കൊൽക്കത്തയിൽ വച്ചുനടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ പതിനാറാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ഒരു ഗോളിന് ഏകപക്ഷീയമായ വിജയം സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ എഫ്‌സി. ഈസ്റ്റ് ബംഗാൾ സീസണിൽ സ്വന്തമാക്കിയ ആദ്യ വിജയമാണിത്. കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ജയമാണത്. ഇന്ന് മുപ്പത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന ക്ലെയ്റ്റൻ സിൽവയുടെ ഗോളിലാണ് ഈസ്റ്റ് ബംഗാൾ വിജയിച്ചത്. മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പങ്കെടുത്തു.

"ഇത്തരം ടീമുകളെ സമീപിക്കുമ്പോൾ പോയിന്റുകൾ നേടാൻ ഡ്യുവൽസ് മാച്ചാകണം, ഫൈറ്റ് മാച്ചാകണം, ക്യാരക്ടർ മാച്ചാകണം, ഫൈറ്റിംഗ് സ്പിരിറ്റ് മാച്ചാകണം. ഇക്കാര്യങ്ങൾ ഫുട്ബാളിൽ വളരെ പ്രധാനമാണ്. ഈ കാര്യങ്ങൾ മാച്ചായില്ലെങ്കിൽ നിങ്ങൾക്ക് ഫുട്ബാളിൽ ഇടമില്ല. കഴിവും ഫുട്ബാൾ ഷൂട്ട് ചയ്യാനുള്ള കഴിവും ഫുട്ബാളിൽ വെറും അഞ്ചു ശതമാനമാണ്. റാങ്കിങ്ങിൽ ഇവിടെയുള്ള ടീമുകൾക്കെതിരെ പോരാടിയാലും ഇതുതന്നെയാണ് പ്രധാനഘടകം." ഇവാൻ പറഞ്ഞു.

"ഇന്ന് തീർച്ചയായും ഒരു നിരാശാജനകമായ സായാഹ്നം ആയിരുന്നു. കുറ്റബോധമുണ്ട്. കാരണം ഞങ്ങൾക്ക് വിജയിക്കാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നു. മത്സരത്തിന് മുൻപ് തന്നെ ഇത് കുഴപ്പമുള്ളതാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഇന്ന് ഞങ്ങളെക്കാളേറെ എതിർ ടീമിന് മത്സരം ജയിക്കണമായിരുന്നു. ഇതൊരു സത്യമാണ്. അതാണ് ഞങ്ങൾക്കിടയിലുണ്ടായിരുന്ന വിത്യാസവും. കഴിവിനും ഫൈറ്റിനും ക്യാരക്ടറിനും മുകളിലാണ് മത്സരം ജയിക്കണം എന്നുള്ള ആഗ്രഹം. എതിർ ടീമിനെക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിൽ ജയിക്കാനാകില്ല."

ഇത്തരത്തിലുള്ള കളികൾ പുരോഗമിക്കുമ്പോൾ നമ്മൾ പരിഭ്രാന്തരാകുന്നു, കളിയുടെ നിയന്ത്രണം നഷ്ടപ്പെടുന്നു.  എതിർ ടീമിന് കൂടുതൽ ആത്മവിശ്വാസം ലഭിക്കുന്നു. ദുർഘടമായ സാഹചര്യത്തിലേക്ക് ടീമെത്തുന്നു. ഇതാണ് ഇന്ന് സംഭവിച്ചത്." അദ്ദേഹം കൂട്ടിച്ചേർത്തു.

പരിക്കിൽ നിന്ന് മുക്തനായെങ്കിലും ലെസ്‌കോവിച്ച് ഇന്ന് കളിക്കാനിറങ്ങിയില്ല. കഴിഞ്ഞ കളിക്ക് സമാനമായി സ്ഥിരം ഗോൾകീപ്പറിന് പകരം കമൽജിത് സിങ്ങാണ് ഇറങ്ങിയത്. മുന്നേറ്റ നിരയിൽ ഡയമന്റകോസ് – ജിയാനു സഖ്യവും നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ബ്രെയ്സ് മിറാൻഡയും ഇടം നേടി. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ട ശ്രീനഗർ തരാം ഡാനിഷ് ഫാറൂഖ് പകരക്കാരനായി കളത്തിലിറങ്ങി.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ കളിയുടെ ആദ്യ പകുതിയിൽ നാല്പത്തിരണ്ടാം മിനിറ്റിൽ വി.പി.സുഹൈർ ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ക്ലെയ്റ്റൻ സിൽവയുടെ രണ്ടു ഗോൾ ശ്രമങ്ങൾ വിജയകരമായി തടുക്കാൻ കരൺജിത് സിങ്ങിനായത് ബ്ലാസ്‌റ്റേഴ്‌സിനെ തുണച്ചു. രണ്ടാം പകുതിയിൽ എഴുപത്തിയേഴാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സ് താരം വിക്ടർ മോങ്ങിലിന്റെ ദേഹത്ത് തട്ടിവന്ന പന്ത് കരൺജിത് സിങ് തട്ടിയകറ്റി. പോസ്റ്റിനടുത്തു തന്നെ വീണ പന്ത് കേരളം ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഡാനിഷ് ഫാറൂഖ് തട്ടിയകറ്റിയെങ്കിലും പന്ത് വരുതിയിലാക്കിയ ക്ലെയ്റ്റന്റെ ഷോട്ട് നിമിഷങ്ങൾക്കുള്ളിൽ വല തുളച്ചു.

ഇരു ടീമുകളും പരമാവധി ശ്രമിച്ചെങ്കിലും വീണ്ടുമൊരു ഗോൾ കണ്ടെത്താനായില്ല. ആറു മിനിട്ടോളമുള്ള ഇഞ്ചുറി ടൈമിന് ശേഷം ഫൈനൽ വിസിൽ മുഴങ്ങി മത്സരം അവസാനിച്ചപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ഈസ്റ്റ് ബംഗാൾ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി.

മത്സര വിജയത്തിലൂടെ മൂന്നു പോയിന്റുകൾ സ്വന്തമാക്കിയ ഈസ്റ്റ് ബംഗാൾ പതിനജ് പോയിന്റുമായി ഒൻപതാം സ്ഥാനത്തും കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും തുടരുന്നു. മാച്ച് വിന്നിംഗ് ഗോൾ നേട്ടത്തിന് ഹീറോ ഓഫ് ദി മാച്ച് അവാർഡ് ക്ലീറ്റൺ സിൽവയ്ക്ക്.