കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിനെ ഇളക്കിമറിച്ച് മുന്നേറിയ താരങ്ങളിൽ ഒരാളായിരുന്നു അഡ്രിയാൻ ലൂണ. ഫൈനലിൽ അവസാന നിമിഷം ഹൈദരാബാദ് എഫ്‌സിക്ക് മുൻപിൽ കിരീടം കൈവിട്ടു പോയെങ്കിലും അവിടെയെത്താൻ ടീമിനെ സഹായിച്ച താരങ്ങളിൽ പ്രധാനിയായിരുന്നു അഡ്രിയാൻ ലൂണ. ഹൈദരാബാദ് എഫ്സിക്കെതിരേ ലീഡ് നേടിയ ശേഷം 1 - 1ന് സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ 1 - 3 ന് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കായി 25 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ അഡ്രിയാന്‍ ലൂണ, ഏഴ് ഗോള്‍ നേടുകയും ഏഴ് ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തു. ഈ സീസണിൽ പക്ഷെ തന്റെ ടീമിനും ആരാധകർക്കുമായി കൈവിട്ടതെല്ലാം തിരിച്ചെടുക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഈ മുപ്പതുകാരൻ.

"ക്ലബ്ബില്‍ ആരാധര്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷയ്ക്കും ക്ലബ് ഞങ്ങളില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷയ്ക്കും മികച്ച പ്രതിഫലം നല്‍കിയേ പറ്റൂ. ആ ലക്ഷ്യ പ്രാപ്തിക്കായുള്ള യാത്രയിലാണ് ടീം ഒന്നടങ്കം" ഓൺലൈൻ മലയാളം മാധ്യമമായ സമയത്തിനു നൽകിയ അഭിമുഖത്തിൽ ലൂണ മനസുതുറന്നു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയെ നിയന്ത്രിച്ച സഹൽ ലൂണ സഖ്യം വിജയകരമായ മുന്നേറ്റങ്ങൾ സ്വന്തമാക്കി. ആറ് ഗോള്‍ വീതം സ്വന്തമാക്കിയിരുന്നു സഹൽ ലൂണ സഖ്യം. ഇതിനെക്കുറിച്ചും ലൂണ സംസാരിച്ചു. "കഴിഞ്ഞ സീസണില്‍ സഹല്‍ അബ്ദുള്‍ സമദിന് ഒപ്പം മധ്യനിരയില്‍ സഖ്യമുണ്ടാക്കാന്‍ സാധിച്ചത് മികച്ച അനുഭവമായിരുന്നു. പരിശീലകന്‍ നിര്‍ദേശിച്ച സഖ്യങ്ങള്‍ കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചതായിരുന്നു കഴിഞ്ഞ സീസണിലെ വിജയം. സഹല്‍ അബ്ദുള്‍ സമദിന് ഒപ്പം മികച്ച കോമ്പിനേഷന്‍ ആയിരുന്നു."

 ബ്ലാസ്റ്റേഴ്സ് ഈ സീസണിലെക്കായി നടത്തിയ പുതിയ സൈനിംഗുകളിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ഉക്രൈൻ തരാം ഇവാന്റെ സൈനിങ്‌. വരും സീസണിലെ ഇവാന്‍ കലിയൂഷ്‌നിയുടെ സാന്നിധ്യത്തെക്കുറിച്ചും  മറ്റ് വിദേശ സൈനിംഗുകളെക്കുറിച്ചും അദ്ദേഹം പ്രതീക്ഷകൾ പങ്കുവച്ചു. "ഇവാന്‍ കലിയൂഷ്‌നി ടീമില്‍ എത്തിയത് മധ്യനിരയുടെ ശക്തി വര്‍ധിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. മധ്യനിരയിലും മുന്നേറ്റ നിരയിലും മികച്ച വിദേശ കളിക്കാര്‍ ഉള്ളത് ടീമിന്റെ ശക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുന്നേറ്റ നിരയില്‍ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസ്, ഓസ്‌ട്രേലിയന്‍ - ഗ്രീക്ക് താരമായ അപ്പൊസ്‌തൊലസ് ജിയാനു എന്നിവരുടെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി യുടെ മത്സര ഫലത്തെ സ്വാധീനിക്കും എന്നതില്‍ തര്‍ക്കമില്ല. പുതിയ സീസണില്‍ മികച്ച റിസള്‍ട്ട് ഉണ്ടാക്കാന്‍ കെല്‍പ്പുള്ളവരാണ് ഇവര്‍. രാജ്യാന്തര വേദികളിലും ഇവര്‍ക്ക് മികച്ച പരിചയ സമ്പത്ത് ഉണ്ട്. കഴിഞ്ഞ സീസണിനേക്കാള്‍ മികച്ച ടീമാണ് 2022 - 2023 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് ഉള്ളത്. ബാക്കി എല്ലാം കാത്തിരുന്ന് കാണാം - അഡ്രിയാന്‍ ലൂണ പറഞ്ഞു."

ഏറെ കാലത്തിനുശേഷം കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കാണികള്‍ക്ക് മുന്നിലേക്ക് എത്തുന്ന സീസണ്‍ ആണ് ഹീറോ ഐഎസ്എല്‍ 2022 - 2023. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടും. " ആദ്യമത്സരത്തിൽ ജയത്തില്‍ കുറഞ്ഞതൊന്നും മനസില്‍ ഇല്ല. ജയത്തോടെ സീസണ്‍ ആരംഭിക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യം. ഈസ്റ്റ് ബംഗാള്‍ മികച്ച ടീമാണ്" ലൂണ പറഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമനായ മഞ്ഞപ്പടയെക്കുറിച്ചും അവരുടെ പിന്തുണയെക്കുറിച്ചും ലൂണ വാചാലനായി. "കഴിഞ്ഞ സീസണില്‍ ഫൈനല്‍ ഒഴികെ ഉള്ള മത്സരങ്ങളില്‍ കാണികള്‍ ഇല്ലാതെയാണ് കളിച്ചത്. ഫുട്‌ബോളിന്റെ ജീവന്‍ ആരാധകരാണ്. അവരില്ലാതെ കളി ഒരിക്കലും പൂര്‍ണമാകില്ല. നിറഞ്ഞ ഗാലറിയില്‍ നിന്നുവരുന്ന ശബ്ദം കളിക്കാരുടെ സിരകളില്‍ തീ പടര്‍ത്തും. മത്സരത്തിനിടയിലെ പിന്തുണയാണ് ഏറ്റവും ആവശ്യം. അക്കാര്യത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്." അഡ്രിയാന്‍ ലൂണ പറഞ്ഞുനിർത്തി.