സഹലിനെത്തേടി കവ്വായീലെത്തിയ പെരേരക്കു മ്മടെ കവ്വായീ മൊത്തത്തിലങ്ങ് ബോധിച്ചു. ഒരെന്തായാലും മ്മടെ ഹുസ്സൈനേം കൂടി കവ്വായീം ആടത്തെ സ്പോർട്സ് ക്ലബ്ബോളൊക്കെ മുയോനും കാണാൻ തീരുമാനിച്ച്. ആടത്തെ ഗ്രേറ്റ് കവ്വായി ക്ലബ്ബിലും  ഹാക്കേഴ്‌സ് ഐലൻഡ് ക്ലബ്ബിലും മൂപ്പര് ചെന്ന് ഇരുന്നും കിടന്നും ഗവേഷിച്ച്.

അങ്ങനെ ഇരിക്കുമ്പോ ഒരീസം ഇപ്പൊ വരാമെന്നും പറഞ്ഞ് മ്മടെ ഹുസ്സൈൻ വൈകിട്ട് ഒരു ഏഴു മണിയായപ്പോ ഒരു മുങ്ങല് മുങ്ങി. മൂപ്പരാകെ ബേജാറായി. (കുറച്ചീസം കൊണ്ട് തന്നെ മൂപ്പർടെ ഖല്ബില് ഓൻ കേറി കുത്തീർന്നാർന്നു. അല്ല.. മൂപ്പർടെ എളേ മോന് ഓന്റെ അതെ പ്രയാണല്ലോ.)  ഇനി ഓനെന്തെങ്കിലും പറ്റിക്കാണോ? മൂപ്പര് വിരണ്ടു നല്ലോണം വിശർത്ത്. ആടെ ഒരു ജുമാ മസ്ജിദിന്റെ എടുത്തതാണ് ഓന്റെ വീടെന്നു  മൂപ്പരോർത്ത്. ബെക്കം തന്നെ ഒരോട്ടോമേല് കേറി അറിയാബുന്ന ഭാഷേല് സ്ഥലം പറഞ്ഞോടുത്തു. ഓട്ടോ ഓടിക്കണ ചെക്കൻ മൂപ്പരെ സ്ഥലത്ത് കൊണ്ടാക്കി. ചോദിച്ചും പിടിച്ചും ഒരു ഓന്റെ വീട്ടിലെത്തി.

വയീന്നേ മൂപ്പർക്ക് നല്ല മണം വന്നീര്ന്നു. നല്ല ഫുട്ബാളിന്റെ മണം. അല്ലേലും ഇമ്മടെ ഷൈജൂന്റെ കമൻറ്ററി മനസിലാക്കാൻ മലയാളം പടിക്കണ്ടല്ല. ഏതു ഭാശക്കാരുടേം ഖൽബിലേക്ക് ഇടിച്ചുകേറും ഓന്റെ കമൻറ്ററി.

ആടെ ചെന്നപ്പോയെന്താ, നിലത്ത് കുത്തീർന്നു പത്തിരീം കടിച്ചു ഓൻ ടീവി കാണുന്നു. മൂപ്പർക്ക് പിരാന്തു കയറി. ഒരണ്ണം വച്ചോടുക്കാമെന്നു കരുതി മൂപ്പര് ചെന്നപ്പോളാണ് ടീവില് മൂപ്പരാ കാഴ്ച കണ്ടത്. ഐഎസ്എൽ  ലൈവില് മ്മടെ ബ്ലാസ്റ്റേഴ്സിന്റെ മുത്തോള് ചെന്നൈയിനെ പഞ്ഞിക്കിടുന്ന സമയത്ത്  ഇത്തിരിയൊള്ളോരു ചെക്കൻ പറന്നു നടന്ന് ബോള് തടുക്കുന്നത്. മൂപ്പർടെ കണ്ണ് ബുൾസൈ പോലെ മിയിച്ചു. മൂപ്പരാടെ കുത്തീർന്നു. "ആരാണ്ടാ ഈ ചെക്കൻ.. , ഓന്റെ കാലിലെന്താ സ്പ്രിങ്ങിണ്ടോ?"  മൂപ്പര് ഹുസൈനോട് ചോയ്ച്ചു..

"അതെന്താ സായിപ്പേ… ങ്ങടെ റാമോസിനും നെറ്റോക്കും മാത്രേ കാലില് സ്പ്രിങ് പാടൊള്ളു?" ഓൻ സുരേഷ് ഗോപീന്റെ സ്റ്റൈലില് ഒരു മറുചോദ്യം ചോയ്ച്ച്. മൂപ്പർക്ക് പറയാൻ ഇടം കൊടുക്കാണ്ട് ചെക്കൻ പറഞ്ഞോടങ്ങി.

"ഒനാണ് ധീരജ്. ധീരജ് സിങ്..! കാണുന്നപോലല്ല.. പ്രായോം വലിപ്പോം കുറവാണേലും ചെക്കൻ പുലിയാ.. മണിപ്പൂരിലാണ് മുത്ത് ജനിച്ചേ.. 2017ല് അണ്ടർ 17 ലോകകപ്പിലാണ് ഓനെ ഞങ്ങളൊക്കെ കണ്ടേ. പക്ഷെ ചെക്കൻ അതിനു തോനെ മുന്നേ ഫുട്ബോള് കളിച്ചു വളർന്നോനാ.  2012-ല്‍ ഇന്ത്യന്‍ അണ്ടര്‍-14 ടീമിലെത്തി. പിന്നെ അണ്ടര്‍ 16, 17 ടൂര്‍ണമെന്റുകളി ലെല്ലാം ഓൻ കളിച്ച്. കാഠ്മണ്ഡുവില്‍ നടന്ന പതിനാറാം സാഫ് അണ്ടര്‍ 16 കപ്പ് ഇന്ത്യ നേടേതില്  ചെക്കന്റെ പാർട്ട് ആര് മറന്നാലും ഈ ഹുസൈൻ മറക്കൂല്ല. എഐഎഫ്എഫ് എലൈറ്റ് അക്കാഡമീലാണ് ചെക്കൻ കളിച്ച് വളർന്നെ. ആദ്യം ഐ ലീഗില് ഇന്ത്യൻ ആരോസിന്റെ ഒപ്പം കളിച്ച്. പിന്നാണ് കേരളാ ബ്ലാസ്റ്റേഴ്‌സിലോട്ട് വന്നേ. ബ്ളാസ്റ്റേഴ്സിന്റെ പതിനാറു കളിയില് ഏഴെണ്ണത്തിൽ ഓനാർന്നു ഗോൾ കീപ്പർ. ഓരോ കളീലും ചെക്കൻ തന്നതൊക്കെ ഒരുകാലത്തും മ്മള് മറക്കൂല്ല.”

ധീരജിനെപ്പറ്റി പറഞ്ഞു തീർന്നപ്പോളേക്കും ബ്ലാസ്റ്റേഴ്‌സ് കളി ജയിച്ച്. എന്തായാലും സായിപ്പിന് ധീരജിനെ നല്ലോണം ബോധിച്ചു. ന്റുമ്മോ… ധീരജിനെ വേറാരും കണ്ണുവക്കണ്ടാന്നു കരുതി ഹുസൈൻ ഓന്റെ ഉമ്മ വേവിച്ച പത്തിരിയൊരെണ്ണം സായിപ്പിന് കൊടുത്ത്. സായിപ്പെന്തായാലും ഹുസ്സൈന്റെ ഉമ്മാക്ക് ഒബ്രിഗാഡോ പറഞ്ഞ് തിരിച്ചുപോകാനൊരുങ്ങി.

സായിപ്പിനെ കൊണ്ടുവിടാൻ കാറെടുക്കുന്ന നേരത്ത് ഹുസൈൻ  മനസ്സിലൊരു കിനാവ് കണ്ടു.. 2026 ല് ഇന്ത്യ ലോകകപ്പ് നേടുമ്പോ വല കാത്തോണ്ടുനിക്കണ മ്മടെ ധീരജിനെ.

മ്മടെ ചില കിനാക്കള് മ്മള് മറന്നാലും പടച്ചോൻ മറക്കില്ല എന്ന് ഓർക്കാതെ.