Image credit: KeralaBlasters @Twitter

നാളെ ഡ്യൂറൻഡ് കപ്പിൽ നടക്കുന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഡെൽഹി എഫ്സിയെ നേരിടും. ഡ്യൂറൻഡ് കപ്പിൽ നടന്ന രണ്ട് മത്സരങ്ങളിൽ ഒരു ജയവും, ഒരു തോൽവിയുമാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം. ആദ്യ മത്സരത്തിൽ ഇന്ത്യൻ നേവിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് രണ്ടു ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു.

അതേ സമയം ഡെൽഹി എഫ്സി ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്ത്യൻ നേവിയോട് പരാജയപ്പെടുകയായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ രണ്ടു ഗോൾ വീതം നേടി അവർ ബെംഗളൂരു എഫ്സിയെ സമനിലയിൽ തളയ്ക്കുകയായിരുന്നു. നിലവിൽ ഗ്രൂപ്പ് സി-യിൽ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഡെൽഹി എഫ്സി.

കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണുള്ളത്. അതു കൊണ്ടു തന്നെ ഗ്രൂപ്പിലെ അവസാന മത്സരം ഇരു ടീമുകളെയും സംബന്ധിച്ച് അതീവ നിർണായകമാണ്. ക്വാർട്ടർ ഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ഇരു ടീമുകൾക്കും വിജയിച്ചേ മതിയാകൂ. അവസാന മത്സരത്തിൽ വഴങ്ങിയ തോൽവിയുടെ ആഘാതം മറക്കണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേടിയേ മതിയാകൂ.

പക്ഷേ ഡെൽഹി എഫ്സിയെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ അവരുടെ ചില പ്രധാന താരങ്ങൾ ഉണ്ടാകില്ല. ബെംഗളൂരു എഫ്സിക്ക് എതിരെ നടന്ന മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടതിനാൽ ഹോർമിപാം, സന്ദീപ് സിംഗ്, ദെനെചന്ദ്ര തുടങ്ങിയ താരങ്ങൾക്ക് നാളെ നടക്കുന്ന മത്സരം നഷ്ടപ്പെടും. ഇത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ ചില പ്രധാന താരങ്ങൾ ഇല്ലാതെ കളത്തിലിറങ്ങുമ്പോൾ അത് മുതലെടുക്കാൻ ഡെൽഹി എഫ്സിക്ക് കഴിയുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. പക്ഷേ ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിൽ ഇതുവരെ ഒരു വിജയം പോലും നേടാൻ കഴിയാത്ത ടീമാണ് ഡെൽഹി എഫ്സി. ഗ്രൂപ്പിലെ ദുർബലരായ എതിരാളികളായതിനാൽ ഡെൽഹി എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്താൻ തന്നെയാണ് കൂടുതൽ സാധ്യത.

ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ടീം കൂടിയാണ് ഡെൽഹി എഫ്‌സി. ഡെൽഹി പ്രതിരോധ നിരയുടെ ദൗർബല്യം മുതലെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുന്നേറ്റ നിരയ്ക്ക് സാധിച്ചാൽ തീർച്ചയായും ഒരു മികച്ച വിജയം തന്നെ ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ സാധിക്കും. വിദേശ താരങ്ങളായ ലൂണ, സിപോവിച്ച് എന്നിവർ നാളെ നടക്കുന്ന നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നാളെ വൈകുന്നേരം 3 മണിക്ക് കൊൽക്കത്തയിലെ മോഹൻ ബഗാൻ ഫുട്ബോൾ ഗ്രൗണ്ടിലാണ് ഈ മത്സരം നടക്കുക. മത്സരം പതിവു പോലെ അഡ ടൈംസ് ആപ്പിൽ ആരാധകർക്ക് തത്സമയം കാണാൻ കഴിയുന്നതാണ്.