സഹലിനെ തേടി.. പെരേരയുടെ ഫുട്ബാൾ യാത്ര രണ്ടാം ഭാഗം..

മോങ്ങത്തുന്ന് ബസ്സു പിടിച്ച മ്മടെ പെരേര സായിപ്പ് പോയത് നേരെ കണ്ണൂർക്കാണ്. അല്ല.. ആടെയാണല്ലോ മ്മടെ സഹലിന്റെ നാട്.. ചെക്കൻ കഴിഞ്ഞീസം ബെംഗളൂരിനെതിരെ കാണിച്ച ഒരിതുണ്ടല്ലോ..; ആ ഇത് മൂപ്പർക്ക് നല്ലോണം ബോധിച്ചേക്കണ്.. അപ്പൊ പിന്നെ ഓന്റെ നാട് കണ്ടിട്ടുമതി ബാക്കിയെല്ലാം എന്ന് പെരേര തീരുമാനിച്ച്. അല്ല.. ഇനീപ്പോ വേണോച്ചാ നാട്ടിച്ചെന്നു ആ തന്ത്രോക്കെ ഒന്ന് പയറ്റാല്ലോ. അങ്ങനെ മൂപ്പര് കണ്ണൂര് ചെന്ന് ബസ്സുമ്മേനിറങ്ങി. രാത്രി ആയേനേക്കൊണ്ട് മൂപ്പര് ടാക്സി പിടിച്ചു പയ്യന്നൂര് പൂവാൻ തീരുമാനിച്ച്. കവ്വായിക്കാരനൊരു ചെക്കൻ ഹുസൈൻ ആയീന് വണ്ടിയോട്ടാൻ വന്നത്. ഓനും കൊറച്ചു ഫുട്ബോൾ പിരാന്തോക്കെ ഉള്ള കൂട്ടത്തിലാ. ചെക്കൻ പറഞ്ഞു കേട്ടേനെകൊണ്ട് മൂപ്പര് പയ്യന്നൂര് എത്തീട്ട് നേരെ പോയത് ഗ്രേറ്റ് കവ്വായി ഫുട്ബോൾ ക്ലബ്ബിലേക്കാണ്. ആടെയാണല്ലോ മ്മടെ സഹലും കാരണോന്മാരും പന്തുതട്ടി തകർത്തത്. ആടെ ചെന്നപ്പോ മൂപ്പർക്ക് വേണ്ട വിവരൊക്കെ ആടെയൊള്ളോര് പറഞ്ഞോടുത്തു.

മ്മടെ സഹല് പെറന്നതും വളർന്നതോക്കെ അബുധാബിലാർന്നത്രെ.. വാപ്പ അബ്ദുൽ സമദ്.. ഉമ്മ സുഹറ അബ്ദുൽ സമദ്.. ഹാഫിസ്, ഫാസില്, സുഹാസ്, സൽമാൻ എന്നിങ്ങനെ  നാലു സഹോദരന്മാരാണ് ഓന്.. ഓന്റെ ഇക്കമാർക്കും ഫുട്ബോൾ പിരാന്ത് ജോറായിട്ടിണ്ടെന്നു. രണ്ടാമത്തെ ഇക്ക ഫാസില് അക്കാര്യത്തില് കൊറച്ചു മുന്പോട്ടാ.. ഓരേ കണ്ടല്ലേ ചെക്കൻ പഠിക്ക്യാ. അങ്ങനെ ചെക്കൻ മൊട്ടേന്നു വിരിയെന്ന്‌ മുന്നേ കളികാണാനും പന്ത് തട്ടാനും പോയി തൊടങ്ങി. ദൂരത്തില് കളിയ്ക്കാൻ പോകുമ്പോൾ മ്മടെ കുഞ്ഞു സഹലിനെ ഓരു കൂടെക്കൂട്ടീല്ല. അങ്ങനെ അവസാനം ഓര്ടെ കൂടെക്കൂടാൻ വേണ്ടി മൂപ്പര് ആ ക്ലബ്ബിലെ കളിക്കാരനായി.. അപ്പഴും ഓൻ ചെറിയ ചെക്കനാട്ടോ.

അപ്പഴും ഇടയ്ക്കു സഹല് നാട്ടിലേക്കു വരും.. കളിക്കാനായിട്ട്..

മൂന്നാം ക്ലാസില് പഠിക്കുമ്പോ ആണ് മ്മടെ സഹല് ആദ്യയൊരു ടീമില് കേറീത്. പിന്നെ അൽ ഇത്തിഹാദ് സ്പോർട്സ് അക്കാഡമി തൊടങ്ങീപ്പോ ഓൻ അതില് കയറിപ്പറ്റി.  ഇഷാമെന്നു പേരൊള്ള ഓരു കോച്ച് ആണത്രേ ഓനാ ബുദ്ധി പറഞ്ഞോടുത്തത്. ആടെ ഉണ്ടായീന കോച്ച് ഒരു അർമേനിയൻ കോച്ച് ആയിരുന്നെ.. മിക്കായേല് സഖറിയാ.. മൂപ്പര് ചെറിയൊരു പുലിയാർന്നു...

ആദ്യം വെറും പരിശീലനം മാത്രമായിരുന്നു. പിന്നെ ടൂര്ണമെന്റൊക്കെ തൊടങ്ങി. അങ്ങനെ സഹല് ഇത്തിഹാദായിട്ടു നല്ലോണം അടുത്ത്. ഇത്തിഹാദില് ക്യാമ്പിന് പോകും നേരത്തന്നെ ദുബായിലെ ഓന്റെ ഇക്ക ഉണ്ടായീന്നാ ടീമില് കളിക്കും.. അങ്ങനെ കളിച്ചു കളിച്ചു ചെക്കൻ പ്ലസ് ടു കയിഞ്ഞു. അപ്പഴാണ് ശെരിക്കും പ്രശ്നം... പഠിപ്പു വേണോ.. ഫുട്ബോള് വേണോ.. സഹലിന്റെ രണ്ടാമത്തെ ഏട്ടൻ വല്യ ഫുട്ബോള് കളിക്കാരൻ ആർന്ന് എന്ന് പറഞ്ഞല്ലോ.. അബുദാബീല് പഠിച്ചെനെക്കൊണ്ട് വല്യ സ്റ്റാറൊന്നും ആകാൻ മൂപ്പർക്ക് പറ്റിയില്ല. ഇക്ക ഓന് ബുദ്ധി ഉപദേശിച്ചു കൊടുത്തു.

 "ഇയ്യ്‌ നാട്ടി പൊക്കോ.. ആടെ അനക്ക് കളിക്കേം ചെയ്യാം.. പഠിക്കേം ചെയ്യാം.."

ഇക്കാന്റെ ബുദ്ധിക്കു സ്തുതി പറഞ്ഞു ചെക്കൻ കവ്വായീല് ലാൻഡ് ചെയ്ത്.

നാട്ടില് വന്നപ്പോ കൊറച്ച് താമസിച്ചു.

 കൊതിച്ച എസ്എൻ  കോളേജില് സഹലിനു അഡ്മിഷൻ കിട്ടീല്ല. അങ്ങനെ ഓൻ വേറൊരു കോളേജിൽ ചേർന്ന്. ആടെ വെറും പഠിപ്പു മാത്രം. ഇടയ്ക്കു അടുത്തുള്ള കോളേജായിട്ടു വല്ല കളീം വന്നാലായി. അങ്ങനെ ഇരിക്കും നേരത്താണ് എസ്എൻ കോളേജുമായിട്ടുള്ളൊരു കളീല് സഹല് തകർക്കണത്. ആ കളീലാണ് മ്മടെ സിദ്ധിഖ് കല്യാശേരി സാറ് സഹലിനെ കാണണത്.  സാറ് മ്മടെ മുത്തിനെ സർവകലാശാല ടീമിലൊട്ടു എടുത്തു. പോരാത്തേന് സഹലിനോട് അടുത്തകൊല്ലം എസ്എൻ  കോളേജിലേക്ക് രണ്ടാം വർഷത്തേക്ക് മാറാൻ പറഞ്ഞോടുത്തു.

