ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2017-18-ന്റെ പുത്തൻ മൽസര വാരത്തിലെ ആദ്യ മൽസരത്തിൽ, കേരളാ ബ്ലാസ്‌റ്റേഴ്സ് എഫ്സി-യെ ജാംഷെഡ്പൂരിലെ ജെആർഡി ടാറ്റാ സ്‌പോർട്‌സ്  കോംപ്ലക്‌സിൽ നേരിട്ട ജാംഷെഡ്പൂർ എഫ്സി 1-2 എന്ന ഗോൾ നിലയിൽ  തറ പറ്റിച്ചു. ഈ മൽസരം ഐഎസ്എല്ലിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളിന് സാക്ഷ്യം വഹിച്ചു. ജെറി മാവ്മിംഗ്താംഗ കിക്കോഫിന് പിന്നാലെ 23-ാം സെക്കന്റിൽ സന്ദർശകരുടെ വല ചലിപ്പിച്ചു. തുടർന്ന്, ആദ്യ പകുതിയുടെ 32-ാം മിനിറ്റിൽ ആഷിം ബിശ്വാസ് മറ്റൊരു ഗോളിലൂടെ ആതിഥേയർക്ക് ലീഡ് നൽകി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ, മാർക്ക് സിഫ്‌ന്യോസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടി.

കാഴ്ചക്കാർ ഇരിപ്പിടങ്ങളിൽ ഇരിപ്പുറപ്പിക്കുന്നതിന് മുൻപേ തന്നെ ഗോൾ വീണുവെന്നതായിരുന്നു ഈ മൽസരത്തിന്റെ ഏറ്റവു വലിയ പ്രത്യേകത. കിക്കോഫിൽ നിന്നും ഉരുത്തിരിഞ്ഞ നീക്കം ജിങ്കന്റെ കാലിൽ തട്ടി ഡിഫ്ളക്ട് ചെയ്ത പന്ത് ആഷിം ബിശ്വാസ് പന്ത് പിടിച്ചെടുത്തു കേരള ബ്ലാസ്‌റ്റേഴ്സിന്റെ രണ്ട് പ്രതിരോധനനിരക്കാർക്കിടയിലൂടെ ബിശ്വാസ് ഇട്ടു കൊടുത്ത പന്ത് ഓടിയെടുത്ത ജെറി കൈക്കലാക്കി. മുന്നോട്ടു കയറി വന്ന ബ്ലാസ്‌റ്റേഴ്സിന്റെ ഗോൾ വലയ സൂക്ഷിപ്പുകാരനായ പോൾ റചൂബ്കയെ മറികടന്നു വലയിലേക്കു പ്ലേസ് ചെയ്തപ്പോൾ ഘടികാരത്തിൽ വെറും 22 നിമിഷങ്ങൾ മാത്രമേ പിന്നിട്ടിട്ടുണ്ടായിരുന്നുളളൂ (1-0). ഇത് ഐഎസ്എല്ലിന്റെ ചരിത്രത്താളുകളിൽ എറ്റവും വേഗതയേറിയ ഗോളായി ഇടം പിടിച്ചു.

ഏഴ് മിനിറ്റുകൾക്ക് ശേഷം, സൗവിക് ചക്രവർത്തി വലത് ഫ്‌ളാങ്കിൽ നിന്ന് ഗംഭീരമായ ഒരു ക്രോസിലൂടെ പന്ത് ആരും കാവലില്ലാതെ നിന്ന ഇസു അസൂക്കക്ക് കൈമാറി. എന്നാൽ, ജാംഷെഡ്പൂർ എഫ്സിക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അസൂക്കയും ഹെഡ്ഡർ ദുർബലമായിപ്പോയതിനാൽ അത് നിലത്തേക്ക് തന്നെ പതിക്കുകയും റചൂബ്ക്ക് അത് കൈകളിലൊതുക്കുകയും ചെയ്തു.

21-ാം മിനിറ്റിൽ കേരള ബ്ലാസ്‌റ്റേഴ്സിന് ഒരു ഗോൾ ഏറെക്കുറെ നേടാൻ സാധിക്കുമായിരുന്ന ഒരു അവസരം ഒത്തു കിട്ടി. മിലാൻ സിംഗിൽ നിന്നുളള കോർണർ കിക്ക് സ്വീകരിച്ച് ഇയാൻ ഹ്യൂം കരുത്തുറ്റ ഹെഡ്ഡറിലൂടെ പന്ത് ഗോൾ വലയത്തിലേക്ക് തിരിച്ചു വിട്ടു. ഗോൾ വലയ ഭടൻ സുബ്രതാ പോളിന് അത് തടയാൻ കഴിഞ്ഞില്ലെങ്കിലും ഗോൾ ലൈനിൽ വെച്ചു ആതിഥേയരുടെ യുംനാം രാജു തോൾ കൊണ്ടു അവിശ്വസനീയമായി അത് തടഞ്ഞു കൊണ്ട് കേരളത്തിന് സമനില ഗോൾ നിഷേധിച്ചു. 

ബ്ലാസ്‌റ്റേഴ്സിന് പ്രതിരോധത്തിൽ വരുത്തിയ പിഴവിന് വലിയ പിഴ കൊടുക്കേണ്ടി വന്നു. 31-ാം മിനിറ്റിൽ,   ബോക്സിനു മുന്നിൽ ശതാപിൽ നിന്നും പന്തു പിടിച്ചെടുത്ത് ബികാസ് ജെയ്റു ബാക്സിനകത്തേക്കു നൽകിയ പാസ് ക്ലിയർ ചെയ്യാൻ ജിങ്കൻ വരുത്തിയ തെറ്റ് പൂർണ്ണമായും പ്രയോജനപ്പെടുത്തിയത് ആഷിം ബിശ്വാസായിരുന്നു. തന്റെ ആദ്യ ഐഎസ്എൽ ഗോളിന് ജൻമം നൽകിക്കൊണ്ട് ഇടതു കാൽ കൊണ്ട് അദ്ദേഹം വലയ്ക്കുളളിലേക്ക് പന്ത് തൊടുത്തപ്പോൾ ആതിഥേയരുടെ കാണികൾ നിറഞ്ഞ സ്‌റ്റേഡിയം ഇളകി മറിഞ്ഞു (2-0). കേരള ടീം മറ്റൊരു ഗോൾ അവസരം സൃഷ്ടിക്കുന്നതിന് കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും അവർക്ക് അതിന് കഴിയാതെ പോയതിനാൽ, രണ്ട് ഗോളുകളുടെ ആവേശത്തോടെ തന്നെ ആദ്യ പകുതിക്ക് സമാപനമായി.

രണ്ടാം പകുതിയിൽ ഇരു ടീമുകളും തീവ്രത കുറഞ്ഞ മൽസര നീക്കങ്ങളാണ് പ്രദർശിപ്പിച്ചത്. മിഡ്ഫീൽഡിനെ കേന്ദ്രീകരിച്ച് മാത്രമായി മൽസരത്തിന്റെ വ്യാപ്തി കുറഞ്ഞപ്പോൾ ഫൈനൽ തേർഡിൽ ആക്രമണ ഭീഷണിയുയർത്തപ്പെട്ടേയില്ല. പൂർണ്ണ സമയമെത്തുന്നതിന് ഒൻപത് മിനിറ്റുകൾ ബാക്കി നിൽക്കവേ ആണ് രണ്ടാം പകുതിയിലെ യഥാർത്ഥ ഒരു അവസരം രൂപപ്പെട്ടത്.  വലത് ഫ്‌ളാങ്കിൽ നിന്ന് ഒറ്റയ്ക്ക് കുതിച്ച ജെറി അതിനൊടുവിലായി ഒരു ക്രോസ് നൽകിയത് സ്വീകരിച്ച അസൂക്കയുടെ ഹെഡ്ഡർ, ജിങ്കനിൽ നിന്നുളള സമ്മർദ്ദം ഒഴിവാക്കുന്ന ബദ്ധപ്പാടിൽ നേരേ ചെന്നെത്തിയത് റചൂബ്കയുടെ കൈകളിൽ തന്നെ.

മൂന്ന് മിനിറ്റുകൾക്ക് ശേഷം അസൂക്കക്ക് കേരള പ്രതിരോധത്തെ തുളച്ചു കടക്കുവാൻ കഴിഞ്ഞു. എന്നാൽ, അദ്ദേഹത്തിന്റെ ഷോട്ട് ജിങ്കൻ തടുത്തതിനാൽ ഗോളായി മാറാനുളള അവസരം ലഭിച്ചില്ല. എന്നാൽ, മൽസരം സമാപനത്തോട് അടുക്കുന്ന ഘട്ടത്തിൽ കേരളത്തിന് ഒരു ഗോൾ മടക്കാനായി.  പകരക്കാരനായി വന്ന സിഫ്‌ന്യോസാണ് ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ആശ്വാസ ഗോൾ നേടിയത്. ജിങ്കൻ ഇടത്തെ കോർണർ ഫ്ളാഗിനു സമീപത്തു നിന്നും ബോക്സിനകത്തേക്കു കൊടുത്ത പാസിൽ നടന്ന കൂട്ടപ്പൊരിച്ചിലിനിടെ സിഫ്‌ന്യോസ് ഹെഡ്ഡറിലൂടെ വലയിലാക്കി (2-1).

അവസാന നിമിഷങ്ങളിൽ ഒരു ഗോൾ കൂടി നേടി സമനില സ്ഥാനമെങ്കിലും കേരളത്തിന് നേടാൻ കഴിയാതിരുന്നതിനാൽ, അന്തിമ വിസിൽ മുഴങ്ങിയപ്പോൾ ജാംഷെഡ്പൂരിന് സ്വന്തം കളിക്കളത്തിലെ ആദ്യ വിജയം കൈക്കലാക്കാനായി.

ഈ ജയത്തോടെ ജാംഷെഡ്പൂർ എഫ്സി 13 പോയിന്റോടെ എഴാം സ്ഥാനത്തേക്കു മുന്നേറി. 14 പോയിന്റുമായി കേരള ബ്ലാസ്്റ്റേഴ്സ് ആറാം സ്ഥാനം തുടർന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനി 21-ന് കൊച്ചിയിലെ കളിക്കളത്തിൽ എഫ്സി ഗോവയെ നേരിടും.

മാച്ച് അവാർഡുകൾ

ക്ലബ്ബ് അവാർഡ്:   ജാംഷെഡ്പൂർ എഫ്സി

സ്വിഫ്റ്റ് മൊമന്റ് ഓഫ് ദ് മാച്ച്: യുംനാം രാജു

ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ് മാച്ച് അവാർഡ്:  ബികാസ് ജെയ്റു

അമുൽ ഫിറ്റസ്റ്റ് പ്ലെയർ: ഇസു അസൂക്ക

എമേർജിംഗ് പ്ലെയർ: ജെറി മാവ്മിംഗ്താംഗ

ഹീറോ ഓഫ് ഓഫ് ദ് മാച്ച്: മെമോ

ഇവിടെ മാച്ച് ഹൈലൈറ്റുകൾ കാണുക: