2021 എഎഫ്സി കപ്പ് പ്രിലിമിനറി രണ്ടാം റൗണ്ട് പോരാട്ടത്തിൽ ത്രിഭുവൻ ആർമി എഫ്സിയെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി ബെംഗളൂരു എഫ്സി. ജിഎംസി ബാംബോലിം സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. മത്സരത്തിൽ ആദ്യം മുതൽ അവസാനം വരെ വ്യക്തമായ ആധിപത്യം പുലർത്താൻ ബെംഗളൂരുവിനായി. ക്ലീറ്റൺ സിൽവയും രാഹുൽ ഭെകെയും സുനിൽ ഛേത്രിയും ടീമിനായി ഗോളുകൾ നേടി.

അൻപത്തിയൊന്നാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ബെംഗളൂരു താരം രാഹുൽ ഭേകെ ആണ് ആദ്യ ഗോൾ നേടിയത്. അടുത്ത നിമിഷം തന്നെ രണ്ടാം ഗോൾ നേടി സുനിൽ ഛേത്രി ബെംഗളുരുവിന്റെ ലീഡ് ഉയർത്തി. അറുപത്തിയൊന്നാം മിനിറ്റിൽ ക്ലീറ്റൺ സിൽവ മൂന്നാം ഗോളും വെറും രണ്ടു മിനിട്ടിനു ശേഷം നാലാം ഗോളും നേടി. അറുപത്തിയഞ്ചാം മിനിറ്റിൽ ഭേകെ അഞ്ചാം ഗോളും നേടി.

2020-21 ഹീറോ ഐഎസ്എൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബെംഗളുരുവിനു ആയിരുന്നില്ല. ലീഗ് പട്ടികയിൽ ഏഴാം സ്ഥാനത്തായാണ് ടീം സീസൺ പൂർത്തിയാക്കിയത്. കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ജനുവരിയിൽ മുഖ്യ പരിശീലകൻ കാൾസ് ക്വാഡ്രാറ്റുമായിയുള്ള കരാർ ടീം മാനേജ്മന്റ് അവസാനിപ്പിക്കുകയും തുടർന്ന് ഇടക്കാലത്തേക്ക് മുഖ്യ പരിശീലകനായി നൗഷാദ് മൂസയുടെ സേവനം ടീം സ്വീകരിക്കുകയും ചെയ്തിരുന്നു. ടീമിന്റെ പുതിയ പരിശീലകനായി മാർക്കോ പെസായുവോളിയെ ഫെബ്രുവരിയിൽ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു.

ബംഗളൂരു എഫ്സി അവസാനമായി കളിച്ച മത്സരത്തിൽ ജംഷദ്പൂർ എഫ്സിക്കെതിരെ 3-2 ന് പരാജയപ്പെട്ടിരുന്നു. 2020-21 ഹീറോ ഐഎസ്എൽ, സീസണിൽ വെറും അഞ്ച് മത്സരങ്ങളിൽ മാത്രം വിജയിക്കാനേ ബെംഗളുരുവിനായുള്ളു. ബാക്കിയുള്ള ഇരുപതു മത്സരങ്ങളിൽ ഏഴു സമനിലയും ഏറ്റു തോൽവിയും ടീം വഴങ്ങി. ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ബെംഗളൂരു എഫ്സി ടീമിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നുവത്.എന്നാൽ മാർക്കോ പെസായുവോളിയുടെ കീഴിൽ ബെംഗളൂരു എഫ്സിയുടെ ആദ്യ ഔദ്യോഗീക മത്സരം തന്നെ മികച്ച വിജയം നേടിയത് ടീമിന് ശുഭപ്രതീക്ഷയാണ് നൽകുന്നത്.