ബംഗളുരു: പ്രവചനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ആതിഥേയരെ അവരുടെ മണ്ണിൽ കശക്കിയെറിഞ്ഞ് ചെന്നൈയിൻ എഫ്.സി 2017-18 ലെ കിരീട ജേതാക്കളായി. ബംഗളുരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച്ച രാത്രി നടന്ന ആവേശോജ്ജ്വലമായ കലാശപ്പോരാട്ടത്തിൽ ആയിരക്കണക്കിന് വരുന്ആന ബംഗളുരു ആരാധകരെ സാക്ഷിയാക്കിയാണ് 3-2 എന്ന ഗോൾ സ്കോറിൽ ചെന്നൈ രണ്ടാമതും കിരീടം ചൂടിയത്. 3-2 എന്ന ഭാഗ്യ സ്കോറിൽ തന്നെയായിരുന്നു 2015ലെ ഗോവയ്ക്കെതിരായ മത്സരത്തിലും ചെന്നൈ കപ്പ് നേടിയത്.

ഉദ്വേഗജനകമായ മത്സരത്തിൽ തുടക്കത്തിലെ തന്നെ ലീഡ് നേടിയത് ബംഗളുരു എഫ് - സിയാണ്. തുടർന്ന് സടകുടഞ്ഞെണീറ്റ ചെന്നൈ തുടരെ തുടരെ 3 ഗോളുകൾ അടിച്ചു കൂട്ടി ബംഗളുരുവിനെ ശിക്ഷിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ബംഗളുരു ഒരു ഗോൾ കൂടി നേടിയതിനാൽ തോൽവിയുടെ ആഘാതം കുറഞ്ഞു. പതിനേഴാം മിനുട്ട്, നാൽപ്പത്തിയഞ്ചാം മിനുട്ട് എന്നിവയിൽ ഗോൾ നേടിയ മാലിസൺ ആൽവ്സ്, അറുപത്തിയേഴാം മിനുട്ടിൽ ഗോൾ നേടിയ റഫേൽ അഗസ്റ്റോ എന്നിവരാണ് ചെന്നൈയുടെ വിജയശിൽപികൾ.

ബംഗളുരുവിന് വേണ്ടി ക്യാപ്റ്റൻ സുനിൽ ഛേത്രി ഒൻപതാം മിനുട്ടിലും, മിക്കു ഇഞ്ചുറി ടൈമിൽ (90+2) എന്നിവരുമാണ് ഗോളുകൾ നേടിയത്. രണ്ട് വർഷത്തിന്റെ ഹ്രസ്വമായ ഇടവേളക്ക് ശേഷമാണ് ചെന്നൈ വീണ്ടും കപ്പിൽ മുത്തമിടുന്നത്. ആവേശജനകമായ മത്സരത്തിൽ കന്നിഗോൾ നേടിയത് ബംഗളുരുവാണ്. ആ ഗോളിന്റെ ചൂടടങ്ങും മുന്നേ ചെന്നൈ പകരം വീട്ടി. തുടർന്ന് വാശിയോടെ കളിച്ച ടീമുകളുടെ പ്രകടനം ഒന്നിനൊന്ന് മികച്ചതായിരുന്നു. രണ്ട് ഗോളുകൾ കൂടി സ്വന്തം പേരിൽ ചേർത്താണ് ചെന്നൈ വിജയം ഉറപ്പിച്ചത്.

കളി തുടങ്ങി ഒൻപതാം മിനുട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി ഒരു ഗോൾ നേടി ബംഗളുരുവിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. മിഡ്ഫീൽഡിൽ നിന്നും മിക്കു നൽകിയ ത്രൂ പാസ് എടുത്ത് ഉദാന്തസിങ് വലത് വശത്ത് കൂടി ബോക്സിലേക്ക് ക്രോസ് നൽകിയപ്പോൾ ഉയർന്ന് വന്ന പന്തിൽ ബോക്സിന് ഇടതു വശം വഴി ഓടിയെത്തിയ സുനിൽ ഛേത്രി വായുവിൽ പറന്ന് തല കൊണ്ട് കുത്തി വലയിലാക്കി.(1-0)

ഈ ഒരു ഗോളോടെ ഉണർന്ന ചെന്നൈ നിരന്തരം ബംഗളുരുവിന്റെ ബോക്സിലേക്ക് കയറി. ഓഫ് സൈഡ് ട്രാപ്പിൽ ആക്കിയാണ് ബംഗളുരു മിക്കപ്പോഴും അവരെ തടഞ്ഞത്. എന്നാൽ ഇതെല്ലാം തരണം ചെയ്ത് പതിനേഴാം മിനുട്ടിൽ ചെന്നൈ ആദ്യ ഗോൾ നേടി. ഒരു കോർണർ കിക്കിൽ നിന്നായിരുന്നു ചെന്നൈയുടെ ഗോൾ. ഗ്രിഗറി നെൽസൺ തൊടുത്ത കോർണർ കിക്കിൽ ബ്രസീലിയൻ താരം മാലിസൺ ആൽവ്സ് ഉയർന്ന് ചാടി ഹെഡ് ചെയ്തു (1-1). ബംഗളുരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ നിഷ്പ്രഭമാക്കിയാണ് ആൽവ്സ് പന്ത് വലയുടെ വലതു മൂലയിലെത്തിച്ചത്.

