ഡിസംബർ 5 ഞായറാഴ്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ പത്തൊൻപതാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. എട്ടാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ നാലാമത്തെ മത്സരവും ആദ്യ ഹോം മാച്ചുമാണിത്.

ഇതുവരെ

ഒഡീഷ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ വിജയിക്കാനായിട്ടില്ല. 2019-20 സീസണിൽ രൂപീകൃതമായതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സിനെതിരെ നാല് മത്സരങ്ങളാണ് ഒഡീഷ എഫ്‌സി കളിച്ചത്. ഇതിൽ മൂന്ന് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും കഴിഞ്ഞ സീസണിൽ നടന്ന അവസാനമത്സരം 4-2 ന് ഒഡിഷ എഫ്‌സി വിജയിക്കുകയും ചെയ്തു. ഇരുടീമുകളും തമ്മിലുള്ള നാല് മത്സരങ്ങളിൽ ആകെ 18 ഗോളുകളാണ് പിറന്നത്. കഴിഞ്ഞ സീസണിൽ പാത്തും പതിനൊന്നും സ്ഥാനങ്ങളിൽ ഏറ്റവുമൊടുവിലായി പൂർത്തിയാക്കിയ ടീമുകളാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഒഡിഷ എഫ്‌സിയും.

ഈ സീസണിൽ ഇതുവരെ മൂന്ന് മത്സരങ്ങളിൽനിന്നായി ഒരു തോൽവിയും രണ്ടു സമനിലയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. അതേസമയം ഒഡീഷ എഫ്‌സി കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്നായി ഒമ്പത് തവണ ഒഡിഷ എഫ്‌സി ഗോൾ ചെയ്‌തപ്പോൾ, കേരളാ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ മൂന്ന് തവണ മാത്രമാണ് ഗോൾ നേടിയത്. വിജയപാത തുടരാൻ ഒഡിഷ ശ്രമിക്കുമ്പോൾ ആദ്യ വിജയത്തിനായി കഠിനമായി പരിശ്രമിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിനെയും നമുക്ക് കളിക്കളത്തിൽ കാണാനാകും.

 

വിലയിരുത്തൽ

മുൻപ് സൂചിപ്പിച്ചതുപോലെ, മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ സീസണിലെ ആദ്യ വിജയം നേടാനായിട്ടില്ല. ലീഗ് ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനോട് 2-4ന് തോറ്റാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് എട്ടാം സീസൺ ആരംഭിച്ചത്. തുടർന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോൾരഹിത സമനിലയും ബെംഗളൂരു എഫ്‌സിക്കെതിരെ 1-1-ന് സമനിലയും വഴങ്ങി. അവസാന രണ്ടു മത്സരങ്ങളിലും ഫിനിഷിംഗയിലെ പിഴവുകളാണ് കേരളാ ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായെതെന്ന് പറയാം. ഒഡീഷ എഫ്‌സി ഈ സീസണിൽ തങ്ങളുടെ ആക്രമണം എത്രത്തോളം ശക്തമാണെന്ന് ഇതുവരെയുള്ള മത്സരങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്, എന്നാൽ ഒഡീഷയുടെ ബാക്ക്‌ലൈൻ അത്രത്തോളം ശ്കതമല്ല. അൽവാരോ വാസ്‌ക്വസ്, അഡ്രിയാൻ ലൂണ, ജോർജ്ജ് പെരേര ഡയസ്, ചെഞ്ചോ ഗിൽറ്റ്‌ഷെൻ മുതലായ താരങ്ങൾക്ക് അവസരത്തിനൊത്ത് ഉയരാൻ സാധിച്ചാൽ, ബ്ലാസ്റ്റേഴ്‌സിന് ഒഡീഷയെ തകർക്കാൻ സാധിക്കുമെന്നുറപ്പാണ്.

കഴിഞ്ഞ സീസണിലെ പതിനൊന്നാം സ്ഥാനത്ത് സീസൺ അവസാനിച്ചതിനെത്തുടർന്ന് ഒഡീഷ എഫ്‌സിയിൽ മുഴുവനായി നവീകരണം നടന്നിരുന്നു. ബെംഗളുരു എഫ്‌സിക്കെതിരായ 3-1ന്റെ വിജയവും എസ്‌സി ഈസ്റ്റ് ബംഗാളിനെതിരായ 6-4ന്റെ വിജയവും തെളിയിക്കുന്നത് ഈ മാറ്റങ്ങളിലൂടെ ഒഡിഷ എഫ്‌സിക്ക് ശക്തമായ തിരിച്ചുവരവ് നടത്താനായിയെന്നാണ്. ആക്രമണത്തിൽ അരിദായ് കബ്രേരയും ജാവി ഹെർണാണ്ടസും മികച്ച പ്രകടനമാണ് നടത്തിയത്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ്‌സിയുടെ ആക്രമണം തന്നെയാകും ടീമിന്റെ മികച്ച മുതൽക്കൂട്ട്. കബ്രേര, ജാവി, ജൊനാതാസ് ഡി ജീസസ് എന്നിവർക്കൊപ്പം ഇസക് വൻലാൽറുത്‌ഫെല, ജെറി മാവിഹ്മിങ്‌തംഗ തുടങ്ങിയവരുമൊരുമിച്ചാൽ അത് ബ്ലാസ്റ്റേഴ്‌സിന് വലിയ ഭീഷണിയുയർത്തുമെന്നുറപ്പാണ്. എന്നാൽ പ്രതിരോധത്തിലെ പിഴവുകൾ മൂലം ഗോൾ വഴങ്ങേണ്ടി വന്നാൽ അത് ബ്ലാസ്റ്റേഴ്സിന് ഗുണമാകും.

ജയം ഒഡീഷ എഫ്‌സിയെ ഒമ്പത് പോയിന്റിലെത്തിക്കുകായും റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിക്കൊടുക്കും ചെയ്യും. മറുവശത്ത് ഈ ജയം കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ അഞ്ചാം സ്ഥാനത്തെത്തിക്കും.

 

സാധ്യതാ ലൈനപ്പ്

കേരള ബ്ലാസ്റ്റേഴ്സ് (4-4-2): ആൽബിനോ ഗോമസ് (ജികെ); ഹർമൻജോത് ഖബ്ര, മാർക്കോ ലെസ്കോവിച്ച്, എനെസ് സിപോവിച്ച്, ജെസൽ കാർനെറോ (സി); വിൻസി ബാരെറ്റോ, ജീക്‌സൺ സിംഗ്, ആയുഷ് അധികാരി, സഹൽ അബ്ദുൾ സമദ്; അഡ്രിയാൻ ലൂണ, അൽവാരോ വാസ്‌ക്വസ്.

ഒഡീഷ എഫ്‌സി (4-2-3-1): കമൽജിത് സിംഗ് (ജികെ); ഹെൻഡ്രി ആന്റണയ്, വിക്ടർ മോംഗിൽ, ഹെക്ടർ റോഡാസ്, ലാൽറുഅത്തറ; വിനിത് റായ് (സി), തോയ്ബ സിംഗ്; ജെറി മാവിഹ്മിംഗ്താംഗ, ഹാവിയർ ഹെർണാണ്ടസ്, നന്ദകുമാർ സെക്കർ; ജോനാഥാസ് ഡി ജീസസ്.

 

മത്സരത്തിന്റെ വിശദാംശങ്ങൾ

മത്സര സ്ഥലം: തിലക് മൈതാൻ സ്റ്റേഡിയം

മത്സര തീയതി: ഡിസംബർ 5 ഞായറാഴ്ച

കിക്ക് ഓഫ് സമയം: 7:30 PM IST

തത്സമയ സംപ്രേക്ഷണം: സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്ക് - സ്റ്റാർ സ്‌പോർട്ട്സ് 2, സ്റ്റാർ സ്‌പോർട്‌സ് 2 എച്ച്ഡി

തത്സമയ സ്ട്രീമിംഗ്: ഡിസ്‌നി+ഹോട്ട്സ്റ്റാർ