കൊടിയേറുകയായ് ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം. നീണ്ട അഞ്ചു സീസണുകൾ പിന്നിട്ട് ആറാം സീസണിൽ എത്തിനിൽക്കുമ്പോൾ കാല്പന്തുകളി വികാരമായ നമ്മൾ മലയാളികൾക്ക് ISL ഉത്സവം തന്നെയാണ്.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുള്ള 10 ടീമുകളാണ് ഐഎസ്എൽ ആറാം സീസൺ ആയ 2019-20 സീസണിൽ ഒക്ടോബർ 20 മുതൽ മാർച്ച് വരെ മത്സരിക്കുന്നത്.

കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സി കൊച്ചി, കേരളം, ATK എഫ്‌സി കൊൽക്കത്ത, വെസ്റ്റ് ബംഗാൾ, ബെംഗളൂരു എഫ്‌സി, ബാംഗ്ലൂർ, കർണാടക, ചെന്നൈയിൻ എഫ്‌സി ചെന്നൈ, തമിഴ്നാട്, ഗോവ എഫ്‌സി, മാർഗാവോ, ഗോവ, ഹൈദരാബാദ് എഫ്‌സി​ഹൈദരാബാദ്, തെലുങ്കാന, ജംഷഡ്‌പൂർ എഫ്‌സി ജംഷഡ്‌പൂർ, ജാർഖണ്ഡ്, മുംബൈ സിറ്റി എഫ്‌സി, മുംബൈ, മഹാരാഷ്ട്ര, ഒഡിഷ എഫ്‌സി, ഭുബനേശ്വർ, ഒഡിഷ എന്നിവയാണ് ഈ സീസണിലെ ടീമുകൾ.

ഒക്ടോബർ 20-ന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സി ATK എഫ്‌സിയെ നേരിട്ടുകൊണ്ട് ഈ സീസണ് കൊടിയേറും. 21-ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. കൊച്ചിയില്‍ ഒക്ടോബര്‍ 24-നാണ് അടുത്ത മത്സരം. മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികൾ.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്‌സും തമ്മില്‍ തന്നെയായിരുന്നു ഉദ്ഘാടന മത്സരം. ലീഗ് ഘട്ടത്തില്‍ ആകെ 90 മത്സരങ്ങളാണ് നടക്കുക. ഒക്ടോബര്‍ 20-ന് മത്സരം തുടങ്ങുമെങ്കിലും നവംബര്‍ 10 മുതല്‍ 22 വരെ ഇടവേളയായിരിക്കും. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള ഇടവേളയാണിത്. അടുത്ത വര്‍ഷം ഫെബ്രുവരി 23-ന് ലീഗ്ഘട്ട മത്സരങ്ങള്‍ അവസാനിക്കും.

ഫ്രെബുവരി 23-നാണ് ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ലീഗ് മത്സരം.
അടിമുടി മാറ്റങ്ങളുമായി കഴിവുള്ള ധാരാളം പ്ലയേഴ്‌സിനെ ഉൾപ്പെടുത്തി പുതുരൂപത്തിലാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. ഈ മാറ്റങ്ങളെല്ലാം ശുഭസൂചനയായണ് കേരളത്തിലെ ആരാധകർ വിലയിരുത്തുന്നത്.

കഴിഞ്ഞ സീസണുകളിലായി മോശം പ്രകടനം കാഴ്ചവച്ചിരുന്ന ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കപ്പടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ. അന്താരാഷ്ട്ര താരങ്ങളായ ഓഗ്‌ബെച്ചേയുടെയും റാഫേൽ മെസ്സിയുടേയുമെല്ലാം സാന്നിധ്യം ആ പ്രതീക്ഷക്ക് ആക്കം കൂട്ടുന്നു. ടീം ക്യാപ്റ്റൻ ഓഗ്‌ബെച്ചെ ടീമിന്റെ നട്ടെല്ലായി ടീമിനൊപ്പമുണ്ട്. കഴിഞ്ഞ കാലങ്ങളിലായി നാഷണൽ ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഹൽ ടീമിന്റെ നെടുംതൂണായുണ്ട്. എന്നാൽ പരിക്കേറ്റ സന്ദേശ് ജിങ്കൻറെ അഭാവം ടീമിന്റെ പ്രധിരോധനിരയെ കാര്യമായി ബാധിക്കാൻ ഇടയുള്ളതിനാൽ അതിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകളിനാണ് ടീം.