ഗോവ വാസ്കോയിലെ തിലക് മൈതാന സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിലെ നാലാം മത്സരത്തിൽ ഒഡീഷ എഫ്‌സിയെ മറികടക്കാനായി തന്റെ ടീം പ്രതിരോധത്തിനും ആക്രമണത്തിനും ഇടയിൽ ശരിയായ രീതിയിൽ നിലനിന്ന് സ്കോർ ചെയ്യണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് അഭിപ്രായപ്പെട്ടു.

അദ്ദേഹം ഒഡീഷ എഫ്‌സിയുടെ കളിയുടെ നിലവാരത്തെ അഭിനന്ദിക്കുകയും ടീമിലെ അവരുടെ ദേശീയ ടീം കളിക്കാരെ പ്രശംസിക്കുകയും ചെയ്തു. തന്റെ ടീമിന് മൂന്ന് പോയിന്റുകൾ നേടാനായി ലഭിക്കുന്ന അവസരങ്ങൾ പരിവർത്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പരിശീലകൻ മാധ്യമങ്ങളോട് സംസാരിച്ചു.

പത്രസമ്മേളനത്തിൽ പ്രധാന ഭാഗങ്ങൾ വായിക്കാം.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇപ്പോഴും ആക്രമണവും പ്രതിരോധവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തുന്നുണ്ടോ?

“ആക്രമണ ഫുട്ബോൾ കളിക്കുമ്പോൾ അത് ഫുട്ബോളിലെ രസകരമായ കാര്യമാണ്, അത് എതിരാളിക്ക് ചില സാധ്യതകൾ തുറക്കുന്നു, നിങ്ങൾ ചില ഗോളുകൾ വഴങ്ങിയേക്കാം, അപ്പോൾ പ്രതിരോധം എത്ര മോശമാണെന്ന് എല്ലാവരും സംസാരിക്കാൻ തുടങ്ങും. നിങ്ങൾ ഒരു മികച്ച പ്രതിരോധം നടത്തി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ, ഗോളുകളൊന്നുമില്ലെന്ന് എല്ലാവരും പറയും, എന്നാൽ ഇതാണ് ഫുട്ബോൾ."

"നമ്മൾ ശരിയായ ബാലൻസ് കണ്ടെത്തണം, നമ്മുടെ അവസരങ്ങൾ പരിവർത്തനം ചെയ്യണം, ഗോളുകളൊന്നും വഴങ്ങരുത്. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ കൂടുതൽ മെച്ചപ്പെടാനും അവർ ആഗ്രഹിച്ച ഫലങ്ങൾ നേടാനും ടീമായി മാറാനും പല കാര്യങ്ങളിലും കൂടുതൽ കഠിനാധ്വാനം ചെയ്യാനും ആഗ്രഹിക്കുന്നു.”

ഒഡീഷ എഫ്‌സി സെറ്റ്-പീസുകളിൽ നിന്ന് ധാരാളം ഗോളുകൾ നേടുന്നു, ഈ ഭീഷണിയെ നേരിടാൻ എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുണ്ടോ?

"തീർച്ചയായും അതിൽ ഞങ്ങൾ തയ്യാറെടുക്കുന്നുണ്ട്, സെറ്റ്-പീസ് വഴിയുള്ളതിനു മാത്രമല്ല, മറ്റെല്ലാ വശങ്ങളിലും. പ്രീ-സീസൺ സൗഹൃദ മത്സരങ്ങളിൽ ഞങ്ങൾ ഒഡീഷയ്‌ക്കെതിരെ നന്നായി കളിച്ചു. അവർക്ക് ചില ഗുണങ്ങളുണ്ടെന്ന് ഞങ്ങൾക്കറിയാം. ഒരു ടീം എന്ന നിലയിൽ, ആ സെറ്റ്-പീസുകളെ നേരിടാൻ നിങ്ങൾ തയ്യാറായിരിക്കണം, എന്നാൽ ഞങ്ങൾ ചെയ്യാൻ പോകുന്നത് അതുമാത്രമല്ല, ഞങ്ങൾ തയ്യാറെടുക്കുന്ന വശങ്ങളിലൊന്നു മാത്രമാണത്. ഓരോ മത്സരത്തിലും എതിരാളികൾക്കെതിരെ മികച്ച തയ്യാറെടുപ്പുകൾ നടത്തേണ്ടത് അത്യാവശ്യമാണ്.”

മധ്യനിരയിലെ ക്രിയേറ്റിവിറ്റിയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ നിങ്ങൾ കെട്ടിപ്പടുക്കുന്ന ഗെയിമിന്റെ വേഗതയെ ഇല്ലാതാക്കുന്നുണ്ടോ?

"അല്ല അങ്ങനെ ഒന്നും ഇല്ല. ATK മോഹൻ ബഗാനെതിരായ ഞങ്ങളുടെ ആദ്യ മത്സരത്തിൽ, ഞങ്ങൾ ആക്രമണാത്മക ഫുട്ബോൾ കളിക്കുകയായിരുന്നു, ഞങ്ങൾ അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ രണ്ട് ഗോളുകൾ നേടിയെങ്കിലും നാല് ഗോളുകൾ വഴങ്ങി.”

“നോർത്ത് ഈസ്റ്റിനെതിരായ കളിയിൽ ഞങ്ങൾ ആധിപത്യം പുലർത്തി, ഞങ്ങൾ ആ കളി ജയിക്കേണ്ടതായിരുന്നുവെന്ന് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കാരണം ഞങ്ങൾ കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഞങ്ങൾക്ക് ആ മൂന്ന് പോയിന്റുകൾ നേടാനുള്ള അവസരങ്ങളുണ്ടായിരുന്നു. എന്നാൽ ഫിനിഷിംഗിൽ ഞങ്ങൾക്ക് വേണ്ടത്ര കൃത്യതയില്ലാത്തതിനാൽ അത് സംഭവിച്ചില്ല.”

“കളിയിലെ ക്ഷീണത്തിന്റെ തോതും പരിഗണിക്കേണ്ടതുണ്ട്, ഞങ്ങൾ ഒമ്പത് ദിവസത്തിനുള്ളിൽ മൂന്ന് ഗെയിമുകൾ കളിച്ചു, ഞങ്ങളുടെ എതിരാളികളേക്കാൾ ഇന്നത്തെ മത്സരത്തിനായി വീണ്ടെടുക്കാൻ ഞങ്ങൾക്ക് ഒരു ദിവസം കുറവാണ്. അവസാന മത്സരങ്ങളെ അപേക്ഷിച്ച് പാസുകൾ, ക്വാളിറ്റി ഫിനിഷിംഗ് എന്നിവയിലും ഞങ്ങൾ പുരോഗമിക്കേണ്ടതുണ്ട്.”