രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയും ചൈനയും ഏറ്റുമുട്ടുന്ന ഫുട്ബോൾ മാച്ച് ഇന്ത്യൻ സമയം വൈകിട്ട‌് 5.05 സുസോ സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ചു. ഐ എസ് എൽ കേരളബ്ലാസ്റ്റേഴ്‌സ് ടീം ക്യാപ്റ്റൻ ആണ് ഇത്തവണ ടീമിനെ നയിച്ചത്.  ഇതുവരെ ഇന്ത്യയുടേയും ചൈനയുടെയും  സീനിയർ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത് 17 കളികളിൽ ആണ്.അതിൽ അവസാനത്തേത്  21 വര്ഷങ്ങള്ക്കു മുൻപ് കൊച്ചിയിൽ വച്ച് നെഹ്‌റു കപ്പ് ഫുട്ബാൾ മാച്ച് ആയിരുന്നു അത്. ഇതിൽ പന്ത്രണ്ടിലും ചൈന വിജയിച്ചു. ബാക്കി കളികൾ സമനിലയിലും അവസാനിച്ചു. ഒരിക്കൽ പോലും വിജയത്തിന്റെ മാധുര്യം നുണയാൻ ഇന്ത്യക്കായിരുന്നില്ല.

ഏതാനും വര്ഷങ്ങളായി ഫുട്ബാളിൽ താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ചൈന താരതമ്യേന മോശം പ്രകടനവും. എന്നാൽ റാങ്കിങ്ങിൽ ഇന്ത്യയെക്കാളുമേറെ മുൻപിലാണ് ചൈന. ഫിഫ റാങ്കിങ്ങിൽ ചൈന എഴുപത്തിയാറാം സ്ഥാനത്തും  ഈ അടുത്തായി മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഇന്ത്യ തൊണ്ണൂറ്റിയേഴാം സ്ഥാനത്തുമാണ്.

സന്ദേശ് ജിങ്കൻറെ നേതൃത്വത്തിൽ നീലക്കടുവകൾ ഇന്ന് കളത്തിലിറങ്ങിയപ്പോൾ പ്രതീക്ഷകൾ ഏറെ ആയിരുന്നു.  തീപ്പൊരിപ്പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. ആക്രമണമായിരുന്നു ചൈനീസ് ടീം ആദ്യം മുതൽ കൈകൊണ്ടത്. എന്നാൽ അത് തിരിച്ചറിഞ്ഞു അവസരത്തിനൊത്തു ഇന്ത്യൻ ടീം പൊരുതി. പതിമൂന്നാം മിനിറ്റിൽ പ്രീതം കോടലി ഒരു ഗോളിന് ശ്രമിച്ചെങ്കിലും പരാജപ്പെട്ടു. കളിയുടെ നിലവാരം മനസിലാക്കി ഇന്ത്യൻ ടീം ഉയർന്നെങ്കിലും ചൈനീസ് ടീമിന്റെ ആക്രമണം മുന്നിട്ടു നിന്നു. പതിനെട്ടാം മിനിറ്റിൽ ഇന്ത്യൻ ടീമിന് ഒരു ഫ്രീ കിക്കിന് അവസരം ലഭിച്ചെങ്കിലും അത് ലക്‌ഷ്യം കണ്ടില്ല. ആദ്യപകുതി ഗോളുകൾ ഒന്നുമില്ലാതെ അവസാനിച്ചു. പലവട്ടം വലക്കുള്ളിലേക്കു കുതിച്ച പന്തിനെ ഇന്ത്യയുടെ ഗോൾകീപ്പർ ഗുൽപ്രീത് മടക്കി. അക്ഷരാർത്ഥത്തിൽ മിന്നും പ്രകടനമാണ് ഗുൽപ്രീത് കാഴ്ചവച്ചത്. അഞ്ചുമിനിറ് എക്സ്ട്രാ ടൈം അനുവദിച്ചെങ്കിലും ഗോൾ നേടാൻ ഇരു ടീമുകൾക്കുമായില്ല. കാളിയവസാനിക്കുമ്പോൾ ഗോളുകൾ ഒന്നും വഴങ്ങാതെ കളി സമനിലയിൽ അവസാനിച്ചു. ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടില്ലെങ്കിലും തോൽവിയുടെ കയ്പ്പറിയാതെ ഇത്യൻ ടീം പൊരുതി നിന്നു.