വിജയം കാണാത്ത തുടർച്ചയായ പതിനാലു മാച്ചുകൾക്കു ശേഷം അത്യുഗ്രൻ വിജയം നേടി ആഹ്ലാദ തിമിർപ്പിലാണ് കേരളബ്ലാസ്റ്റേഴ്‌സ്. ടീമിനെ വിജയത്തിലേക്ക് നയിച്ച പരിശീലകൻ നെലോ വിൻഗാഡ മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ടീമിനെ പ്രധിനിതീകരിച്ചു സംസാരിച്ചു.

"എന്റെ വാക്കുകൾ കളിക്കാരോടാണ്. ഇന്നത്തെപ്പോലൊരു ദിവസം അവർക്കു ആവശ്യമായിരുന്നു. നമ്മുടെ ടീമിന് നല്ല കഴിവും കെട്ടുറപ്പുമുണ്ട്. എന്റെ രീതി വ്യത്യസ്തമാണ്. അത് അവരിൽ മാറ്റം ഉണ്ടാക്കി. ബെംഗളൂരുവിനെതിരായ മത്സരത്തിന് ശേഷം അവർ കൂടുതൽ ആത്മവിശ്വാസമുള്ളവരായി." നെലോ പറഞ്ഞു തുടങ്ങി.

“ഞാൻ ജോൺ ഗ്രിഗറിയെ ബഹുമാനിക്കുന്നു. അദ്ദേഹമൊരു മികച്ച കോച്ച് ആണ്. പക്ഷെ അദ്ദേഹം പറഞ്ഞതിനോട് മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ പ്രധിരോധ നിരക്ക് ബോൾ കിട്ടിയ നിമിഷം തന്നെ അവർ ആക്രമിച്ചു കളിച്ചു. ആരെങ്കിലും ആ ചെന്നൈയിൻ കളിക്കാരനെ കണ്ടു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ജോണിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ ഞാനും സന്തോഷവാനായിരിക്കില്ല. പക്ഷെ ആ സിറ്റുവേഷൻ ഇല്ലെങ്കിൽ പോലും ഈ വിജയം നമ്മൾ അർഹിച്ചതാണ്.” ചെന്നൈയിൻ കോച്ച് ജോൺ ഗ്രിഗറിയുടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ വിമർശിച്ച വാക്കുകൾക്ക് മറുപടിയായി നെലോ പറഞ്ഞു.

കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണ് മത്‌സരം അരങ്ങേറിയത്. ആദ്യം മുതലേ കളിയുടെ നിയന്ത്രം വരുതിയിലാക്കിയ ബ്ലാസ്റ്റേഴ്‌സ് വിജയം അനായാസമായി കൈപ്പിടിയിലൊതുക്കി. ആദ്യ മാച്ചിൽ എടികെക്കെതിരെ നേടിയ വിജയത്തിനപ്പുറം സമനിലകളിലും തോൽവിയിലും പെട്ട് ഉഴലുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്.

പോപ്ലാട്നിക്ക് നേടിയ രണ്ടു ഗോളുകൾ ബ്ലാസ്റ്റേഴ്സിന്റെ വിജയം അനായാസമാക്കി. സീസണിൽ ആദ്യമായി സഹൽ അബ്ദുൽ സമദ് ഗോൾ നേടി. പതിനാലു കളികൾക്കപ്പുറം നേടിയ വിജയം എന്നതിനപ്പുറം ഈ സീസണിൽ ആദ്യമായി കേരളാബ്ലാസ്റ്റേഴ്‌സ് സ്വന്തം മണ്ണിൽ നേടിയ മാധുര്യമേറിയ വിജയമായി ഇത്.

ഈ കളിയോട് കൂടി മൂന്നു പോയിന്റുകൾ നേടി കേരളാബ്ലാസ്റ്റേഴ്‌സ് വീണ്ടും എട്ടാം സ്ഥാനത്ത് തിരിച്ചെത്തി. ചെന്നൈയിൻ എഫ്‌സി പത്താം സ്ഥാനത്ത് തുടരുന്നു.

അടുത്ത കളിയിൽ കേരളാബ്ലാസ്റ്റേഴ്‌സ് ടീം ഗോവയെ നേരിടും. വിജയം നേടാൻ തങ്ങളാൽ ആകുന്നത് ചെയ്യുമെന്ന് നെലോ പറഞ്ഞു.