ബെംഗളൂരു എഫ്‌സിയിൽ നിന്ന് ഡാനിഷ് ഫാറൂഖിനെ സ്വന്തമാക്കിയത് ഔദ്യോഗീകമായി സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2026 വരെയുള്ള കരാറിലാണ് 26 കാരനായ താരം ശൈത്യകാല ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബിന്റെ ഭാഗമായത്.

J&K ബാങ്ക് ഫുട്ബോൾ അക്കാദമിയിലൂടെയാണ് ഡാനിഷ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2016-ൽ റിയൽ കാശ്മീരിൽ ചേരുന്നതിന് മുമ്പ് ലോൺസ്റ്റാർ കാശ്മീരിൽ 18 മത്സരങ്ങൾ കളിച്ച താരം ഹീറോ ഐ-ലീഗ് രണ്ടാം ഡിവിഷനിലെ ടോപ്പ് സ്‌കോററും ടോപ്പ് അസിസ്റ്റ് പ്രൊവൈഡറും ആയി, സ്നോ ലെപ്പേർഡ്‌സിനെ 2017/18 സീസണിലെ ഐ- ലീഗിലേക്ക് യോഗ്യത നേടാൻ സഹായിച്ചു.  റിയൽ കശ്മീരിനൊപ്പം 5 വർഷം ചെലവഴിച്ചതിന് ശേഷം, ഡാനിഷിനെ ബെംഗളൂരു എഫ്‌സി രണ്ട് വർഷത്തെ കരാറിൽ സ്വന്തമാക്കി.

അതിനുശേഷം ഡാനിഷ് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 27 മത്സരങ്ങൾ കളിക്കുകയും 4 ഗോളുകൾ നേടുകയും ചെയ്തു. കരുത്തുറ്റ ശരീരപ്രകൃതിയും സ്‌കോറിങ് ശേഷിയും ഡ്രിബ്ലിംഗ് കഴിവും അദ്ദേഹത്തിന് കാശ്മീരി റൊണാൾഡോ എന്ന പേര് നൽകി.

ബ്ലാസ്റ്റേഴ്‌സിന്റെ വിന്റർ ട്രാൻസ്ഫറിനെക്കുറിച്ച് സന്തോഷത്തോടെ കരോലിസ് സ്കിൻകിസ് പറഞ്ഞു, “ഹീറോ ഐ‌എസ്‌എല്ലിന്റെ പശ്ചാത്തലത്തിൽ ഡാനിഷിനെ കണ്ടപ്പോൾ കഴിഞ്ഞ സീസണിലെ ടീമിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഡാനിഷ്. കേരള ബ്ലാസ്റ്റേഴ്‌സിന് ആവശ്യമായ കളിശൈലിയും അഭിനിവേശവും നിലവാരവും അദ്ദേഹത്തിനുണ്ട്. സീസണിലെ ഈ നിർണായക നിമിഷത്തിൽ ട്രാൻസ്ഫർ പൂർത്തിയാക്കാനും ഞങ്ങളുടെ ടീമിനെ ശക്തിപ്പെടുത്താനും ഞങ്ങൾക്ക് കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾ അദ്ദേഹവുമായി 3.5 വർഷത്തെ കരാറിൽ ഒപ്പുവച്ചു, വരാനിരിക്കുന്ന സീസണുകളിൽ ടീമിന്റെ സ്ഥിരതയ്ക്കുള്ള സുപ്രധാന നീക്കമാണിത്."

“കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. കൊച്ചിയിലെ അന്തരീക്ഷം തികച്ചും ആവേശകരമാണ്. പ്രശസ്തമായ മഞ്ഞ ജഴ്‌സി അണിഞ്ഞ് ടീമിന് വേണ്ടി എന്റെ ഏറ്റവും മികച്ചത് നൽകാൻ എനിക്കിനിയും കാത്തിരിക്കാനാവില്ല.” തന്റെ പുതിയ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചതിന് ശേഷം ഡാനിഷ് ഫാറൂഖ് പറഞ്ഞു.

ഹീറോ ഐ‌എസ്‌എല്ലിലെ ഡാനിഷിന്റെ മികച്ച പ്രകടനത്തെത്തുടർന്ന് ബഹ്‌റൈനും ബെലാറസിനും എതിരായ രണ്ട് സൗഹൃദ മത്സരങ്ങളിൽ ദേശീയ ടീമിലും അദ്ദേഹത്തിന് അവസരം ലഭിച്ചു. തുടർച്ചയായ രണ്ടാം പ്ലേഓഫ് പ്രവേശനത്തിനായി ബ്ലാസ്റ്റേഴ്‌സ് കരുത്തോടെ മുന്നേറുന്നതിനാൽ, സീസണിന്റെ അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ ഡാനിഷിന്റെ സാന്നിധ്യം ടീമിനെ കൂടുതൽ ശക്തിപ്പെടുത്തും. ഡാനിഷ് ഇതിനകം കൊച്ചിയിലെ തന്റെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഫെബ്രുവരി 3 ന് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനുള്ള ടീം സെലക്ഷനിൽ താരവും ലഭ്യമായിരിക്കും.