യുവ പ്രതിരോധ താരം റുയിവ ഹോർമിപാമിനെ ടീമിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മൂന്നു വർഷത്തെ കരാറിൽ  2024 വരെയാണ്  താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ഇരുപതു വയസ് പ്രായമുള്ള റുയിവ ഹോർമിപാം മണിപ്പൂരിലെ സോംദാൽ സ്വദേശിയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഫുട്ബോൾ ലോകത്തേക്ക് കടന്നുവന്ന റുയിവ 2019-20 സീസണിൽ ഇന്ത്യൻ ആരോസിന്റെ പ്രധാന താരമായിരുന്നു. കരിയറിന്റെ ആരംഭത്തിൽ മണിപ്പൂരിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യൻ അക്കാദമിയിൽ പരിശീലനം നടത്തിയിരുന്ന റുയിവ ഹോർമിപാം പിന്നീട് 2018-ൽ ഐ ലീഗ് ക്ലബ്ബായ പഞ്ചാബ് എഫ്സിയിൽ എത്തി. തുടക്കത്തിൽ പഞ്ചാബ് എഫ്സിയുടെ അണ്ടർ-18 ടീമിനു വേണ്ടിയാണ് അദ്ദേഹം കളിച്ചത്. അവിടെ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് ഇന്ത്യയുടെ അണ്ടർ-18 ടീമിൽ അവസരം ലഭിച്ചു. പഞ്ചാബ് എഫ്സിയുടെ അണ്ടർ-18 ടീമിലെ കരുത്തനായ പ്രതിരോധ നിര താരമായിരുന്നു റുയിവ ഹോർമിപാം.

സീസണിൽ ഉടനീളം മികച്ച സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച റുയിവ, പഞ്ചാബ് എഫ്സിക്കൊപ്പം ഹീറോ എലൈറ്റ് അണ്ടർ-18 ലീഗ് കിരീടം സ്വന്തമാക്കി. 2019-ൽ നേപ്പാളിൽ വെച്ച് നടന്ന സാഫ് കപ്പിൽ കിരീടം നേടിയ ടീമിലും റുയിവ അംഗമായിരുന്നു. 2019-20 സീസണിൽ പഞ്ചാബ് എഫ്സിയിൽ നിന്ന് അദ്ദേഹം ലോണിൽ ഇന്ത്യൻ ആരോസിൽ എത്തി. ഇന്ത്യൻ ആരോസിനായി ഐ ലീഗിൽ പതിനാലു മത്സരങ്ങൾ കളിച്ച താരം വീണ്ടും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലോൺ കാലാവധി കഴിഞ്ഞ് പഞ്ചാബ് എഫ്സിയിൽ തിരിച്ചെത്തിയ താരം 9 മത്സരങ്ങൾ ക്ലബ്ബിനു വേണ്ടി കളിച്ചു. അതിൽ ആറു മത്സരങ്ങളിൽ ആദ്യ ഇലവനിൽ താരത്തിന് ഇടം നേടാനായി.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിൽ താരം സന്തോഷം പ്രകടിപ്പിച്ചു. "ബ്ലാസ്റ്റേഴ്സിനൊപ്പം എന്റെ ഫുട്ബോൾ യാത്ര തുടരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകവൃന്ദത്തെക്കുറിച്ച് ഞാൻ വളരെയധികം കേട്ടിട്ടുണ്ട്. എപ്പോഴും ഈ ടീമിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഭാവിയിൽ ക്ലബ്ബിനു വേണ്ടി കളിക്കളത്തിൽ ഞാൻ കഠിനമായി പരിശ്രമിക്കും. ടീമിനൊപ്പം പരിശീലനം ആരംഭിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു" അദ്ദേഹം പറഞ്ഞു.