കേരളബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഹോം മാച്ച് നാളെ കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അരങ്ങേറുകയാണ്. എഫ്‌സി പൂനെ സിറ്റിയെ ആണ് ബ്ലാസ്റ്റേഴ്‌സ് നാളെ എതിരിടുക. മാച്ചിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പങ്കെടുത്തു. 

വളരെ മോശമായ റിസൾട്ടുകളുടെ നീണ്ടനിരക്കു ശേഷം വിജയം നേടുവാനുള്ള സമ്മർദ്ദം ഉണ്ടോയെന്ന ചോദ്യത്തിന്, എല്ലാ കളികളും മൂന്നു പോയിന്റ് നേടാനായി തങ്ങളുടേതായ രീതിയിൽ എപ്പോഴും ശ്രമിക്കാറുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു.

"സമ്മർദ്ദം സബ്ജെക്റ്റീവ് ആണ്. എല്ലാ കളികളും ഞങ്ങൾക്ക് ജയിക്കേണ്ടതായുണ്ട്. അത് പൂനെ ആയാലും ബെംഗളൂരു ആയാലും."

"ആത്മവിശ്വാസം ആണ് പ്രെശ്നം എന്ന് ഞാൻ കരുതുന്നില്ല. ഒരു കാര്യം അറിയാം, ജംഷഡ്പൂരിനെപ്പോലുള്ള ഒരു മികച്ച ടീമുമായി നല്ല രീതിയിൽ കളിച്ചതുപോലെ കളിച്ചു വിജയം നേടാനാകാത്തപ്പോൾ  അതൊരു കഠിനമായ കളിയാണെന്നോ അല്ലെന്നോ നിങ്ങൾ പറയാൻ പാടില്ല." ജെയിംസ് പറഞ്ഞു.

പൂനെ വളരെ പരുഷമായി ബോൾ വരുതിയിലാക്കുന്നതിനെ ജെയിംസ് വിമർശിച്ചു. ഇത്ര പരുഷമായി കളിച്ചിട്ടും അധികം വിലക്കുകൾ അവർക്കു അഭിമുഘീകരിക്കേണ്ടി വരുന്നില്ല എന്നതിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.

"അവർക്കു വളരെക്കുറച്ചു സസ്പെന്ഷന്സ് നേരിടേണ്ടി വന്നിട്ടുണ്ട്. ഇയാൻ ഹ്യൂം വന്നിട്ടേ ഒള്ളു. എന്തുകൊണ്ട് അവർക്കു അധികം സസ്പെന്ഷന്സ് കിട്ടുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. അവരുടെ ചില രീതികൾ തീർത്തും അപലപനീയമാണ്. "

ഈ ആഴ്ചയിൽത്തന്നെ ജംഷഡ്പൂർ എഫ്‌സിയുമായി കൊച്ചിയിൽ വച്ചു നടന്ന മത്സരത്തിൽ കാണികളുടെ എണ്ണം വളരെ കുറവായിരുന്നു. ഏകദേശം എണ്ണായിരത്തിഒരുന്നൂറു പേരാണ് കളി കാണാൻ എത്തിയത്. അതിനെപ്പറ്റി വ്യാകുലപ്പെടാത്ത ജെയിംസ് ഫാൻസിനു വേണ്ടതുചെയ്യാൻ അവർക്കു ഇഷ്ടമുണ്ടെന്നു പറഞ്ഞു. 

"ഫാൻസിനു വേണ്ടത് അവർ ചെയ്യും. പിന്തുണക്കുന്നവർ വരും. സപ്പോർട്ട് ചെയ്യും. അന്ന് നടന്ന കളി മികച്ചതായിരുന്നു. അത് ഫാൻസ്‌ ഇല്ലാതിരുന്നതുകൊണ്ടോ ഉള്ളതുകൊണ്ടു അല്ല. ഫാൻസിനു വേണ്ടത് ചെയ്യാനുള്ള അവകാശം അവർക്കുണ്ട്. എനിക്കതിനുമേൽ ഒരു നിയന്ത്രണവും ഇല്ല." അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തു നിന്നിരുന്ന ജംഷഡ്പൂരിനോട് സമനില വഴങ്ങിയിരുന്നു. നിലവിൽ ഒൻപതാം സ്ഥാനത്തു നിൽക്കുന്ന പുനെയോടാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുക. എടികെക്കെതിരായ ഒരേയൊരു വിജയത്തിനപ്പുറം മറ്റൊരു വിജയം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന് ആയിട്ടില്ല.

ഇതിനു മുൻപ് പൂനെക്കെതിരായി നടന്ന മത്സരം സമനിലയിൽ കലാശിച്ചിരുന്നു.