ആരാധകരാൽ പ്രശസ്തമായ ടീമാണ് കേരളാബ്ലാസ്റ്റേഴ്‌സ്. ലക്ഷക്കണക്കിനാരാധകർ ഒറ്റക്കെട്ടായി ടീമിന്റെ പന്ത്രണ്ടാമനായി നിലകൊള്ളുമ്പോൾ മറ്റുള്ള ക്ലബ്ബുകളെല്ലാം അസൂയയോടെയാണത് നോക്കിക്കണ്ടത്. അങ്ങനെയുള്ള ആരാധകക്കൂട്ടായ്മയുടെ മുഖമായിമാറിയ ഒരു സാധാരണ വീട്ടമ്മയാണ്‌ മായാ. കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളും മറ്റാരാധകരുമെല്ലാം പ്രായഭേദമന്യേ മായേച്ചി എന്ന് സ്നേഹത്തോടെ വിളിക്കുന്ന  മായാ മുരളി. രണ്ട് ആൺകുട്ടികളുടെ അമ്മ, മൂത്തമകൻ ഇരുപതു വയസു പ്രായമുള്ള ബിരുദ വിദ്യാർത്ഥി, സോഷ്യൽ മീഡിയകളിലൊന്നും സജീവമല്ല; കായീക ആരാധകരുടെ പൊതുവെയുള്ള ഗണത്തിൽ പെടുത്താവുന്ന ഗുണങ്ങളൊന്നും മായേച്ചിക്കില്ല. പക്ഷെ എന്നിട്ടും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മൊത്തത്തിലുള്ള പര്യായമാണിവർ.

കേരള ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല, ജിങ്കന്റെയും  കടുത്ത ആരാധികയാണ്  കൊച്ചി സ്വദേശിയായ മായേച്ചി. കേരളാ ബ്ലാസ്റ്റേഴ്സിന്റെ പല താരങ്ങളുമായും ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന മായേച്ചിക്ക്. ബ്ലാസ്റ്റേഴ്സിനോടുള്ള ആരാധനയും അതുവഴി ഫുട്ബാളിനോടുള്ള പ്രണയവും ഐഎസ്‌എല്ലിന്റെ തുടക്കം മുതലാണ് ആരംഭിച്ചത്. 2014-ൽ ഐഎസ്‌എല്ലിന്റെ  ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണച്ച് കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഈസ്റ്റ് ഗ്യാലറിയിൽ മഞ്ഞക്കടലിന്റെ ഭാഗമായി ഇവരുണ്ടായിരുന്നു.

ആദ്യ സീസണിൽ തന്റെ കുട്ടികൾക്കൊപ്പം അവരുടെ സന്തോഷത്തിനായി, സാധാരണ കാണിയായി സ്റ്റേഡിയത്തിൽ പോയിരുന്ന മായേച്ചി രണ്ടാം സീസണോടുകൂടിയാണ് മഞ്ഞപ്പടയുടെ ഭാഗമാകുകയും കടുത്ത ബ്ലാസ്റ്റേഴ്‌സ് ആരാധികയായി മാറുകയും ചെയ്തത്.  പിന്നീട് ടീമിനെ പിന്തുണക്കുവാനായി ചേച്ചി സ്റ്റേഡിയത്തിലെ സ്ഥിരം സാന്നിധ്യമായി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഴുവൻ കളിക്കാരെയും സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന മായേച്ചിയെ അറിയാത്ത മലയാളി താരങ്ങൾ ബ്ലാസ്റ്റേഴ്സിലുണ്ടാവില്ല. കൊച്ചിയിൽ വച്ചുനടന്ന ഭൂരിഭാഗം മത്സരങ്ങളും മായേച്ചി കണ്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരങ്ങളും പരമാവധി കാണാറുണ്ട്.

കഴിഞ്ഞ ആറു വർഷത്തിനിടക്ക് മറക്കാൻ പറ്റാത്ത അനുഭവമായി ചേച്ചി ഓർമ്മിക്കുന്നത് മൂന്നാം സീസണിന്റ ഫൈനലിൽ ബ്ലാസ്റ്റേഴ്‌സ് ATK യോട് പെനാൽറ്റിയിൽ തോറ്റ മത്സരമാണ്. കരഞ്ഞുകലങ്ങിയ കണ്ണുമായിട്ടാണ് അന്ന് സ്റ്റേഡിയം വിട്ടതെന്ന് ചേച്ചി ഓർമ്മിക്കുന്നു. മറ്റൊരു മറക്കാനാവാത്ത അനുഭവം ബ്ലാസ്റ്റേഴ്‌സിന്റെ മുൻ നായകനായ  സന്ദേശ് ജിംഗനെ ആദ്യമായി നേരിട്ട് കണ്ടു സംസാരിച്ചതാണ്‌. ആ ഓർമകളെല്ലാം ഒരു നിധിപോലെ മായേച്ചി ഓർത്തുവയ്ക്കുന്നു. ജിങ്കൻ കേരളാബ്ലാസ്റ്റേഴ്‌സുമായി വഴിപിരിഞ്ഞതിലുള്ള സങ്കടം ചേച്ചി മറച്ചുവയ്ക്കുന്നില്ല. ജിങ്കൻ ബ്ലാസ്റ്റേഴ്‌സ് വിട്ടത് ഒരിക്കലും  വിശ്വസിക്കാൻ കഴിയാത്ത വാർത്തയായിരു. ആദ്യം. ജിങ്കൻ മടങ്ങിവന്ന് ആ മഞ്ഞക്കുപ്പായം വീണ്ടും അണിയണം എന്നാണ് ഇപ്പോൾ ചേച്ചിയുടെ ആഗ്രഹം.  ഇപ്പോഴും ഊഷ്മളമായ ബന്ധം അവർ ജിംഗനുമായി കാത്തുസൂക്ഷിക്കുന്നു.

ബ്ലാസ്റ്റേഴ്സിലെ ഏത് മലയാളി താരത്തെയാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ ചേച്ചിയുടെ ഉത്തരം ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്ന എല്ലാ മലയാളികളും തനിക് സ്വന്തം കുടുംബാംഗത്തെ  പോലെയാണെന്നാണ്. ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരമായിരുന്ന വിനീതുമായും നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്ന ആളാണ് മായ.

ഫുടബോൾ എന്നത് ജാതിക്കും, മതത്തിനും, വർണ്ണത്തിനും, രാഷ്ട്രീയത്തിനുമെല്ലാം അതീതമാണെന്നും  എല്ലാതരം വേർതിരിവുകളുടെ മതിലുകളെയും ഇല്ലാതാക്കുന്ന വികാരമാണെന്നും ചേച്ചി വിശ്വസിക്കുന്നു. വെറും 27 ദിവസങ്ങൾക്കപ്പുറം പുതിയ സീസൺ നമ്മെ കാത്തിരിക്കുമ്പോൾ  ഒരുപാട് സന്തോഷത്തോടെ മായേച്ചിയും പ്രതീക്ഷയിലാണ്. മോഹൻ ബഗാന് കിരീടം നേടികൊടുത്ത, കേരളബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ  കിബുവിൽ ഏറെ പ്രതീക്ഷയുണ്ട് ചേച്ചിക്ക്. ഇത്തവണ താരതമ്യേന മികച്ച റിസൾട്ട്‌ ആയിരിക്കുമെനാണ് മറ്റെല്ലാവരെയുംപോലെ ചേച്ചിയുടെയും അഭിപ്രായം.

കൊച്ചിയിലെ മത്സരങ്ങൾക്കെല്ലാം സ്ഥിരസാന്നിധ്യമായിരുന്ന മായേച്ചി എല്ലാ സീസണിലും കഴിയുന്നത്ര എവേ മത്സരങ്ങൾക്കും  പോകുമായിരുന്നു. അതുകൊണ്ടുതന്നെ ഈ സീസണിൽ ഒരു മൽസരവും നേരിട്ട് കാണാൻ പറ്റില്ലയെന്ന നിരാശ ചേച്ചിക്കുണ്ട്. എന്തൊക്കെയായാലും സീസൺ മികച്ച രീതിയിൽ നടക്കണം, ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ചവയ്ക്കണം എന്ന ആഗ്രഹത്തിലും പ്രതീക്ഷയിലുമാണ് ചേച്ചിയിപ്പോൾ.  ഈ കോവിഡ് സാഹചര്യത്തിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മകളിലൊന്നായ #KeralaBlasters_12th_Player-നൊപ്പം പുതിയ സീസണിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണിവർ.