നാല് മാസത്തിലധികം കാലം പത്ത് ടീമുകൾ തമ്മിലുള്ള ത്രസിപ്പിക്കുന്ന പോരാട്ടങ്ങളോടെ, ഇത് വരെ നടന്ന എല്ലാ സീസണകളിലും വെച്ച് ഏറ്റവും വലുതും വിജയകരവുമായ ഒന്നായിരുന്നു 2017-18 ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ. ഫൈനലിൽ ബംഗളുരു എഫ്.സി യെ 3-2 ന് പരാജയപ്പെടുത്തി ചെന്നൈ ISL ചരിത്രത്തിലെ തങ്ങളുടെ രണ്ടാം കിരീടം നേടി. ഇത്തവണത്തെ സീസൺ ഒരു പറ്റം റെക്കോഡുകൾ പിറക്കുന്നതിന് കൂടി സാക്ഷിയായ ഒന്നാണ്. ഈ സീസണിൽ ഇത്തവണ പിറന്ന റെക്കോഡുകൾ അവലോകനം ചെയ്യുന്നതോടെപ്പം ISLഎങ്ങനെയാണ് രാജ്യത്തെ മികച്ച കായിക പ്രദർശനങ്ങളിൽ ഒന്നായി മാറിയത് എന്ന് കൂടി നമുക്കൊന്ന് നോക്കാം.

• 100 ഗോൾ എന്ന മാർക്ക് മറികടക്കാൻ ഇത്തവണ കേവലം 38 മത്സരങ്ങൾ മതിയായിരുന്നു. ലീഗ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വേഗത്തിൽ 100 - ഗോളുകൾ തികയ്ക്കുന്നത്. ഈ നാഴികക്കല്ലിന് അർഹമായ ഗോൾ നേടിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ മാർക്ക് സിഫ്നിയോസ് ആണ്.

• ഹീറോ ISLൽ ആക്രമണ ഫുട്ബോളിന്റെ സുന്ദരമായ കൊടുങ്കാറ്റ് വീശിയടിച്ചത് ഫെറാൻ കൊറോമിനാസിന്റെ കാലുകളിൽ നിന്നാണ്. തുടർച്ചയായ മത്സരങ്ങളിൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി അദ്ദേഹം മാറി. ഈ സീസൺ അവസാനിക്കുമ്പോൾ ഫെറാനിന്റെ പേരിൽ 18 ഗോളുകൾ കൂട്ടിച്ചേർത്തു. ഒരൊറ്റ സീസണിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഒരു കളിക്കാരൻ എന്നാ ബഹുമതിയും ഫെറാറിന് സ്വന്തം.

• ജാംഷഡ്പൂർ എഫ്.സിയുടെ "അത്ഭുതബാലൻ" എന്ന് അറിയപ്പെടുന്ന ജെറി മാഹ്മിംഗ്തങ്ക, കളി തുടങ്ങി 22.6 സെക്കന്റുകൾക്കുള്ളിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ ഗോൾ കൊണ്ട് സൂപ്പർ ലീഗ് ചരിത്രത്തിൽ തന്നെ ഏറ്റവും കുറവ് സമയത്തിനുള്ളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരൻ ആയി. 29 സെക്കന്റുകൾക്കുള്ളിൽ ഗോൾ നേടിയ മുൻകാല റെക്കോഡുടമ ക്രിസ് ഡാഗ്നാലിന്റെ റെക്കോഡാണ് ജെറി മറികടന്നത്.

• ലീഗ് മത്സരങ്ങൾ പുരോഗമിക്കവെ സമ്മർദ്ദങ്ങളെ അതിജീവിച്ച് എല്ലാ ടീമുകളും മത്സരങ്ങളിൽ ഒരു താളം കണ്ടെത്തിക്കൊണ്ടിരുന്നു. സീസണിലെ പത്താമത്തെ ആഴ്ച്ചയിൽ മാത്രം ഇന്ത്യൻ കളിക്കാർ നേടിയത് 12 റെക്കോഡുകൾ ആണ്. ഒരാഴ്ച്ചയിൽ തന്നെ 12 റെക്കോഡുകൾ പിറക്കുക എന്നത് തന്നെ ഒരു സർവ്വകാല റെക്കോഡാണ്.

• ഈ സീസൺ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി യെ സംബന്ധിച്ച് നിരാശാജനകമായ ഒന്നായിരുന്നു എങ്കിലും അവരുടെ സീമൻലെൻ ഡൗങ്കെൽ എന്ന കളിക്കാരൻ മാത്രം വേറിട്ട് നിന്നു. ചെന്നൈക്കെതിരെ നടന്ന മത്സരത്തിൽ ഈ 24-കാരൻ നോർത്തീസ്റ്റുകാർക്ക് വേണ്ടി ഹാട്രിക് നേടുന്ന ആദ്യ കളിക്കാരൻ ആയി. ചെന്നൈക്കെതിരായി ഒരു ടീം നേടുന്ന ആദ്യ ഹാട്രിക്കും ഇത് തന്നെ.

• ഹീറോ ISLലെ ഏറ്റവും സ്വാധീനശേഷിയുള്ള കളിക്കാരനാണ് ഇയാൻ ഹ്യൂം. എന്നാൽ സീസണിൽ പരിക്കുകൾ അദ്ദേഹത്തെ വല്ലാതെ അലട്ടിയതിനാൽ ഈ കനേഡിയൻ കളിക്കാരന്റെ മാന്ത്രിക പ്രകടനം ശരിക്കൊന്ന് കാണാൻ നമുക്കായില്ല. എന്നിരുന്നാലും ലീഗ് ചരിത്രത്തിൽ മൂന്ന്ന് തവണ ഹാട്രിക്ക് നേടുന്ന ആദ്യ കളിക്കാരൻ ഹ്യൂം ആണ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഹാട്രിക് നേടിയ ഏക കളിക്കാരനും ഇയാൻ ഹ്യൂം ആണ്.

• ലീഗ് ചരിത്രത്തിൽ ആദ്യമായി സീസൺ-മദ്ധ്യേ കളിക്കാർ ക്ലബുകൾ മാറുന്ന കാഴ്ചയും കളിച്ച രണ്ടു ക്ലബ്ബുകൾക്ക് വേണ്ടി ഗോൾ നേടുകയും ചെയ്ത കാഴ്ചയും ഈ സീസണിൽ കാണാൻ ആയി. എഫ്.സി ഗോവക്ക് വേണ്ടി കളിച്ച മാർക്ക് സിഫ്നിയോസ് പകുതിക്ക് വെച്ച് കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നതും, ഗോവക്ക് വേണ്ടി തന്നെ ആദ്യം കരാറിൽ ഒപ്പ് വെച്ച മാനുവാൽ അറാന പിന്നീട് ഡൽഹി ഡൈനാമോസിൽ ചേർന്നതും നാം 2017-18 ഹീറോ ISLസീസണിൽ കണ്ടു.