ഗോവയിലെ ഫത്തോർഡയിൽ വച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ സെമിഫൈനൽ ആദ്യ പദ്ധ മത്സരത്തിൽ എഫ്.സി ഗോവ മുംബൈ സിറ്റി എഫ്‌സിയെ നേരിട്ടു. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടിയ മത്സരം സമനിലയിൽ കലാശിച്ചു. എഫ്‌സി ഗോവയ്ക്കായി ഇഗോൾ അംഗൂലോയും സേവ്യർ ഗാമയും ഗോളുകൾ നേടിയപ്പോൾ മുംബൈ സിറ്റി എഫ്‌സിക്കായി ഹ്യൂഗോ ബൗമസും മോർത്തട ഫാളും ഗോളുകൾ നേടി. മത്സരം സമനിലയിൽ കലാശിച്ചതിനാൽ മാർച്ച് എട്ടിന് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ വിജയിക്കുന്ന ടീമാകും ഫൈനലിലേക്ക് പ്രവേശിക്കുക.

ഇരുപതാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ ഗോവയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പത്തൊൻപതാം മിനിറ്റിൽ ജോർജ് ഓർട്ടിസിനെ മന്ദർ റാവു ദേശായ് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അവസരത്തിൽ കിക്കെടുത്ത ഇഗോർ അംഗൂലോ ആദ്യ ഗോൾ നേടി ഗോവയെ മുന്നിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയുടെ മുപ്പത്തിയെട്ടാം മിനിറ്റിൽ മിനിറ്റിൽ ഹ്യൂഗോ ബൗമസിലൂടെ മുംബൈ സമനിലഗോൾ നേടി. ബോക്സിന്റെ പുറത്തു നിന്നുള്ള ബോമസിന്റെ ഷോട്ട് ധീരജ് സിങ്ങിനെ നിഷ്പ്രഭമാക്കി വലതൊടുകയായിരുന്നു.

രണ്ടാം പകുതിയിൽ അൻപത്തിയൊമ്പതാം മിനിറ്റിൽ സേവ്യർ ഗാമയിലൂടെ ഗോവ വീണ്ടും ലീഡ് നേടി. മിഡ്ഫീൽഡിൽ ഇടതുവശത്തു നിന്ന് പന്ത് ലഭിച്ച ഗാമ മുംബൈ ഡിഫൻഡർമാരെ മറികടന്ന് ഒറ്റയ്ക്ക് മുന്നേറി. ശേഷം ബോക്സിന്റെ പുറത്തുനിന്ന് തൊടുത്ത ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.ഗോവ ലീഡ് നേടി നിമിഷങ്ങൾക്കുള്ളിൽ അറുപത്തിരണ്ടാം മിനിറ്റിൽ മോർത്തടാ ഫാളിലൂടെ മുംബൈ സമനില നേടി. അഹമ്മദ് ജാഹു എടുത്ത ഫ്രീ കിക്കിൽ നിന്നായിരുന്നു ഗോൾ നേടിയത്.