ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരും സീസണിലേക്കായി ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ചുമായി കരാർ ഒപ്പുവച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. GNK Dinamo Zagreb-ൽ നിന്നാണ് അദ്ദേഹം കേരളബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ ചേരുന്നത്. ആറാമത്തെയും അവസാനത്തെയും വിദേശ കളിക്കാരനായാണ് ലെസ്കോവിച്ച്  കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്കൊപ്പം ചേരുന്നത്.

മുപ്പതുകാരനായ താരം ക്രൊയേഷ്യൻ ടോപ്പ് ഡിവിഷനിൽ 150ലധികം ഗെയിമുകൾ കളിച്ചിട്ടുണ്ട്. NK Osijek-ൽ തന്റെ കരിയർ ആരംഭിച്ച ലെസ്കോവിച്ച് ക്ലബ്ബിനായി 35 സീനിയർ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പിന്നീട്, നാലുവർഷത്തെ കരാറിൽ HNK റിജേക്കയിലേക്ക് കുടിയേറിയ താരം പ്രസ്തുത ടീമിനൊപ്പം യുവേഫ യൂറോപ്പ ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. 2016 ജൂലൈയിൽ ലെസ്കോവിച്ചിനെ ദിനാമോ സാഗ്രെബി ഭാഗമായ താരം 2020 ജനുവരിയിൽ സീസൺ അവസാനിക്കുന്നതുവരെ ലോണിൽ എൻകെ ലോക്കോമോട്ടിവയയുടെ ഭാഗമായിരുന്നു.

U18 മുതൽ U21 വരെയുള്ള എല്ലാ യുവ ദേശീയ തലങ്ങളിലും ലെസ്കോവിക് തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അർജന്റീനയ്‌ക്കെതിരായി നടന്ന മത്സരത്തിൽ 2014-ലാണ് ക്രൊയേഷ്യൻ സീനിയർ ദേശീയ ടീമിനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ അവസാന അന്താരാഷ്ട്ര പ്രകടനം എസ്റ്റോണിയയ്‌ക്കെതിരെയായിരുന്നു.

"മികച്ച പ്രകടനം നടത്താൻ ഉയർന്ന പ്രചോദനവുമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായ മികച്ച പ്രതിരോധ താരമാണ് ലെസ്കോവിച്ച്. വരാനിരിക്കുന്ന സീസണിലേക്കുള്ള റിക്രൂട്ട്മെന്റ് പൂർത്തിയാക്കി കരാർ ഒപ്പുവച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഈ സീസണിൽ മാർക്കോയ്ക്ക് എല്ലാ ആശംസകളും നേരുന്നു” കെബിഎഫ്‌സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞു.

"കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾക്ക് മുന്നിൽ ഒരുപാട് വെല്ലുവിളികളുണ്ട്, പക്ഷേ ഈ മഹത്തായ ക്ലബിലേക്ക് വരാനുള്ള എന്റെ ഉദ്ദേശ്യവും പ്രചോദനവും വ്യക്തമാണ് - ഒരുമിച്ച് വിജയിക്കാനായി അക്ഷമനായി കാത്തിരിക്കുന്നു” ലെസ്കോവിച്ച് പറയുന്നു.