ഒക്ടോബർ ഇരുപതിന്‌ ISL ആറാം സീസൺ കൊടിയേറുകയാണ്. ഉദഘാടനമത്സരത്തിൽ കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സി എടികെ എഫ്‌സി കൊൽക്കത്തയെ നേരിടും. ഇത്തവണ മലയാളി താരങ്ങളായ ജോബിയും അനസും എടികെക്കൊപ്പമാണ്. എന്നാൽ ഇതിലെ കൗതുകകരമായ മറ്റൊരു കാര്യം ഇരു താരങ്ങൾക്കും ആദ്യകളിയിൽ പങ്കെടുക്കാനാവില്ല എന്നതാണ്. AIFF ഡിസിപ്ലിനറി കമ്മിറ്റി ജോബിയെ ആറുകളികളിൽ നിന്ന് വിലക്കിയിരുന്നു. ആദ്യ മൂന്നു വിലക്കുകൾ ഐ ലീഗിൽ കഴിഞ്ഞതിനാൽ ഇനി നിലനിൽക്കുന്ന മൂന്നു വിലക്കുകൾ കഴിഞ്ഞതിനു ശേഷമേ ജോബിക്ക് ഈ സീസണിൽ കളിക്കാനാകൂ. ഒക്ടോബർ ഇരുപത്തിന് നടക്കുന്ന കേരളാബ്ലാസ്റ്റേഴ്സിനു എതിരായ ആദ്യ മത്സരവും ഹൈദ്രാബാദ് എഫ്‌സിക്കെതിരായ ഒക്ടോബർ ഇരുപത്തിയഞ്ചിന് നടക്കുന്ന രണ്ടാം മത്സരവും ചെന്നൈ എഫ്‌സിക്കെതിരായി ഒക്ടോബർ മുപ്പതിന് നടക്കുന്ന മൂന്നാമത്തെ മത്സരവുമാകും ജോബിക്ക് നഷ്ടമാവുക. ഹീറോ സൂപ്പർ കപ്പിൽ എടികെക്കുവേണ്ടി ഇന്ത്യൻ ആരോസിനെ നേരിട്ട കളിയിൽ ചുവപ്പുകാർഡ് നേടിയ മലയാളി താരമായ അനസിനും ഇത്തവണ ആദ്യത്തെ മാച്ച് നഷ്ടമാകും.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്‌സും തമ്മില്‍ തന്നെയായിരുന്നു ഉദ്ഘാടന മത്സരം.കഴിഞ്ഞ സീസണിലെ ആദ്യ മാച്ചിൽ വിജയം നേടാൻ ബ്ലാസ്റ്റേഴ്സിനായിരുന്നു. അടിമുടി മാറ്റങ്ങളോടെയാണ് ഇരു ടീമുകളും ഇത്തവണ കളത്തിലിറങ്ങുക. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകവൃന്ദമുള്ള രണ്ടു ടീമുകളാണ് എടികെയും ബ്ലാസ്റ്റേഴ്സും. അത് ഉത്‌ഘാടനമത്സരത്തിന്റെ മാറ്റ് കൂട്ടുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ച മെല്‍ബണ്‍ സിറ്റി എഫ്സിയുടെ സൂപ്പര്‍ താരമായ ഓസ്ട്രേലിയന്‍ മധ്യനിര താരമായ ദാരിയോ വിദോസിച്ചിനെ എടികെ എഫ്‌സി സ്വന്തമാക്കിയിയുന്നു. ദാരിയോ വിദോസിച് കൂടിയെത്തുന്നതോടെ എടികെ കൂടുതല്‍ ശക്തമായ ടീമായി മാറും. പ്രിതം കൊട്ടാലിനും അര്‍ണബ് മൊണ്ടാലിനും ആന്ദ്രേ ബിക്കിയ്ക്കുമൊപ്പം മറ്റു താരങ്ങൾ കൂടി ചേരുന്ന കൊല്‍ക്കത്തയുടെ പ്രതിരോധനിര ഉറച്ചതാണ്. എന്നാൽ ഓഗ്‌ബെച്ചേയും സഹലും രേഹനീഷും റാഫേൽ മെസ്സിയുമെല്ലാമുൾപ്പെടെ മികച്ചതാരങ്ങളാൽ സമ്പന്നമാണ് ഇത്തവണ മഞ്ഞപ്പട. എന്നാൽ മുൻ ക്യാപ്റ്റനും പ്രധിരോധനിരയുടെ നെടുംതൂണുമായ ജിങ്കൻറെ അഭാവം ടീമിനെ ബാധിക്കാനിടയുണ്ട്.

ലീഗ് ഘട്ടത്തില്‍ ആകെ 90 മത്സരങ്ങളാണ് നടക്കുക. ഒക്ടോബര്‍ 20-ന് മത്സരം തുടങ്ങുമെങ്കിലും നവംബര്‍ 10 മുതല്‍ 22 വരെ ഇടവേളയായിരിക്കും. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള ഇടവേളയാണിത്. അടുത്ത വര്‍ഷം ഫെബ്രുവരി 23-ന് ലീഗ്ഘട്ട മത്സരങ്ങള്‍ അവസാനിക്കും. ആഴ്ചയിലെ എല്ലാ ദിവസവും മത്സരങ്ങള്‍ ഉള്ള നിലയിലാണ് ആദ്യഘട്ടഫിക്സ്ചര്‍ ക്രമീകരിച്ചിട്ടുള്ളത്. എല്ലാ മത്സരങ്ങളും വൈകീട്ട് 7.30ന് തന്നെയാണ് നടക്കുക. പത്തു ടീമുകൾ തന്നെയാണ് ഇത്തവണയും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ മാറ്റുരയ്ക്കാന്‍ എത്തുക. എന്നാല്‍ രണ്ട് ക്ലബുകൾ പഴയ ഹോം ഗ്രൗണ്ടും പേരും ഉപേക്ഷിച്ച് പുതിയ പേരിലും ഹോം ഗ്രൗണ്ടിലുമാകും ഇത്തവണ കളിക്കാനിറങ്ങുക. പൂനെ സിറ്റി എഫ്സിയും ഡല്‍ഹി ഡൈനാമോസുമാണ് ഈ ടീമുകള്‍.