ഗോവ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചരങ്ങേറിയ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലെ അറുപത്തിയേഴാം മത്സരത്തിൽ എഫ്‌സി ഗോവയോട് 3-2 ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി  പരാജപ്പെട്ടു. മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ കോച്ച് എൽകോ ഷട്ടോറി തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചു. 

"ഒന്നാമതായി, ആദ്യ പകുതി മികച്ചതായിരുന്നില്ല. ഇത് സമർത്ഥതയോടും ജാഗ്രതയോടും ബന്ധപ്പെട്ടിരിക്കുന്നു. വേഗത്തിൽ ഫ്രീ കിക്കെടുക്കാൻ ഞങ്ങൾ അവരെ അനുവദിക്കുകയും അവർ സ്കോർ ചെയ്യുകയും ചെയ്തു. രണ്ടാം പകുതിയിൽ ഞങ്ങൾ ഗോവയെ പൂർണ്ണമായും മറികടന്നു. ഒരു ടീം മാത്രമേ രണ്ടാം പകുതിയിൽ ഫുട്ബോൾ കളിച്ചിരുന്നൊള്ളു. അത് ഗോവയല്ല.” 

"വിമർശകർ ഞങ്ങളുടെ പൊസഷനെ പറ്റിയും ഞങ്ങൾ സജീവമാകാത്തതിനെപ്പറ്റിയും സംസാരിക്കുമ്പോൾ, ഞങ്ങൾ എങ്ങനെയാണ് ഗോൾ നേടിയതെന്നും ആ ഗോളുകൾ എത്രത്തോളം മികച്ച പാസുകളിൽ നിന്നും മികച്ച ഡെലിവറിയിൽ നിന്നാണെന്നും നിങ്ങൾ കണ്ടു.

2-2 ലേക്ക് മടങ്ങിവരുമ്പോൾ, ഞാൻ വരുത്താൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾ വരുത്താൻ കഴിയുന്നില്ലയെന്ന അതേ പ്രശ്‌നത്തിലേക്ക് ഞാൻ മടങ്ങിയെത്തുന്നു." അദ്ദേഹം പറഞ്ഞു. 

ഗോവയുടെ മൂന്നാമത്തേത് ഗോൾ ഓഫ്-സൈഡ് ആയിരിക്കാമെന്നും ഡച്ചുകാരൻ അവകാശപ്പെട്ടു. എന്നിരുന്നാലും, ഗോളിന് മുന്നിലുള്ള ഗോവയുടെ ഗുണനിലവാരം മൂന്ന് പോയിന്റുകളും നേടാൻ സഹായിച്ചതായി അദ്ദേഹം സമ്മതിച്ചു. 

"3-2 ഒരു ഓഫ്-സൈഡ് ആണോ ഇല്ലയോ എന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് തെറ്റുപറ്റിയേക്കാം, പക്ഷേ അത് ഓഫ്സൈഡ് ആണെന്ന് എനിക്ക് തോന്നുന്നു. 2-2 നല്ലതല്ലെന്നും ഞാൻ മുൻപോട്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും ഞാൻ എന്റെ സഹായികളോട് പറഞ്ഞു. എനിക്ക് വിജയം നേടണമായിരുന്നു. ഫിനിഷിങ്ങിൽ അവർക്ക് ഒരു പ്രത്യേക ഗുണമുണ്ടെന്ന് ഞാൻ കാണുന്നു. ഞങ്ങൾ അവരെ മറികടന്നില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവർക്ക് ഫുട്ബോൾ മനസ്സിലാകില്ല എന്ന് ഞാൻ പറയും." അദ്ദേഹം ഉപസംഹരിച്ചു. 

ഇതോടുകൂടി പതിനാലു മാച്ചുകളിൽ നിന്നായി ഇരുപത്തിയേഴു പോയിന്റുകൾ നേടി ഗോവ ഒന്നാം സ്ഥാനത്തും പതിനാലു കളികളിൽ നിന്നായി പതിനാലു പോയിന്റുകൾ നേടി കേരളാബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തും തുടരുന്നു. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വച്ചു നടക്കുന്ന അടുത്ത മത്സരത്തിൽ കേരളബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സിയെ നേരിടും.