ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ നാലാം മത്സരത്തിൽ ഒഡിഷ എഫ്‌സിയെ നേരിട്ട കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം സ്വന്തമാക്കി. വിജയരഹിതമായ 11 മത്സരങ്ങൾക്കും നീണ്ട 319 ദിവസങ്ങൾക്കപ്പുറവുമാണ് ആരാധകർ കാത്തിരുന്ന വിജയം കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ഒഡിഷ എഫ്‌സിയെ കേരളാ ബ്ലാസ്റ്റേഴ്‌സ് തോൽപ്പിക്കുന്നത്. എട്ടാം സീസണിൽ ഒഡിഷ എഫ്‌സി ആദ്യമായി തോൽവി വഴങ്ങിയപ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആദ്യ വിജയം സ്വന്തമാക്കി. കേരളാ ബ്ലാസ്റ്റേഴ്സിനായി അൽവാരോ വാസ്ക്വസും പ്രശാന്ത് മോഹനും ഒഡിഷ എഫ്‌സിക്കായി ഇഞ്ചുറി ടൈമില്‍ നിഖില്‍ രാജും ഗോളുകൾ നേടി.

മത്സരത്തിനു ശേഷം ഹർമൻജ്യോത് ഖബ്ര ഇന്ത്യൻ സൂപ്പർ ലീഗ് പ്രതിനിധികളുമായി സംസാരിച്ചു.

“ഞങ്ങളെ പിന്തുണയ്ക്കാൻ ദശലക്ഷക്കണക്കിന് ആരധകരുണ്ട്, എല്ലായ്‌പ്പോഴും പ്രതീക്ഷകൾ അവിടെയുണ്ട്. അതിനാൽ, ഡ്രസ്സിംഗ് റൂം അന്തരീക്ഷം എല്ലായ്പ്പോഴും മികച്ചതാണ്, ഞങ്ങൾ അതിനെക്കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ഇതൊരു തുടക്കം മാത്രമാണ്, നമ്മൾ എളിമയുള്ളവരായിരിക്കണമെന്നും തല താഴ്ത്തി നിൽക്കണമെന്നും യുവ താരങ്ങളെ ഞാൻ മനസിലാക്കിക്കണം. ഞങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്” ഖബ്ര പറഞ്ഞു.

“ഒഡീഷ എഫ്‌സി അവരുടെ അവസാന മത്സരങ്ങൾ വിജയിക്കുകയും മികച്ച പ്ലാൻ ഉള്ളവരുമായിരുന്നപ്പോൾ ഞങ്ങൾ അവർക്കെതിരെ പോരാടിയ രീതിക്ക് ഡ്രസ്സിംഗ് റൂമിലെ എല്ലാവരെയും ഞാൻ അഭിനന്ദിച്ചെ മതിയാകു. താരങ്ങളെല്ലാവരും നന്നായി കളിച്ചു, അവർ അഭിനന്ദനം അർഹിക്കുന്നു. ഞങ്ങൾക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു, ഞങ്ങൾ അതിൽ ഉറച്ചുനിന്നു. ഞങ്ങളുടെ സ്‌ട്രൈക്കർമാരെ ഞങ്ങൾ അഭിനന്ദിക്കുന്നു, അവർ ഗോളുകൾ നേടിത്തന്നു, പക്ഷേ അവസാന നിമിഷം ഗോൾ വഴങ്ങിയതിൽ ഒരു പ്രതിരോധ താരമെന്ന എന്ന നിലയിൽ ഞാൻ നിരാശനാണ്” ഖബ്ര കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചും ഇന്ത്യൻ സൂപ്പർ ലീഗ് പ്രതിനിധികളുമായി സംസാരിച്ചു.

“ഞങ്ങൾക്ക് ഫുട്ബോൾ കളിക്കാൻ കഴിയുന്ന മികച്ച ചില യുവ കളിക്കാർ ഉണ്ട്. എന്റെ കാഴ്ചപ്പാടിൽ, ഒരു പരിശീലകനെന്ന നിലയിൽ കളിക്കാർ മെച്ചപ്പെടുകയും മികച്ചവരാകുകയും പുതിയ കാര്യങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയാണ് അവർക്ക് പിന്നീട് അവരുടെ കരിയറിൽ കൂടുതൽ ശ്രദ്ധയും കഴിവുമുണ്ടാകുന്നത്. സഹൽ ലൈനിനിടയിൽ കളിക്കാൻ കഴിയുന്ന ഒരു താരമാണ്. അദേഹം ഒരു പത്താം നമ്പറിനെപ്പോലെ മുന്നിലും ഒരു സ്‌ട്രൈക്കറെപ്പോലെ, സൈഡിലും കളിക്കാൻ കഴിയുന്ന ഒരു താരമാണ്. അതിനാൽ, ഇന്ന് അദ്ദേഹം പ്രധാനപ്പെട്ട സ്‌ട്രൈക്കർമാരോട് അടുപ്പമുള്ള താരമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം ഞങ്ങൾ പ്രായോഗികമായി ശ്രമിക്കുന്ന സാധാരണ കോമ്പിനേഷനുകൾ ഉണ്ട്. ഒരു പരിശീലകനെന്ന നിലയിൽ ഈ താരങ്ങൾ വളരുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് കാണുന്നതിൽ ഞാൻ സന്തുഷ്ടനാണ്.

രണ്ട് അസിസ്റ്റുകൾ നേടി ഹീറോ ഓഫ് ദി മാച്ച് ജേതാവ് അഡ്രിയാൻ ലൂണയും തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചു.

“ഈ മൂന്ന് പോയിന്റുകൾ വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഇന്ന് രാത്രി ഞാൻ എന്റെ ടീമിനെക്കുറിച്ച് വളരെ അഭിമാനിക്കുന്നു. ഞങ്ങൾ 2-1 ന് വിജയിച്ചു. ഞങ്ങൾ മനോഹരമായ ഫുട്ബോൾ കളിച്ചു. എന്റെ എല്ലാ സഹതാരങ്ങളെയും ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾ എല്ലായ്പ്പോഴും ആക്രമണാത്മകമായിരിക്കാൻ ശ്രമിക്കുന്നു. അതിനായി ഞങ്ങൾ എതിരാളിയെ പഠിക്കുകയും അവർ എങ്ങനെ കളിക്കുന്നുവെന്ന് നോക്കുകയും വിലയിരുത്തുകയും വേണം, പക്ഷേ ഞങ്ങൾ മികച്ച രീതിയിൽ ഫുട്ബോൾ കളിക്കാൻ ശ്രമിക്കുന്നു. ഞാൻ അടുത്ത ഗെയിമിനായി കാത്തിരിക്കുകയാണ്, നന്നായി കളിക്കാനും ഞങ്ങളുടെ ആരാധകർക്ക് അഭിമാനം തോന്നാനും ശ്രമിക്കുകയാണ്.

ഇന്നത്തെ മത്സരത്തോടുകൂടി നാലു മത്സരങ്ങളിൽ നിന്നായി അഞ്ചു പോയിന്റുകൾ നേടി കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ ആറാം സ്ഥാനത്തേക്കുയർന്നു. ഡിസംബർ 19നു നടക്കുന്ന അഞ്ചാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും.