ഞായറാഴ്ച വൈകിട്ട് വാസ്‌കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വച്ചുനടന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (മത്സരത്തിൽ ജംഷദ്‌പൂർ എഫ്‌സിക്കെതിരെ 3-2ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വിജയിച്ചു. മത്സരത്തിൽ കോസ്റ്റ ഒരു ഗോളും മറെ രണ്ടു ഗോളുകളും ബ്ലാസ്റ്റേഴ്സിനായി നേടി. വാൽസ്കിസ് ആണ് ജാംഷെഡ്പൂരിനായി രണ്ടു ഗോളുകളും നേടിയത്. മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന മാധ്യമങ്ങളോട് പ്രതികരിച്ചു.

"മത്സരത്തിൽ വിജയിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചു. തുടക്കം മുതൽ ഞങ്ങൾ മൂന്ന് പോയിന്റുകൾക്കായി പോരാടുകയായിരുന്നു. ഞങ്ങൾ നന്നായി ആരംഭിച്ച്, ഒരു സെറ്റ് പീസിൽ നിന്ന് സ്കോർ ചെയ്തു. രണ്ടാം പകുതി ഇരു ടീമുകളും വളരെ തുല്യമായിരുന്നു. റെഡ് കാർഡിന് ശേഷം മത്സരം വിജയിക്കുക ബുദ്ധിമുട്ടാണ്. പക്ഷേ ഞങ്ങൾ യഥാർത്ഥ സ്വഭാവം കാണിച്ചു. ഞങ്ങൾ വളരെ മത്സരാത്മകമായ ടീമാണെന്ന് ഞങ്ങൾ തെളിയിച്ചു. ടീമിന് മൂന്ന് പോയിന്റുകൾ ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്.” വികുന പറഞ്ഞു.

79, 82 മിനിറ്റുകളിൽ ഗോൾ നേടിയ മറെ ജംഷദ്‌പൂരിനെ വിസ്മയിപ്പിച്ചു. ഈ വിജയം തന്റെ ടീമിനു സീസൺ മുഴുവനായും ഊർജ്ജമാകുമെന്ന് കിബു വിശ്വസിക്കുന്നു. “ഞാൻ എന്റെ ടീമിൽ വിശ്വസിക്കുന്നു, ഞങ്ങൾക്ക് നല്ല ഫുട്ബോൾ കളിക്കാനും മികച്ച ഫലങ്ങൾ നേടാനും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ വിജയം സീസണിലെ വഴിത്തിരിവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.

അവസാനം വരെ പോരാടിയ ജംഷദ്‌പൂർ എഫ്‌സിയെ വികുന പ്രശംസിച്ചു. “ഞങ്ങൾ മികച്ച ടീമിനെതിരെയാണ് മത്സരിച്ചത്. അവർക്ക് ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുണ്ട്, അവർ സെറ്റ് പീസുകളിൽ വളരെ അപകടകാരികളാണ്. ലീഗിലെ ചില മികച്ച ടീമുകളെ അവർ തോൽപ്പിച്ചു, അവർ വളരെ നല്ല ടീമാണ് ” അദ്ദേഹം പറഞ്ഞു.

അതേസമയം, ജംഷദ്‌പൂർ ഹെഡ് കോച്ച് ഓവൻ കോയ്‌ൽ വിജയം നേടാത്തതിൽ നിരാശ പ്രകടിപ്പിച്ചു. “അവർക്ക് 11 കളിക്കാർ ഉള്ളപ്പോൾ ഞങ്ങൾ കളിയിൽ മികച്ചതാരായിരുന്നു. അധിക കളിക്കാരുടെ ഗുണം നിങ്ങൾക്ക് ലഭിക്കുമ്പോൾ, ഏകാഗ്രതയിൽ വീഴ്ചകൾ ഉണ്ടാകാം. കളി തോൽക്കാൻ ഞങ്ങൾ യോഗ്യരല്ലായിരുന്നു.”

മൂന്നു പോയിന്റുകൾ നേടിയെങ്കിലും റാങ്കിങ്ങിൽ ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തു തന്നെ തുടരുന്നു. ജനുവരി പതിനഞ്ചിനു നടക്കുന്ന അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും.