Image credit: IndianFootball@Twitter

ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്ന 2022 ഫിഫ ലോകകപ്പ്, 2023 എഎഫ്സി ഏഷ്യൻ കപ്പ്, എന്നിവയുടെ  ഗ്രൂപ്പ് ഇ യോഗ്യതാ മത്സരത്തിൽ 2-0ന് ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ. സമയോചിതമായി സുനിൽ ഛേത്രി നേടിയ രണ്ടു ഗോളുകളാണ് ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത്. 79-ആം മിനിറ്റിലും ഇഞ്ചുറി ടൈമിന്റെ 2-ആം മിനിട്ടിലുമാണ് ഛേത്രി ഗോളുകൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഇന്ത്യ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ ആദ്യ പകുതിയിൽ ഒന്നിലധികം അവസരങ്ങൾ അവസരങ്ങൾ സൃഷ്ടിച്ചിട്ടും ഇന്ത്യക്ക് ഗോൾ നേടാനായില്ല. ചിംഗ്‌ലെൻസാന സിങ്ങും മൻവീർ സിങ്ങും ഗോൾ നേടുമെന്നുറപ്പിച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ബംഗ്ലാദേശിന്റെ മികച്ച പ്രതിരോധം അവസരോചിതമായത് തടഞ്ഞു.

79 ആം മിനുട്ടിൽ ആഷിക് കുരുണിയന്റെ  മികച്ചൊരു ക്രോസിൽ നിന്നാണ് സുനിൽ ഛേത്രി ഇന്ത്യക്കായി ആദ്യ ഗോൾ സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിൽ ബോക്സിനുള്ളിൽ നിന്ന് സുരേഷ് വാങ്ജാം നൽകിയ മികച്ച അസിസ്റ്റിൽ വീണ്ടും സുനിൽ ഛേത്രി ലീഡ് ഇരട്ടിയാക്കി.

ഈ  മത്സരത്തോടുകൂടി അവസാനിച്ചത് ഇന്ത്യയുടെ 11 മത്സരങ്ങളുടെ വിജയരഹിതത യാത്രയാണ്. ഇന്നത്തെ രണ്ടു ഗോളുകളുൾപ്പെടെ ദേശീയ ടീമിനായി സുനിൽ ഛേത്രി നേടുന്ന ഗോളുകളുടെ എണ്ണം 74 ആയി. ഇതുവരെ നടന്ന 2022 ഫിഫ ലോകകപ്പ്, 2023 എഎഫ്സി ഏഷ്യൻ കപ്പ്, എന്നിവയുടെ ഏഴ്  ഗ്രൂപ്പ് ഇ യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ നേടിയ ആദ്യ വിജയമാണിത്. വിജയത്തോടുകൂടി മൂന്നു പോയിന്റ് സ്വന്തമാക്കിയ ഇന്ത്യ ഗ്രൂപ്പ് ഇ പട്ടികയിൽ 19 പോയിന്റോടു കൂടി അഫ്ഗാനിസ്ഥാനെ പിന്തള്ളി ഒന്നാം സ്ഥാനക്കാരായ ഖത്തറിനും 12 പോയിന്റോടു കൂടി രണ്ടാം സ്ഥാനക്കാരായ ഒമാനും പിന്നിലായി മൂന്നാം സ്ഥാനത്തേക്കുയർന്നു.

ജൂൺ പതിനഞ്ചിനു നടക്കുന്ന അടുത്ത മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും.