ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ ഏഴാം മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയെ പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കഴിഞ്ഞ സീസണിലെ ഫൈനലിൽ പെനാലിറ്റിയിൽ ഹൈദരാബാദ് എഫ്‌സിയോടായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. അതുകൊണ്ടു തന്നെ ഈ മത്സര വിജയം ബ്ലാസ്റ്റേഴ്സിന് അനിവാര്യമായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസ് ഡയമന്റക്കോസാണ് വിജയ ഗോൾ നേടിയത്.

മത്സരത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമാനോവിച്ച് പങ്കെടുത്തു.

"കളിയാരംഭിക്കുന്നതിനു മുൻപുതന്നെ ഈ സീസണിലെ ലീഗിലെ മികച്ച ടീമുകളിൽ ഒന്നാണ് ഹൈദരാബാദ് എഫ്‌സിയെന്ന് വസ്തുതകളിലൂടെ ഞങ്ങൾക്കറിയാമായിരുന്നു. ഇതൊരു കഠിനമായ മത്സരമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. വളരെയധികം കഠിനമായ സാഹചര്യങ്ങളും തീരുമാനങ്ങളും താരങ്ങൾക്കും റെഫറിമാർക്കും മറ്റെല്ലാവർക്കും. കഴിഞ്ഞ ഫൈനലിലെ ഞങ്ങളുടെ അനുഭവം കണക്കിലെടുത്ത് ഞങ്ങൾ ഓർഗനൈസ്ഡും കരുത്തരും ആയിരിക്കണം എന്ന് ഞങ്ങൾക്കറിയാമായിരുന്നു. പോയിന്റുകൾ ശേഖരിക്കാൻ സെറ്റ്പീസുകളിലും സാധ്യമായ മറ്റ് എല്ലാ വശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണമെന്ന് ഞങ്ങൾ മനസിലാക്കി. കാരണം പോയിന്റുകൾക്കു വേണ്ടി ഓരോ നിമിഷവും പോരാടേണ്ട നിമിഷത്തിലാണ് ഞങ്ങളിപ്പോൾ."  ഇവാൻ പറഞ്ഞു.

"കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക് പോയിന്റുകൾ നഷ്‌ടമായ കൂടുതൽ ശ്രദ്ധ നൽകേണ്ട സീസണിലെ രണ്ടാം ഘട്ടത്തിലേക്ക് ഞങ്ങൾ കടക്കുകയാണ്. ഈ സമയം ഞങ്ങൾ ശ്രദ്ധ നൽകണം, കരുത്തരാകണം. ആദ്യ ആറിൽ ഇടം നേടാൻ മറ്റൊരു ടീമിനും തകർക്കാൻ കഴിയാത്ത എല്ലാ വശങ്ങളിലും മികച്ച ടീമായി ഞങ്ങൾക്ക് മാറണം. മൂന്നു തോൽവികൾ തുടർച്ചയായി നേരിടേണ്ടി വന്നപ്പോൾ ഞങ്ങൾക്ക്  കാര്യങ്ങൾ മാറ്റേണ്ടി വന്നു. ഞങ്ങളുടെ സമീപനം, മാനസികാവസ്ഥ എന്നിവ. അത് ഫലം കണ്ടു. തുടർച്ചയായ മൂന്നു വിജയങ്ങൾ ഞങ്ങൾ നേടി. ഇത് ഞങ്ങൾക്ക് അഭിമാന നിമിഷമാണ്. കാരണം ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഈ നേട്ടം ഉണ്ടായിട്ടില്ല. ഇത് ഞങ്ങൾ സ്വയം പടുത്തുയർത്തി മുന്നേറേണ്ട സമയമാണ്. ഞങ്ങൾ ശാന്തരായിരിക്കണം, എളിമയുള്ളവരായിരിക്കണം, ഞങ്ങളുടെ സ്ഥാനത്തെപ്പറ്റിയും ഞങ്ങളാരാണെന്നും  പൂർണ ബോധ്യമുള്ളവരായിരിക്കണം. ഈ വിജയം ഞങ്ങൾക്ക് വളരെയധികം സന്തോഷം നൽകുന്നു. ഇന്നിവിടെ ഞങ്ങളെ പിന്തുണക്കാനെത്തിയ ആരാധകർക്ക് പ്രേത്യേക നന്ദി. ഈ വിജയം കേരളത്തിലാകമാനമുള്ള എല്ലാ ആരാധകർക്കായും സമർപ്പിക്കുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ തുടക്കം മുതൽ പന്തടക്കത്തിലും പാസിംഗ് ആക്യൂറസിയിലും ഹൈദരാബാദ് മുന്നിട്ട് നിന്നെങ്കിലും ആദ്യ ഗോൾ നേടിയത് കേരളാ ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. അഡ്രിയാൻ ലൂണ ബോക്‌സിന് പുറത്ത് നിന്ന് ചിപ് ചെയ്ത് അകത്തേക്ക് നല്‍കിയ പന്ത് ഹൈദരാബാദ് ഗോൾ  കീപ്പര്‍ അനുജ് കുമാര്‍ ക്ലിയർ ചെയ്തു. ക്ലിയറിങ്ങിൽ എന്നാൽ പന്ത് വരുതിയിലാക്കിയ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ സമയോചിതമായ കിക്കിൽ പന്ത് വലതുളച്ചു. ഇരുപതാം മിനിറ്റിൽ രാഹുൽ കെപി ഗോളിനായി ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് ഹൈദരാബാദ് ഗോൾ  കീപ്പര്‍ അനുജ് കുമാര്‍ കയ്യിലൊതുക്കി. മുപ്പത്തിനാലാം മിനിറ്റിൽ പരിക്കേറ്റതിനെ തുടർന്ന് ദിമിട്രിയോസ് ഡയമന്റകോസ് കളം വിട്ടു. താരത്തിനു പകരം അപ്പോസ്തലോസ് ജിയാനു കളത്തിലിറങ്ങി. മുപ്പത്തിയേഴാം മിനിറ്റിൽ ലീഡ് നേടാൻ ലഭിച്ച സുവർണാവസരം സഹൽ അബ്ദുൾ സമദ് നഷ്ടമാക്കി. അഡ്രിയാൻ ലൂണ വലതുവശത്ത് നിന്ന് ബാക്ക് പോസ്റ്റിലേക്ക് പന്ത് ചിയ്തു. സഹൽ അത് ഹെഡ് ചെയ്തെങ്കിലും വൈഡിൽ കലാശിച്ചു. നാല്പത്തിയഞ്ചാം മിനിറ്റിൽ ബർത്തലോമി ഒഗ്ബെച്ചെയുടെ ഗോൾ ശ്രമവും വൈഡിൽ കലാശിച്ചു. ആദ്യ പകുതി കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ എഴുപതാം മിനിറ്റിൽ ജീക്സൺ സിങ്ങിന് മഞ്ഞക്കാർഡ് ലഭിച്ചു. എഴുപതിമ്മൂന്നാം മിനിറ്റിൽ സഹൽ അബ്ദുൾ സമദിനു പകരം സൗരവ് മണ്ഡൽ കളത്തിലിറങ്ങി. എൺപത്തിയൊമ്പതാം മിനിറ്റിൽ സൗരവ് മണ്ഡലിനും തൊണ്ണൂറാം മിനിറ്റിൽ രാഹുലിനും പ്രഭ്സുഖൻ ഗില്ലിനും മഞ്ഞക്കാർഡ് ലഭിച്ചു. തൊണ്ണൂറാം മിനിറ്റിൽ അഡ്രിയാൻ ലൂണക്കു പകരം വിക്ടർ മോങ്കിൽ കളത്തിലിറങ്ങി. ഇരു ടീമുകളും വീണ്ടുമൊരു ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും മറ്റൊരു ഗോൾ പിറന്നില്ല. ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഗോളിന് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. കഴിഞ്ഞ ആറു മത്സരങ്ങളുടെ ഹൈദരാബാദിന്റെ അപരാജിത യാത്രയാണ് ഇന്ന് തകർന്നത്. മത്സരത്തിൽ ഹീറോ ഓഫ് ദി മാച്ച് ഇവാൻ കലിയൂഷ്നി നേടി. ഡിസംബർ നാലിന് ജാംഷെഡ്പൂരിനെതിരെ JRD ടാറ്റ സ്പോർട്സ് കോംപ്ലക്സ്, ജംഷഡ്പൂരിൽ വച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.