ആദ്യകൊല്ലം കയിഞ്ഞു രണ്ടാം കൊല്ലം എസ്എൻ  കോളേജിൽ നോക്കിയപ്പോ ആടെ പിന്നേം സീറ്റ് തീർന്നു. അപ്പൊ പിന്നെ ഒരു കൊല്ലം പോയാലും വേണ്ടില്ല, എനിക്ക് എസ്എൻ  കോളജ് വേണോന്നു തീരുമാനിച്ച സഹല് ആടെ ഒന്നാം കൊല്ലത്തിനു ചേർന്ന്.

 മ്മടെ ചെക്കനെ നാട്ടീന്ന് ആദ്യമായി തിരിച്ചറിഞ്ഞ ആള് സിദ്ധീഖ് സാറാണ്. (ഓര്ടെ കൈ കിട്ടിരുന്നെങ്കിൽ ഒന്ന് മുത്താരുന്നു.)

സാറിന്റെ കീയില് ഓൻ അണ്ടർ 21 കണ്ണൂര് കളിച്ചു. പിന്നെ സർവകലാശാല മത്സരങ്ങള് കളിച്ചു. ആടെന്നാണ് സഹലിനെ സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് വിളിക്കണത്. പിന്നെ ടീമിലേക്കും സഹല് കേറി. ആടെന്നാണ് സഹലിനെ കേരളാബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിത്. യുഎഇ ക്കെതിരായ ലിസ്റ്റില് പോലും ചെക്കൻ ഉണ്ടായിരുന്നുന്നു വെച്ചാ.. അതൊരു ചെറിയ കാര്യാണോ..?

അല്ല ഇങ്ങള് താനൊന്നും പറ.പെരേരക്കു ചെക്കന്റെ ലെവല് മനസിലായി.

അല്ല.. ഇരുപത്തിയൊന്ന് വയസില് ചെക്കൻ ഇത്രേക്കേ ഒപ്പിച്ചെങ്കി, സായിപ്പിന്റെ ചങ്ക് മെസ്സിന്റെ പ്രായത്തില് ചെക്കൻ ഏടെ എത്തുംന്ന് ചിന്തിച്ചും മൂപ്പര് വിരണ്ടു.

ഏതായാലും കേരളത്തിലെത്തി ദിവസം മൂന്നു കഴിഞ്ഞപ്പോള് കാര്യങ്ങളുടെ കിടപ്പു മൂപ്പർക്ക് മനസിലായി. ഇനീപ്പോ ഇങ്ങനെ പോയാല് ചെക്കന്മാരെല്ലാം കൂടി ലോക കപ്പ് കയ്യിലാക്കുന്ന ദിവസം ദൂരത്തല്ലാന്നു മൂപ്പര് കണ്ട്. 

നേരം വൈകിയേനെകൊണ്ട് കവ്വായി വരെ വന്ന സ്ഥിതിക്ക് ആടത്തെ കടപ്പുറമൊക്കെ ഒന്ന് കണ്ടു നല്ല മത്തികറീം കൂട്ടി പുട്ടും തിന്നു കടൽകാറ്റ് കൊള്ളാൻ മൂപ്പര് വച്ച് പിടിച്ചു. ഇനിയും കാണാൻ കിടക്കുന്ന കേരളാബുട്ബോൾ എന്ന വിസമയലോകത്തേക്കു അധികം വൈകാതെ വീണ്ടും ഇറങ്ങണമെന്ന വ്യാമോഹത്തോടെ.

 

Your Comments

Your Comments

ബന്ധപ്പെട്ട കഥകൾ

മാച്ച് 88: കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി എതിരായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി - ഹൈലൈറ്റുകൾ