കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ്  സീസണിലെ പതിനേഴാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സിയെ നേരിട്ടു. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. ചെന്നൈയിൻ എഫ്‌സിക്കായി എൽ ഖയാത്തി ആദ്യ ഗോൾ നേടിയപ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിനായി അഡ്രിയാൻ ലൂണയും രാഹുൽ കെപിയും ഗോളുകൾ നേടി.  ഈ സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പത്താം വിജയമാണിത്. മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പകെടുത്തു.

"ഓർത്തെടുക്കുമ്പോൾ ഈ സീസണിൽ കളിയിൽ പിറകിലാകുകയും പിന്നീട് തിരിച്ചു പിടിക്കുകയും ചെയ്യുന്നത് ഇതാദ്യമല്ല. പല വട്ടം അങ്ങനെ സംഭവിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രതികരണം കാണുബോൾ, അക്കാര്യത്തിൽ ഞാൻ സന്തോഷവാനാണ്. ഇന്ന് കളിക്ക് മുൻപ് തന്നെ സ്പോർട്ടിങ് ഡിറക്ടറോട് ഹോട്ടലിൽ വച്ച് സംസാരിക്കുമ്പോൾ തന്നെ എനിക്ക് ശുഭ പ്രതീക്ഷകൾ ഉണ്ടായിരുന്നു. ആൺകുട്ടികൾ നന്നായി കൃത്യമായി പ്രതികരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ആദ്യ നിമിഷങ്ങൾക്കുള്ളിൽ ഗോൾ വഴങ്ങിയെങ്കിലും എനിക്ക് പ്രതീക്ഷകൾ ഉണ്ടായിരുന്നു.”

“ആദ്യ മിനിറ്റുകളിൽ ഗോൾ വഴങ്ങുന്നത് തികച്ചും വേദനാജനകമാണ്. ആദ്യ നിമിഷം മുതൽ അവസാന നിമിഷം വരെ ശ്രദ്ധ പുലർത്തണം. അത്തരം തെറ്റുകൾ നമുക്ക് സഹിക്കാനാകില്ല. അതിനു ശേഷം കൃത്യമായി പ്രതികരിച്ചതിലൂടെ മികച്ച രീതിയിലാണ് ആദ്യ പകുതി പൂർത്തിയാക്കിയത്. കളിക്കാർ ആദ്യ പകുതിയിൽ വളരെ മികച്ചതായിരുന്നു. ഈ സീസണിൽ ഹോം സ്റ്റേഡിയത്തിൽ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചത്." ഇവാൻ പറഞ്ഞു.

"പരിശീലനത്തിൽ നടത്തിയ കാര്യങ്ങളൊക്കെ കൃത്യമായി പ്രവർത്തികമാകുമ്പോൾ അതെന്നെ ഒരു പരിശീലകനെന്ന നിലയിൽ സന്തോഷിപ്പിക്കുന്നു. ടാക്ടിക്കിക്കൽ സൈഡിലും അങ്ങനെ തന്നെ. രണ്ടാം പകുതിയിൽ ഞങ്ങൾക്ക് മടങ്ങിയെത്തണമായിരുന്നു. ആ മികച്ച ഗോൾ നേടുന്നതിന് മുൻപും ഞങ്ങൾക്ക് ചില മികച്ച അവസരങ്ങൾ ഉണ്ടായിരുന്നു. രണ്ടാം പകുതിയിൽ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം ലഭിച്ചു.”

“ആദ്യ പകുതിക്കു ശേഷം ഞങ്ങൾ അസ്വസ്ഥരാകാനും പരിഭ്രാന്തരാകാനും ധൃതിയുള്ളവരാകാനും പാടില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. രണ്ടാം ഗോളിന് ശേഷം ഞങ്ങൾ കൂടുതൽ ഓർഗനൈസ്ഡ് ആയിരിക്കാൻ ശ്രമിച്ചു. അവസാന നിമിഷം ആദ്യം സംഭവിച്ചതുപോലെ ഗോൾ വഴങ്ങാതിരിക്കാൻ ശ്രമിച്ചു. കഴിഞ്ഞ ആഴ്ച പറഞ്ഞതുപോലെ ഇത് ക്യാരക്ടറിനെയും മാനസികാവസ്ഥയെയും സംബന്ധിച്ചതാണ്. ജയിക്കുന്നവന്റെ മാനസികാവസ്ഥ. എതിരാളികളെ അപകടകരമായ ഒന്നും ചെയ്യാൻ അനുവദിക്കാത്ത മാനസികാവസ്ഥ. എല്ലാത്തിനുമവസാനം ആഴ്ചകൾക്ക് ശേഷം ചെറിയൊരാശ്വാസം ലഭിച്ചു. അദ്ദേഹം പറഞ്ഞു.

