനോളം പ്രിയപ്പെട്ട ഫുട്ബോളിനെ ഉപേക്ഷിക്കാൻ അൻവർ തയ്യാറായിരുന്നില്ല.  ആശങ്കയോടെയെങ്കിലും അദ്ദേഹത്തിന്റെ കുടുംബവും ഒപ്പം നിന്നു. തുടർന്ന് നിയമവഴിയിലൂടെ കളിക്കാനുള്ള തന്റെ ആഗ്രഹം ആവശ്യവും അൻവർ സാധിച്ചെടുത്തു.

കരുത്തോടെ കളിക്കളത്തിൽ മടങ്ങിയെത്തിയ അൻവർ 2021ല്‍ ഐ ലീഗിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഡല്‍ഹിയിൽ സെന്റര്‍ ബാക്ക് സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ഇതേത്തുടർന്നാണ് ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ അദ്ദേഹത്തെ വീണ്ടും ദേശീയ ടീമിൽ ഉൾപ്പെടുത്തുന്നത്. ബഹ്‌റൈനെതിരെ രാജ്യാന്തര ഫുട്ബോൾ മത്സരത്തിൽ ആദ്യ ഗോൾ നേടിയ താരം ഒടുവിൽ ഇപ്പോൾ ഹോങ്കോങ്ങിനെതിരെയും ഗോൾ നേടിയിരിക്കുന്നു.

സഹതാരങ്ങൾക്ക് അൻവർ അലിയെക്കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും വാക്കുകൾ തികയാതെ വരാറുണ്ട്.

“കഴിഞ്ഞ വർഷമാണ് പരിശീലനത്തിൽ അൻവർ അലി ഞങ്ങളോടൊപ്പം ചേർന്നത്, പരിശീലന പിച്ചിലേക്ക് ചുവടുവെച്ച നിമിഷം മുതൽ അദ്ദേഹം അദ്ദേഹം ഞങ്ങളുടെ മനസ്സിൽ ഇടം നേടി. ക്ലബിൽ ചേരുന്നതിന് മുമ്പ് അവൻ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും, അവൻ ഏറ്റവും ഇഷ്ടപ്പെടുന്നതിലേക്ക് മടങ്ങിയെത്താൻ എത്രത്തോളം കഠിനമായി പൊരുതിയെന്നതിനെക്കുറിച്ചും ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. ഇന്ത്യൻ ടീമിലേക്ക് അദ്ദേഹത്തിന് അവസരം ലഭിച്ചു എന്നറിഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും അൽമാർത്ഥമായി ആഹ്ലാദിച്ചു. അവന്റെ ഫുട്ബോൾ കരിയറിൽ ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു.” എഫ്‌സി ഗോവയിലെ അദ്ദേഹത്തിന്റെ സഹതാരം സെറിട്ടൺ ഫെർണാണ്ടസ് പറഞ്ഞു.

“ഇപ്പോൾ ലഭിക്കുന്ന എല്ലാ പ്രശംസകൾക്കും അവൻ അങ്ങേയറ്റം അർഹനാണ്. അവൻ ഒരു വ്യത്യസ്ത കളിക്കാരനാണെന്ന് ഞാൻ അവനോടൊപ്പം കളിച്ച ആദ്യ കുറച്ച് മത്സരങ്ങളിൽനിന്നു തന്നെ എനിക്കറിയാമായിരുന്നു. ഞാൻ ഇന്ത്യയിൽ ഇതുവരെ അഞ്ച് സീസണുകൾ കളിച്ചിട്ടുണ്ട്, എന്നാൽ അദ്ദേഹത്തെപ്പോലെ മറ്റൊരാളെ ഞാൻ ഇവിടെ കണ്ടിട്ടില്ല. രാജ്യത്തെ ഉന്നത തലങ്ങളിൽ ഒരാൾക്ക് മികവ് പുലർത്താൻ ആവശ്യമായതെല്ലാം അദ്ദേഹത്തിന്റെ പക്കലുണ്ട് ”അൻവർ അലിയെക്കുറിച്ച് എഡു ബേഡിയ പറഞ്ഞു.

അൻവർ അലി ഒരു തീപ്പൊരിയാണ്,  ഇനിയും ഏറെക്കാലം എരിയാനും ആളിക്കത്താനും അത്ഭുതമായി മാറാനും കെൽപ്പുള്ള തീപ്പൊരി!