ഈയാഴ്ചയിലെ തന്നെ രണ്ടാമങ്കത്തിന് കച്ചകെട്ടി കേരളബ്ലാസ്റ്റേഴ്‌സ്. രണ്ടാമതും കൊച്ചി അന്തരാഷ്ട്ര സ്റ്റേഡിയം തന്നെയാകും കളിക്ക് വേദിയാകുക.

കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തു നിന്നിരുന്ന ജംഷഡ്പൂരിനോട് സമനില വഴങ്ങിയിരുന്നു. നിലവിൽ ഒൻപതാം സ്ഥാനത്തു നിൽക്കുന്ന പുനെയോടാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുക. എടികെക്കെതിരായ ഒരേയൊരു വിജയത്തിനപ്പുറം മറ്റൊരു വിജയം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന് ആയിട്ടില്ല. വളരെ എളുപ്പത്തിൽ നേടാവുന്ന വിജയങ്ങൾ അവസാന നിമിഷം കൈവിട്ടുപോകുന്ന ദൗർഭാഗ്യം ബ്ലാസ്‌റ്റേഴ്‌സിനെ വിട്ടൊഴിഞ്ഞിട്ടില്ല. എന്നാൽ ബ്ലാസ്റ്റേഴ്‌സ് മോശം ടീം ആണെന്ന് വിലയിരുത്താനും വയ്യ. കാരണം ഒന്നിലധികം ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് തോൽവി ഇതുവരെ വഴങ്ങിയിട്ടില്ല. കൃത്യതയില്ലാത്ത റഫറിയിങ്ങും ബ്ലാസ്‌റ്റേഴ്‌സിനെ പിന്നോട്ടുതള്ളിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ ആരാധക നിരയായ മഞ്ഞപ്പട മാനേജുമെന്റിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ കളി ഉപരോധിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിന്റെ പ്രതിഫലനം കഴിഞ്ഞ കളിയിൽ കൊച്ചിയിൽ സ്റ്റേഡിയത്തിൽ പ്രകടമായിരുന്നു. എന്നാൽ ഇതുവരെ മഞ്ഞപ്പടയെ കുറ്റപ്പെടുത്താൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങളോ കോച്ചോ തയ്യാറായിട്ടില്ല.

ജംഷെഡ്പൂരിനെതിരായി കാഴ്ചവച്ച മികച്ച പ്രകടനം ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നാളത്തെ കളിയിൽ നന്നായി കളിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ടീം. മികച്ച ഫോമിലായിരുന്ന സെമിൻലെൻ ഡൗങ്ങേൽ ഇത്തവണയും മികച്ച ഫോമിൽ നല്ല പ്രകടനം കാഴ്ച വക്കും എന്ന് പ്രതീക്ഷിക്കുന്നു. മികച്ച പ്രകടനവുമായി സന്ദേശ് ജിങ്കനും കളിക്കളത്തിൽ ഉണ്ടാകും.

കളിയൊക്കെ ബഹിഷ്ക്കരിച്ചാലും അടുത്തകളികൾ ഒന്നൊന്നായി ജയിച്ചു പ്ലേയ് ഓഫിൽ കയറുന്ന ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുകയാണ് മഞ്ഞപ്പട.