ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് വരാനിരിക്കുന്ന സീസണ് മുന്നോടിയായി 6 പുതിയ വിദേശ താരങ്ങളെയാണ് ടീമിലെത്തിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഈ വിദേശ താരങ്ങളുടെ മികവിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ എത്തുമെന്നാണ് ആരാധകരെല്ലാം പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കെ ഇത്തവണയും ഏറെ പ്രതീക്ഷകളോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് തയ്യാറെടുപ്പുകൾ നടത്തുന്നത്. കഴിഞ്ഞ സീസണിലെ മുഴുവൻ വിദേശ താരങ്ങളേയും ഒഴിവാക്കിയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ പുതിയ വിദേശ താരങ്ങളെ സ്വന്തമാക്കിയത്.

ടീമിന്റെ പുതിയ പരിശീലകനായ ഇവാൻ വുക്കോമാനോവിച്ചിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഈ വിദേശ താരങ്ങളുടെ പങ്ക് അതീവ നിർണായകമായി മാറും. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരങ്ങൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

1. എനെസ് സിപോവിച്ച്

കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്സിയുടെ പ്രതിരോധ നിര കാത്ത ബോസ്നിയൻ താരമാണ്  എനെസ് സിപോവിച്ച്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഇന്ത്യൻ സൂപ്പർ ലീഗിലെ പരിചയസമ്പത്തുള്ള ആദ്യ വിദേശ താരം കൂടിയാണ് സിപോവിച്ച്. ഉയരക്കാരനായ സിപോവിച്ച് ഏരിയൽ ബോളുകളിൽ കൂടുതൽ അപകടകാരിയായി മാറും. പിന്നിൽ നിന്ന് ആക്രമണം നയിക്കാനും അദ്ദേഹം വിദഗ്ധനാണ്.

ഇന്ത്യൻ സാഹചര്യവുമായി പൊരുത്തപ്പെട്ട കളിക്കാരനായതിനാൽ ആരാധകർ അദ്ദേഹത്തിൽ അർപ്പിക്കുന്ന വിശ്വാസം വളരെ വലുതാണ്. ലെസ്കോവിച്ച്, സിപോവിച്ച് സഖ്യം പ്രതിരോധ നിരയിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ കഴിഞ്ഞ വർഷത്തെ പിഴവുകൾ തിരുത്തി ബ്ലാസ്റ്റേഴ്സിന് ഏറെ ദൂരം മുന്നോട്ട് പോകാൻ സാധിക്കും.

2. മാർക്കോ ലെസ്കോവിച്ച്

കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിൽ സിപോവിച്ചിന് ഒത്ത പങ്കാളിയാണ് മുൻ ക്രൊയേഷ്യൻ ദേശീയ ടീം താരം കൂടിയായ മാർക്കോ ലെസ്കോവിച്ച്. 31 വയസ്സ് പ്രായമുള്ള ലെസ്കോവിച്ച് യൂറോപ്പിലെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി പന്തു തട്ടിയിട്ടുണ്ട്. 2014-ൽ ക്രൊയേഷ്യൻ ദേശീയ ടീമിനായും താരം കളത്തിലിറങ്ങി.

ഉയരക്കാരനായ ലെസ്കോവിച്ച് ഹെഡർ ഗോളുകൾ നേടുന്നതിലും മിടുക്കനാണ്. എതിർ ടീം മുന്നേറ്റ താരങ്ങൾക്ക് തീർച്ചയായും വെല്ലു വിളി സൃഷ്ടിക്കാൻ ലെസ്കോവിച്ചിന് സാധിക്കും. ഇന്ത്യയിൽ അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെയായിരിക്കും എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്.

3. അഡ്രിയാൻ ലൂണ

ഒരു പത്താം നമ്പർ താരത്തിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നതെല്ലാം നൽകാൻ സാധിക്കുന്ന താരമാണ് ഉറുഗ്വേ വംശജനായ അഡ്രിയാൻ ലൂണ. അറ്റാക്കിംഗ് മിഡ്ഫീൽഡറായും, വിങ്ങറായും അദ്ദേഹത്തിന് കളിക്കാൻ സാധിക്കും. ഇതു വരെ കളിച്ച പൊസിഷനുകളിൽ എല്ലാം കഴിവ് തെളിയിച്ച താരമാണ് ലൂണ. കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടാനും, ഗോളടിപ്പിക്കാനും ഈ താരത്തിന് കഴിയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയെയും, മധ്യനിരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായിരിക്കും ലൂണ. കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിംഗ് ഓഫ് ദ സീസൺ എന്നു തന്നെ നമുക്ക് ഈ താരത്തെ വിശേഷിപ്പിക്കാം. മെൽബൺ സിറ്റിക്കൊപ്പം ഓസ്ട്രേലിയൻ എ ലീഗ് കിരീട നേട്ടം സ്വന്തമാക്കിയാണ്‌ അദ്ദേഹം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഡ്യൂറൻഡ് കപ്പ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി അദ്ദേഹം ഗോളും സ്വന്തമാക്കിയിരുന്നു.

4. ജോർജ് പെരേര ഡയാസ്

ബ്ലാസ്റ്റേഴ്സിന്റെ അർജന്റീനിയൻ മുന്നേറ്റ താരമാണ് ഡയാസ്. ഓരോ മത്സരത്തിലും ഗോളുകൾ തന്നെയാണ് ഈ താരത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. ഫുട്ബോൾ ലോകത്ത് നിരവധി മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള താരം സൗത്ത് അമേരിക്കയിലും, ഏഷ്യയിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. മുന്നേറ്റ നിരയിൽ എവിടെയാണ് ഡയാസിനെ കളിപ്പിക്കുക എന്ന കാര്യത്തിൽ തീരുമാനമെടുക്കുക എന്നത് പരിശീലകന് എളുപ്പമായിരിക്കില്ല.

മുന്നേറ്റ നിരയിലെ മറ്റൊരു താരം അൽവാരോയെ പോലെ ഗോളടി മികവുള്ള താരമാണ് ഡയാസ്. മുന്നേറ്റ നിരയിൽ കളിപ്പിക്കാൻ കഴിയുന്ന മൂന്ന് വിദേശ സ്ട്രൈക്കർമാർ ഇപ്പോൾ തന്നെ ബ്ലാസ്റ്റേഴ്സിലുണ്ട് എന്നത് അവരുടെ ആക്രമണ നിര എത്രത്തോളം ശക്തമാണ് എന്ന് നമുക്ക് കാട്ടിത്തരുന്നു.

5. അൽവാരോ വാസ്ക്വേസ്

യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളായ സ്വാൻസി സിറ്റി, എസ്പാന്യോൾ, സ്പോർട്ടിംഗ് ഗിജോൺ എന്നിവയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയ താരമാണ് അൽവാരോ വാസ്ക്വേസ്. ഇത്തവണ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് വാസ്ക്വേസ്. ലാ ലീഗയിലും, പ്രീമിയർ ലീഗിലും നിരവധി മത്സരങ്ങൾ കളിച്ചിട്ടുള്ള വാസ്ക്വേസിന്റെ അനുഭവസമ്പത്ത് തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സിന് ഗുണകരമായി മാറും. ഗോളടിക്ക് പേരു കേട്ട താരമാണ് വാസ്ക്വേസ്.

മുന്നേറ്റ നിരയിലേക്ക് അദ്ദേഹത്തിന് പന്ത് എത്തിച്ചു നൽകാൻ സഹതാരങ്ങൾക്ക് സാധിച്ചാൽ തീർച്ചയായും ബ്ലാസ്റ്റേഴ്സിനായി ഗോൾ മഴ പെയ്യിക്കാൻ അദ്ദേഹത്തിന് സാധിക്കും. മുന്നേറ്റ നിരയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ വാസ്ക്വേസിന് സാധിച്ചാൽ പ്ലേ ഓഫ് എന്ന ലക്ഷ്യം കേരള ബ്ലാസ്റ്റേഴ്സിന് ഒരിക്കലും അപ്രാപ്യമായിരിക്കില്ല.

6. ചെഞ്ചോ ഗിൽറ്റ്‌ഷെൻ

ഇത്തവണ ഏഷ്യൻ താരമായി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ യുവ മുന്നേറ്റ താരമാണ് ഭൂട്ടാനീസ് റൊണാൾഡോ എന്ന പേരിൽ അറിയപ്പെടുന്ന ചെഞ്ചോ ഗിൽറ്റ്‌ഷെൻ. വെറും 25 വയസ്സ് മാത്രം പ്രായമുള്ള ഈ താരം ഇതിനു മുമ്പ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ബെംഗളൂരു എഫ്സിക്കായി 9 മത്സരങ്ങൾ കളിച്ച ചെഞ്ചോ 2 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോൾ ലീഗുകളിൽ നിരവധി മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള താരം ഐ ലീഗിലും, ഇന്ത്യൻ സൂപ്പർ ലീഗിലുമെല്ലാം ഗോളടിച്ചിട്ടുണ്ട്. ചെഞ്ചോയുടെ പ്രധാന പൊസിഷൻ ലെഫ്റ്റ് വിങ്ങാണെങ്കിലും സെന്റർ ഫോർവേഡ് പൊസിഷനിലും അദ്ദേഹത്തിന് കളിയ്ക്കാൻ സാധിക്കും. അൽവാരോ, ഡയാസ് എന്നീ താരങ്ങൾക്ക് പുറമേ ചെഞ്ചോ കൂടി ചേരുന്നതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിര കൂടുതൽ കരുത്തുറ്റതായി മാറും.