കേരളം ബ്ലാസ്റ്റേഴ്‌സ് വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പുണെ സിറ്റി എഫ്‌സിയോട് ഒരു ഗോളിന് തോൽവി വഴങ്ങിയിരുന്നു.

തന്റെ കളിക്കാർക്ക് ഒത്തൊരുമിച്ചു ആക്രമിച്ചു കളിയ്ക്കാൻ സാധിച്ചില്ല എന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജയിംസിന്റെ കുറ്റസമ്മതം.

"സ്കോറിങ് തീർച്ചയായും ഒരു പ്രശ്നമാണ്. ആദ്യപകുതിയിൽ തളർന്ന കാലുകളെ കണ്ടു ഞാൻ അമ്പരന്നു. ജംഷഡ്പൂരിനെതിരായി കളിച്ചപ്പോൾ കണ്ടതുപോലുള്ള ഊർജ്ജം എനിക്കപ്പോൾ കാണാൻ സാധിച്ചില്ല. രണ്ടാം പകുതി കൂടുതൽ ഭേദപ്പെട്ടതായിരുന്നു. രണ്ടാം പകുതിയിൽ കളി നിയന്ത്രണത്തിൽ ആക്കുന്നതിനു പുണെക്ക് നന്നായി സാധിച്ചു. ആദ്യപകുതി ഒത്തോരുമിച്ചു കളിക്കുന്നതിൽ ടീം പരാജയപ്പെട്ടു. പതിനൊന്നു പേരും ഒരു ടീം ആയി കളിക്കുന്നതായി തോന്നിയില്ല. പുണെ സംഘടിച്ചാണ് കളിച്ചത്." ജെയിംസ് പറഞ്ഞു.

ഈ മത്സരത്തോടു കൂടി പതിനൊന്നു മത്സരത്തിൽ നിന്നായി ഏഴു പോയിന്റോടു കൂടെ കേരളാബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ് നിലവിൽ. ഈ സാഹചര്യത്തിലും അവസാന നാലിൽ കടക്കാൻ പറ്റുമെന്ന ശുഭ പ്രതീക്ഷയിലാണ് ജെയിംസ്. ഇന്നും കൊച്ചിയിൽ കളി കാണാൻ എത്തിയവരുടെ എണ്ണം താരതമ്യേന വളരെ കുറവായിരുന്നു. വെറും 8659 പേര് മാത്രമാണ് ഇന്ന് കളി കാണാൻ എത്തിയത്. അതിനോടുള്ള ഉത്കണ്ഠയും കോച്ച് മറച്ചുവച്ചില്ല.

അതെ, ഞങ്ങൾക്ക് കഴിഞ്ഞ പത്തു കളികൾ ഞങ്ങൾക്ക് ജയിക്കാനായില്ല. ഇനി എല്ലാ കളികളും ഞങ്ങൾക്ക് ജയിക്കേണ്ടതായുണ്ട്. എന്നാലേ പ്ലേയ് ഓഫിൽ പ്രവേശിക്കാൻ ഞങ്ങൾക്ക് സാധിക്കുകയുള്ളു. കഴിഞ്ഞ സീസണിലും ഞങ്ങൾ ഇത്തരമൊരു അവസ്ഥ അഭിമുഘീകരിച്ചിരുന്നു. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. റിക്രൂട്മെന്റ് ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. ആയിരിക്കുകയുമില്ല. എങ്ങനെ കളിക്കാരെ വിനയോഗിക്കുന്നു എന്നതാണ് കാര്യം." അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തു നിന്നിരുന്ന ജംഷഡ്പൂരിനോട് സമനില വഴങ്ങിയിരുന്നു. നിലവിൽ ഒൻപതാം സ്ഥാനത്തു നിൽക്കുന്ന പുനെയോടാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. എടികെക്കെതിരായ ഒരേയൊരു വിജയത്തിനപ്പുറം മറ്റൊരു വിജയം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന് ആയിട്ടില്ല. വളരെ എളുപ്പത്തിൽ നേടാവുന്ന വിജയങ്ങൾ അവസാന നിമിഷം കൈവിട്ടുപോകുന്ന ദൗർഭാഗ്യം ബ്ലാസ്‌റ്റേഴ്‌സിനെ വിട്ടൊഴിഞ്ഞിട്ടില്ല.