അവസാന മത്സരത്തിൽ ഇറങ്ങിയ ടീമിൽനിന്ന് മാറ്റങ്ങൾ വരുത്തിയ ആരംഭ നിരയെയാണ് ഇന്ന് വുകോമാനോവിച്ച് കളത്തിലിറക്കിയത് . ഗോൾകീപ്പിംഗിൽ പ്രഭ്സുഖൻ സിംഗ് ഗിൽ മടങ്ങിയെത്തി. ആരംഭ നിരയിൽ ഹർമൻജോത് ഖബ്ര, ബ്രൈസ് മിറാൻഡ, അപൊസ്തൊലസ് ജിയാനു എന്നിവരെ ഒഴിവാക്കിയപ്പോൾ നിഷു കുമാർ, സഹൽ അബ്ദുൾ സമദ്, ഇവാൻ കലിയൂഷ്നി എന്നിവർ ടീമിൽ ഇടം നേടി.

മത്സരമാരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ ആരാധകരെയാകെ ഞെട്ടിച്ച് ചെന്നൈയിൻ എഫ്‌സി ആദ്യ ഗോൾ നേടി.  ഡച്ച് താരം അബ്ദുനാസർ എൽ ഖയാത്തിയാണ് ചെന്നൈയിനായി ലീഡ് നേടിയത്. ബോക്സിനു പുറത്തുനിന്ന് ബ്ലാസ്റ്റേഴ്സ് നിരയെ കടന്ന് പീറ്റർ സ്ലിസ്കോവിച്ചിന്റെ അസിസ്റ്റിൽ എൽ ഖയാത്തിയുടെ ഇടം കാൽ ഷോട്ട് ലക്ഷ്യത്തിലെത്തുകയായിരുന്നു. മുപ്പത്തിയെട്ടാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടിയത്. അനിരുദ്ധ് ഥാപ്പ സഹലിന്റെ ഷോട്ട് ബോക്സിനുള്ളിൽ തട്ടിയകറ്റി. പന്ത് ലഭിച്ച ലൂണയുടെ ഷോട്ട് വലയുടെ ഇടതുമൂലയിൽ തട്ടി ഗോളായി മാറുകയായിരുന്നു. ആദ്യ പകുതി സമനിലയിൽ കലാശിച്ചു.

അറുപത്തിനാലാം മിനിറ്റിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയഗോൾ നേടിയത്. ചെന്നൈയിൻ ബോക്സിന്റെ ഒരു വശത്തു നിന്ന് ലൂണ നൽകിയ ബോൾ വരുതിയിലാക്കിയ രാഹുലിന്റെ ഷോട്ട് ചെന്നൈയിൻ ഗോൾ കീപ്പറുടെ ശ്രമങ്ങളെ വിഫലമാക്കി വല തുളക്കുകയായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങും വരെ മറ്റൊരു ഗോൾ നേടാൻ ഇരു ടീമുകൾക്കുമായില്ല. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മത്സര വിജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. മത്സരത്തിൽ ഹീറോ ഓഫ് ദി മാച്ച് അവാർഡ് കേരളാ ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ സ്വന്തമാക്കി.

മത്സര വിജയത്തോടെ മൂന്നു പോയിന്റുകൾ നേടിയ കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലിതുവരെ പതിനേഴു പോയിന്റുകൾ സ്വന്തമാക്കി. പതിനേഴു മത്സരങ്ങളിൽ നിന്നായി പതിനെട്ടു പോയിന്റുകൾ സ്വന്തമാക്കിയ ചെന്നൈയിൻ എഫ്‌സി ഏറ്റം സ്ഥാനത്ത് തുടരുന്നു. ഫെബ്രുവരി പതിനൊന്നിന് ബെംഗളുരുവിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.