വിയറ്റ്നാമിൽ വച്ചു നടക്കുന്ന ഹങ് തിൻ ഫുട്ബോൾ ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ സിംഗപ്പൂരിനോട് സമനില വഴങ്ങി ഇന്ത്യൻ ടീം. ഇഖ്സൻ ഫാൻഡി സിംഗപ്പൂരിനായി ഗോൾ നേടിയപ്പോൾ മലയാളി താരം ആഷിഖ് കുരുണിയന്റെ ഗോളിലാണ് ഇന്ത്യ സമനില നേടിയത്. ഇഖ്സൻ ഫാൻഡിയാണ് സിംഗപ്പൂരിന്റെ ഗോൾ സ്കോറർ.

ഫിഫ റാങ്കിംഗിൽ നൂറ്റിയന്പത്തിയൊമ്പതാം സ്ഥാനത്തുള്ള സിംഗപ്പൂരിനെതിരെയാണ് നൂറ്റിനാലാം സ്ഥാനത്തുള്ള ഇന്ത്യ സമനില നേടിയത്.

ഇന്ത്യൻ നിര: ഗുർപ്രീത് സന്ധു, അൻവർ അലി, നരേന്ദർ ഗെലോട്ട്, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ, സുനിൽ ഛേത്രി, റോഷൻ നവോറം, ലിസ്റ്റൺ കൊളാസോ, സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുനിയൻ, ജീക്സൺ സിങ്

സിംഗപ്പൂർ നിര: ഹസ്സൻ സണ്ണി, ഇർഫാൻ ഫാണ്ടി, ഹാരിസ് ഹരുൺ, അമീറുൾ അദ്‌ലി, നസ്‌റുൽ നസാരി, ഷഹ്ദാൻ സുലൈമാൻ, ഷാ ഷാഹിറാൻ, ആദം സ്വാണ്ടി, സാഹിൽ സുഹൈമി, ഇഖ്‌സാൻ ഫാൻഡി, തൗഫിക് സുപർണോ.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ ആക്രമിച്ചു മുന്നേറിയാണ് സിംഗപ്പൂർ കളിച്ചത്. കൂടുതൽ പന്തടക്കവും സിംഗപ്പൂരിനായിരുന്നു. മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനിറ്റിൽ സിംഗപ്പൂർ ഗോൾ നേട്ടത്തിനരികിലെത്തിയെങ്കിലും ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സന്ധു സമയോചിതമായി അത് രക്ഷപെടുത്തി. മുപ്പത്തിയെട്ടാം മിനുറ്റിൽ സിംഗപ്പൂർ താരം ഇഖ്സൻ ഫൻഡിയുടെ ഫ്രീകിക്കിൽ ആദ്യ ഗോൾ പിറന്നു. വൈകാതെ ഇന്ത്യ സമനില ഗോൾ നേടി. സുനിൽ ഛേത്രിയുടെ പന്ത് വരുതിയിലാക്കി മലയാളി താരം ആഷിഖ് കുരുനിയനാണ് നാൽപ്പത്തിമൂന്നാം മിനിറ്റിൽ സമനില ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ഗോളുകൾ നേടാൻ ഇരു ടീമുകൾക്കുമായിലല്ല. ഫൈനൽ വിസിൽ മത്സരം അവസാനിക്കുമ്പോൾ മത്സരം സമനിലയിൽ അവസാനിച്ചു.