1-1 എന്ന നിലയോടെ കളി കൂടുതൽ കടുത്തു. ഇരു ഭാഗത്തുംതും ഗോൾ മുഖത്ത് വൻ മുന്നേറ്റങ്ങൾ നടന്നു. 30-ാം മിനുട്ടിൽ ലീഡ് നേടാൻ ബംഗളുരുവിന് ലഭിച്ച മികച്ച അവസരം അവർ കളഞ്ഞു. ഇതു വിങ്ങിലൂടെ പറന്ന് വന്ന ബംഗളുരുവിന്റെ രാഹുൽ ബെക്കെ നൽകിയ ക്രോസ് ചെന്നൈയുടെ ഇനിഗോ കാൽഡറോൺ തടഞ്ഞിട്ടു. തുടർന്ന് പന്ത് കിട്ടിയ ദിമാസ് ഡെൽഗാഡോയുടെ കനത്ത ഒരു ഷോട്ട് കാൽഡറോൺ മികച്ച ഒരു ഹെഡറിലൂടെ രക്ഷപ്പെടുത്തി.

ഒന്നാം പകുതി ഏറ്റവും അവസാന നിമിഷങ്ങളിലാണ് ബംഗളുരു ആരാധകരെ നിശ്ശബ്ദരാക്കിക്കൊണ്ട് മാലിസൺ ആൽവ്സ് ചെന്നൈയെ മുന്നിലെത്തിച്ചു. ഗ്രിഗറി നെൽസൺ ഇടത് വശത്ത് നിന്ന് എടുത്ത കോർണറിൽ ഉയർന്ന് ചാടി തല വെച്ചാണ് രണ്ടാം തവണയും മാലിസൺ വലയിലേക്ക് പന്തെച്ചിത് (1-2).

രണ്ടാം പകുതിയിൽ ആദ്യ അവസരം ചെന്നൈക്കായിരുന്നു. ചെന്നൈ പ്രതിരോധത്തെ തന്ത്രപൂർവ്വം നേരിട്ട് ഒറ്റക്ക് മുന്നേറിയ ഗ്രിഗറി നെൽസണിന്റെ ഒരു ഷോട്ട് ബംഗളുരു ഗോളി ഗുർപ്രീത് ഒരു തരത്തിൽ രക്ഷപ്പെടുത്തി. അടുത്ത നിമിഷം ഉദാന്ത ചെന്നൈയുടെ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡിന് മുന്നിൽ കീഴടങ്ങി. അറുപത്തിയേഴാം മിനുട്ടിൽ റഫേൽ അഗസ്റ്റോയുടെ ഗോൾ നേട്ടത്തിലൂടെ ചെന്നൈ വിജയം ഉറപ്പിച്ചു. ഗ്രിഗറി നെൽസൻ നൽകിയ പാസ് ഒരു ബാക്ക് പാസിലൂടെ ജെജെ റഫേലിൽ എത്തിച്ചു. പ്രതിരോധത്തിനിടയിലൂടെ മിന്നൽ പോലെ വന്ന റഫേലിന്റെ ഷോട്ട് ഗുർപ്രീതിന് കാണാനായില്ല (1-3).

ഇതോടെ സമ്മർദ്ദത്തിലായ ബംഗളുരുവിന് പിന്നീട് തൊട്ടതെല്ലാം പിഴച്ചു. തുറന്ന് കിടന്ന ഒരു അവസരം ക്യാപ്റ്റൻ സുനിൽ ഛേത്രി തന്നെ നഷ്ടപ്പെടുത്തുന്നതു പോലും ആരാധകർക്ക് കാണേണ്ടി വന്നു. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രമവശേഷിക്കെ മിക്കുവിന്റെ ഒരു ഗോളിലൂടെ ബംഗളുരു പരാജയഭാരം നേരിയതോതിൽ കുറച്ചു. രാഹുൽ ബെക്കെയുടെ പാസ് സ്വീകരിച്ച ഉദാന്ത നൽകിയ ക്രോസ് കൃത്യമായി മിക്കുവിന്റെ തലയിലേക്കായിരുന്നു (2-3). ഒരു ഗോൾ കൂടെ നേടി കളിയിലേക്ക് ഒരു തിരിച്ചുവരവിന് അതിക്രമിച്ച സമയം ബംഗളുരുവിനെ അനുവദിച്ചില്ല. സ്വന്തം മണ്ണിൽ ഫൈനൽ കളിച്ച ഒരു ടീമും ഇതുവരെ ഐ.എസ്‌.എൽ കിരീടം നേടിയിട്ടില്ല എന്ന ചരിത്രം ബംഗളുരുവിലൂടെ ആവർത്തിച്ചു.

ഇവിടെ മാച്ച് ഹൈലൈറ്റുകൾ കാണുക: