ഏഴാം സീസണിലെ ചെന്നൈയിൻ എഫ്‌സിക്കെതിരായ  മൂന്നാം മത്സരത്തിൽ വീണ്ടുമൊരു സമനില വഴങ്ങി കേരളാബ്ലാസ്റ്റേഴ്‌സ്. മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ കിബു വികുന പങ്കെടുത്തു.

"ഞങ്ങൾ കളിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ മത്സരം നന്നായിയല്ല ആരംഭിച്ചത്. പക്ഷേ ആദ്യ പകുതിയുടെ പകുതി മുതൽ ഞങ്ങൾ നന്നായി കളിക്കാൻ തുടങ്ങി. പന്ത് കൈവശം വയ്ക്കുക, പകുതിക്ക് ക്രോസ് നൽകുക എന്നിങ്ങനെ. രണ്ടാം പകുതിയിൽ അത് വളരെ സമമായിരുന്നു. അവസാന 20-30 മിനിറ്റിൽ ടീം ക്ഷീണിതരായിയെന്ന് ഞാൻ കരുതുന്നു. കാരണം ഞങ്ങൾ വ്യാഴാഴ്ച കളിച്ചു. എതിരാളികളുടെ അതേ അവസ്ഥയിലായിരുന്നു ഞങ്ങൾ കളിച്ചിരുന്നതെങ്കിൽ (മൂന്നാമത്തേതിന് പകരം രണ്ടാമത്തെ ഗെയിം കളിക്കുകയായിരുന്നെങ്കിൽ) ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ ലഭിക്കുമായിരുന്നു. "കിബു വികുന പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഗാരി ഹൂപ്പർ കളിക്കളത്തിൽ ചിലവഴിച്ച തന്റെ 84 മിനിറ്റ് നേരത്തെ കളിയിൽ 67 ശതമാനം പാസ് കൃത്യതയോടെ 14 പാസുകൾ നൽകി. ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ടോപ്സ്‌കോറർ ഒഗ്‌ബെച്ചെയുടെ പകരക്കാരനായിട്ടാണ് അദ്ദേഹം എത്തിയതെങ്കിലും ഒരു നല്ല തുടക്കം കണ്ടെത്താൻ അദ്ദേഹത്തിന് ഇതുവരെയും സാധിച്ചിട്ടില്ല. ഗാരി ഹൂപ്പർ ടീമിനൊപ്പം ഇഴകിച്ചേരാൻ ഇനിയും സമയം ആവശ്യമാണെന്ന് വികുന പറഞ്ഞു.

"ഇല്ല, ഗാരി ഗോളുകൾ നേടുന്നുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ടീമിനൊപ്പം കളിക്കാനും ടീമിനെ അറിയാനും അദ്ദേഹത്തിന് സമയം ആവശ്യമാണ്. തന്റെ ടീമംഗങ്ങളെ അറിയാനും അങ്ങനെ ഗാരിക്ക് നല്ലൊരു സീസൺ ലഭിക്കുവാനും" വികുന പറഞ്ഞു.

സഹൽ അബ്ദുൾ സമദ്, വിസെന്റെ ഗോമസ്, സെർജിയോ സിഡോഞ്ച എന്നിവരുടെ ഫിറ്റ്നസ് നിലയെക്കുറിച്ചും വിക്യുന സംസാരിച്ചു. പൂർണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് അടുത്താണ് സഹൽ. ക്ഷീണിതനായിരുന്നില്ലെങ്കിൽ ചെന്നൈയിനെതിരെ അദ്ദേഹത്തിന് കളിക്കാമായിരുന്നു. എന്നാൽ ഗോമസിന് പൂർണ്ണ ഫിറ്റ്നസ് ഇല്ലെന്നും സിഡോഞ്ചയ്ക്ക് കണങ്കാലിന് പരിക്കേറ്റതായും കിബു വെളിപ്പെടുത്തി.

ജംഷെദ്‌പൂരിനെ  ഒരു ഗോളിന് തളച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈ കളത്തിലിറങ്ങിയത്. എന്നാൽ ആദ്യമത്സരത്തിൽ തോൽവിയും രണ്ടാം മത്സരത്തിൽ സമനിലയും വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് ഈ മത്സരം നിർണായകമായിരുന്നു.

എന്നാൽ ബ്ലാസ്റ്റേഴ്സ് താരം സിഡോയ്ക്ക് പരിക്കേറ്റത് ടീമിന് വൻ തിരിച്ചടിയായി. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽപോലും ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്ന് കാര്യമായ ഒരു ആക്രമണവും ഉണ്ടായില്ല. ഗോൾ നേടാൻ യാതൊരു ആവേശവും കാണിക്കാതെ ബാക്ക് പാസുമായി ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ വേഗം കുറയ്ക്കാൻ ശ്രമിച്ചപ്പോൾ അവസാന നിമിഷവും ഗോൾ നേടാനുള്ള ശ്രമമാണ് ചെന്നൈയിൻ എഫ്സി നടത്തിയത്.

കേരള ബ്ലാസ്റ്റേഴ്സിന് സീസണിലിതുവരെ ഒരു മത്സരം പോലും വിജയിക്കാൻ സാധിച്ചിട്ടില്ല. ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ ചെന്നൈയിൻ എഫ്സി ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അതേ സമയം ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തെത്തി.  മത്സരത്തിൽ മികച്ച പെനാൽറ്റി സേവുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായ ആൽബിനോ ഗോമസ് ഹീറോ ഓഫ് ദ മാച്ച് അവാർഡിനർഹനായപ്പോൾ അനിരുദ്ധ് ഥാപ്പ ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡ് നേടി.