ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും, ജംഷെഡ്പൂർ എഫ്സിയും ഏറ്റുമുട്ടും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഇതു രണ്ടാം തവണയാണ് ഇരു ടീമുകളും നേർക്കു നേർ വരുന്നത്. ഇരു ടീമുകളും ആദ്യ തവണ ഏറ്റുമുട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂർ എഫ്സിയെ പരാജയപ്പെടുത്തിയിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.

ചുവപ്പു കാർഡ് കണ്ട് ഒരു താരത്തിന് പുറത്തു പോകേണ്ടി വന്നിട്ടും മത്സരത്തിൽ 10 പേരെ വെച്ച് വിജയിച്ചത് കേരള ബ്ലാസ്റ്റേഴ്സിന് മുൻതൂക്കം നൽകും. പോയിന്റു പട്ടികയിൽ ജംഷെഡ്പൂർ എഫ്സി എട്ടാം സ്ഥാനത്തും, കേരള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തുമാണ് ഉള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ജംഷെഡ്പൂർ എഫ്സി തോൽവി വഴങ്ങിയിരുന്നു.

ചെന്നൈയിൻ എഫ്സിയോടാണ് ആദ്യ മത്സരത്തിൽ ജംഷെഡ്പൂർ എഫ്സി പരാജയപ്പെട്ടത്. അതിനു ശേഷം നടന്ന രണ്ട് മത്സരങ്ങളിലും ടീം സമനില വഴങ്ങി. പക്ഷേ തൊട്ടടുത്ത മത്സരത്തിൽ അതിശക്തരായ എടികെ മോഹൻ ബഗാനെ അവർ പരാജയപ്പെടുത്തി. ലീഗിൽ വമ്പൻമാരെ മുട്ടുകുത്തിച്ചെങ്കിലും അടുത്ത വിജയത്തിനായി അവർക്ക് വീണ്ടും കാത്തിരിക്കേണ്ടി വന്നു.

എടികെ മോഹൻ ബഗാനെതിരെ വിജയം നേടിയതിനു ശേഷം അവർ തുടർച്ചയായി സമനിലകൾ വഴങ്ങി. അതിനു ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് അവർ ലീഗിൽ രണ്ടാം ജയം നേടിയത്. കഴിഞ്ഞ വർഷം ഡിസംബർ 28-ന് ബെംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയതാണ് അവർ അവസാനം നേടിയ വിജയം. പിന്നീടുള്ള മത്സരങ്ങളിൽ മൂന്ന് തോൽവിയും, ഒരു സമനിലയുമാണ് അവർ നേടിയിട്ടുള്ളത്.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് ഗോൾഡൻ ബൂട്ട് വിന്നറായ നെറിജസ് വാൽസ്കിസാണ് ടീമിന്റെ ശക്തി കേന്ദ്രം. ഗോളടിയിൽ ഇത്തവണയും മുന്നിട്ടു നിൽക്കുന്ന താരത്തിലാണ് ടീമിന്റെ പ്രതീക്ഷ. പക്ഷേ നാല് യെല്ലോ കാർഡുകൾ കണ്ട പ്രതിരോധ താരം പീറ്റർ ഹാർട്ട്ലിക്ക് ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങാൻ കഴിയില്ല എന്നത് ജംഷെഡ്പൂർ എഫ്സിയുടെ പ്രതിരോധ നിരയ്ക്ക് തിരിച്ചടിയായി മാറിയേക്കും.

ആദ്യ മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയെ പരാജയപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഇത്തവണ അവരെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ പ്രധാന താരങ്ങളുടെ സേവനം ലഭ്യമാകില്ല. ടീമിലെഇന്ത്യൻ താരങ്ങളായ രാഹുൽ കെപി, ജീക്സൺ സിംഗ് എന്നിവർക്ക് ജംഷെഡ്പൂർ എഫ്സിക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങാൻ കഴിയില്ല. തുടർച്ചയായി നാല് യെല്ലോ കാർഡുകൾ വാങ്ങിയതാണ് ഇരുവർക്കും തിരിച്ചടിയായി മാറിയത്. കഴിഞ്ഞ മത്സരത്തിൽ ലൈൻ റഫറിയുമായി തർക്കിച്ചതിന് യെല്ലോ കാർഡ് ലഭിച്ചതിനാൽ പരിശീലകൻ കിബു വികൂനയുടെ സേവനവും ടീമിന് ലഭിക്കില്ല.

ടീമിന്റെ ടോപ് ഗോൾ സ്കോററായ ജോർദാൻ മുറേ, പ്രതിരോധ താരം കോസ്റ്റ നമോയിനേസു എന്നിവർ പരിക്കിന്റെ പിടിയിലാണ്. അതിനാൽ ഇന്നത്തെ മത്സരത്തിൽ ഇരു താരങ്ങളും കളത്തിലിറങ്ങുമോ എന്ന കാര്യത്തിൽ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഈ താരങ്ങളുടെ സേവനം ലഭ്യമായില്ലെങ്കിൽ ടീമിന് അത് ഒരു തിരിച്ചടിയായി മാറിയേക്കും. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഇനിയുള്ള ഓരോ മത്സരവും അതീവ നിർണായകമാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ കഴിയുകയുള്ളൂ.

മൾട്ടി പൊസിഷനിൽ കളിക്കാൻ കഴിവുള്ള താരങ്ങൾ ടീമിലുള്ളത് ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകുന്നുണ്ട്. ടീമിലെ പ്രധാന താരങ്ങളുടെയും, മുഖ്യ പരിശീലകന്റെയും സേവനം ലഭ്യമാകില്ല എന്നതാണ് ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്തുന്ന പ്രധാന കാര്യങ്ങൾ. ഇന്നത്തെ മത്സരത്തിൽ പ്രധാനമായും പ്രതിരോധത്തിലാണ് ബ്ലാസ്റ്റേഴ്സ് ശ്രദ്ധിക്കേണ്ടത്.

പ്രതിരോധ നിരയുടെ പിഴവുകൾ കാരണം പല മത്സരത്തിലും വിലപ്പെട്ട മൂന്ന് പോയിന്റുകൾ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ടീമുകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കേരള ബ്ലാസ്റ്റേഴ്സാണ്. പക്ഷേ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമുകളിൽ മൂന്നാമതെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

മുമ്പത്തെ പല മത്സരങ്ങളെയും അപേക്ഷിച്ച് ഇന്നത്തെ മത്സരം മത്സരം കേരള ബ്ലാസ്റ്റേഴ്സിന് ഏറെ വെല്ലുവിളികളുടേത് തന്നെയാണ്. മികച്ച ഫോമിലുള്ള പല താരങ്ങളുടെയും സേവനം ടീമിന് ലഭ്യമാകില്ല. അതോടൊപ്പം മുഖ്യ പരിശീലകന്റെ അഭാവവും ടീമിന് പ്രതിസന്ധി സൃഷ്ടിച്ചേക്കും. പക്ഷേ ഇനിയുള്ള ഓരോ മത്സരവും കേരള ബ്ലാസ്റ്റേഴ്സിന് അതീവ പ്രാധാന്യമർഹിക്കുന്നതാണ്. വിജയത്തോടെ 3 പോയിൻ്റുകൾ നേടാൻ കഴിഞ്ഞാൽ മാത്രമേ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിപ്പെടാൻ കഴിയുകയുള്ളൂ. ആദ്യ മത്സരത്തിലെ വിജയം ആവർത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുമോ അതോ ജംഷെഡ്പൂർ എഫ്സിയുടെ തിരിച്ചു വരവാകുമോ ഇന്നത്തെ മത്സരം എന്നറിയാൻ നമുക്ക് കാത്തിരിക്കാം.