ഇന്ത്യൻ സൂപ്പർ ലീഗിൽ ബുധനാഴ്ച നടന്ന ജംഷെഡ്പൂരിനെതിരായ പോരാട്ടത്തിൽ വീണ്ടും സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ്. ഗോളിനായുള്ള നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിച്ചെടുത്ത മത്സരത്തിൽ ഗോൾ പോസ്റ്റ് പലപ്പോഴും വില്ലനായി. മത്സരത്തിൽ നാലു തവണയാണ് ഗോൾ പോസ്റ്റ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ വില്ലനായി മാറിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ നാല്പത്തി മൂന്നാം മിനിറ്റിൽ ഗാരി ഹൂപ്പറിന്റെ ലോങ്ങ് റേഞ്ചർ ഷോട്ട് ജംഷെദ്‌പൂരിന്റെ ഗോൾകീപ്പറായ ടിപി രെഹനേഷിനെ മറികടന്നെങ്കിലും ഗോൾ പോസ്റ്റിൽ തട്ടി തെറിച്ചു. ഗോൾ ലൈൻ കടന്ന ശേഷമാണ് ബോൾ പുറത്തേക്ക് വന്നതെങ്കിലും ഗോൾ അനുവദിച്ചില്ല.

ഇന്നത്തെ മത്സരത്തിൽ എടുത്തു പറയേണ്ടത് ഗാരി ഹൂപ്പന്റെ സംഭാവനയാണ്. വൺ ടച്ച് പാസുകളുമായി കളം നിറഞ്ഞു കളിച്ച താരത്തിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന്റെ ഓരോ മുന്നേറ്റത്തിനു പിന്നിലും മത്സരത്തിലുടനീളം ഉണ്ടായിരുന്നു. സഹലും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

മത്സരത്തിൽ  4-4-1-1 എന്ന ഫോർമേഷനിൽ കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയപ്പോൾ ജംഷെഡ്പൂർ എഫ്സി 4-3-3 എന്ന ഫോർമേഷനിൽ മത്സരത്തിൽ അണിനിരന്നു.

കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി പ്ലൈയിംഗ് ഇലവൻ

ആൽബിനോ ഗോമസ് (ജി കെ), സന്ദീപ് സിംഗ്, ബകാരി കോൺ, ജെസ്സൽ കാർനെറോ (സി), കോസ്റ്റ നമോയിൻസു, രോഹിത് കുമാർ, സഹൽ അബ്ദുൾ സമദ്, വിസെന്റെ ഗോമസ്, ലാൽതതാംഗ ഖാൽറിംഗ്, ജോർദാൻ മുറെ, ഗാരി ഹൂപ്പർ.

ജംഷെഡ്പൂർ എഫ്സി പ്ലേയിംഗ് ഇലവൻ

ടിപി രെഹനേഷ് (ജികെ), നരേന്ദർ ഗഹ്‌ലോട്ട്, റിക്കി ലല്ലാവ്മവ, സ്റ്റീഫൻ ഈസ്, ലാൽഡിൻലിയാന റെന്ത്‌ലെയ്, ഐറ്റർ മൺറോയ്, അലക്സാണ്ടർ ലിമ, സീമിൻലെൻ ഡംഗൽ, ജോൺ ഫിറ്റ്സ്ജെറാൾഡ്, ഫാറൂഖ് ചൗധരി, നെറിജസ് വാൽസ്കിസ് (സി).

ജംഷെഡ്പൂർ എഫ്സിയുടെ ആക്രമണത്തോടെ മത്സരം ആരംഭിച്ചു. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ആൽബിനോ ഗോമസിന്റെ ഒരു മിസ്സ് പാസിൽ നിന്നും വാൽസ്കിസിന് ബോൾ ലഭിച്ചു. തുടർന്ന് ഗോൾ വല ലക്ഷ്യമാക്കി അദ്ദേഹം ബോൾ ഷൂട്ട് ചെയ്തെങ്കിലും ആൽബിനോ ഗോമസ് ഒരു മുഴുനീള ഡൈവിലൂടെ അതു രക്ഷപ്പെടുത്തി. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് നിരന്തരം ആക്രമണം അഴിച്ചു വിട്ടതോടെ മത്സരത്തിന് ആവേശമേറി. പലപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾ കോർണർ വഴങ്ങി ജംഷെഡ്പൂർ രക്ഷപ്പെടുത്തി. മത്സരത്തിന്റെ ആദ്യപകുതിയിൽ 35-ആം മിനിറ്റിൽ ജോർദാൻ മുറെ, ഗാരി ഹൂപ്പർ സഖ്യം നടത്തിയ മുന്നേറ്റത്തിൽ ഗാരി ഹൂപ്പർ ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു. മത്സരത്തിന്റെ 41-ആം മിനിറ്റിൽ ഗാരി ഹൂപ്പറിന്റെ ലോങ്ങ് റേഞ്ചർ ഷോട്ട് പോസ്റ്റിൽ തട്ടി ഗോൾ ലൈൻ കടന്നു പുറത്തേക്ക് വന്നങ്കിലും നിർഭാഗ്യവശാൽ ഗോൾ ലഭിച്ചില്ല. ഒന്നാം പകുതി ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതി കേരള ബ്ലാസ്റ്റേഴ്സാണ് ആക്രമണത്തോടെ ആരംഭിച്ചു. നിരന്തരം ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് ഇടതു, വലതു വിങ്ങുകളിലൂടെ നിരന്തരം മികച്ച മുന്നേറ്റങ്ങൾ നടത്തി.കേരള ബ്ലാസ്റ്റേഴ്സ് ഗോൾ നേടുന്നതിനായി ഹൈ പ്രസ്സിംഗ് ഗെയിമാണ് പുറത്തെടുത്തത്. ശക്തമായ  ആക്രമണങ്ങളുമായി കളം നിറഞ്ഞു കളിച്ച ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഗോൾപോസ്റ്റ് വീണ്ടും വിലങ്ങുതടിയായി. ബ്ലാസ്റ്റേഴ്സ് താരങ്ങളായ പൂട്ടിയയുടെയും, രോഹിത് കുമാറിന്റെയും ഷോട്ടുകൾ ക്രോസ് ബാറിൽ തട്ടി തെറിച്ചപ്പോൾ കോർണറിൽ നിന്നുള്ള ജോർദാൻ മുറെയുടെ ഹെഡറും ക്രോസ് ബാറിൽ തട്ടി പുറത്തേക്കു പോയി. മത്സരം അവസാനത്തോടടുത്തപ്പോൾ ഇരു ടീമുകളും ഗോൾ നേടാനായി പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൾ സമദ് ഹീറോ ഓഫ് ദ മാച്ച് അവാർഡ് കരസ്ഥമാക്കിയപ്പോൾ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡ് സന്ദീപ് സിങ്ങിന് ലഭിച്ചു. മത്സരത്തിൽ ഒരു പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്‌സ് ഒരു പോയിന്റ് കരസ്ഥമാക്കി എട്ടാം സ്ഥാനത്തേക്കുയർന്നു.

ജനുവരി മുപ്പത്തിയൊന്നിന് നടക്കുന്ന അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാൻ എഫ്‌സിയെ നേരിടും.