സന്ദേശ് ജിങ്കനും കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും വഴിപിരിയുന്നു. മെയ് 21-ന് ഈ വിവരം ഔദ്യോഗീകമായി ക്ലബ്ബ് സ്ഥിതീകരിച്ചു. ലീഗിന്റെ തുടക്കം മുതൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന സന്ദേശ് ആറ് സീസണുകൾക്കപ്പുറമാണ് ടീം വിടുന്നത്. വെറും ഇരുപതാമത്തെ വയസിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന ജിങ്കന് മറ്റേതു താരത്തെക്കാളും ആരാധകപിന്തുണയും ഉണ്ടായിരുന്നു. അഞ്ചാം സീസണിൽ ടീമിന്റെ നായകസ്ഥാനവും സന്ദേശ് വഹിച്ചിട്ടുണ്ട്. ആറ് സീസണുകളിലായി 76 മത്സരങ്ങളും താരം ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ട്. 

ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിനു ശേഷം ടീമിനൊപ്പം സന്ദേശ് ജിങ്കൻറെ പ്രശസ്തിയും വളർന്നിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിലുൾപ്പെടെ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം വഹിക്കാനും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാനും ജിങ്കന് സാധിച്ചു. താരത്തിനോടുള്ള ബഹുമാനസൂചകമായി 21ആം നമ്പർ ജേഴ്സി ഇനി മുതൽ മറ്റാർക്കും നൽകില്ല എന്നും ടീം മാനേജ്‌മന്റ് വ്യക്തമാക്കി. 

"പരസ്പരം പിന്തുണച്ച ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. മികച്ച ഓർമ്മകൾ സൃഷ്ടിക്കാൻ ഞങ്ങൾക്കായിട്ടുണ്ട്. മുന്നോട്ടുള്ള ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ എല്ലാ ഭാവുകങ്ങളും ഞാൻ നേരുന്നു. എന്നോടും കേരളബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനോടും കേരളീയർ കാണിച്ച സ്നേഹത്തിനു ഞാൻ നന്ദി പറയുന്നു. ഭാവിയിലും ആ സ്നേഹവും പിന്തുണയും നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എന്റെയുള്ളിൽ എല്ലായിപ്പോഴും ക്ലബ്ബിനും ആരാധകർക്കും സ്ഥാനമുണ്ടാകും." വേർപിരിയലിന്റെ സംബന്ധിച്ച് സന്ദേശ് പറഞ്ഞു. 

ക്ലബ്ബിനോടുള്ള സന്ദേശിനുള്ള പ്രതിബദ്ധതക്കും വിശ്വസ്തതക്കും അഭിനിവേശത്തിനും ഈ അവസരത്തിൽ നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു . ഒരു പുതിയ സ്വപ്നം പിന്തുടരാനുള്ള സന്ദേശിന്റെ ആഗ്രഹത്തെ കെബിഎഫ്സി ബഹുമാനിക്കുന്നു. അദ്ദേഹത്തിന് ഞങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു . അദ്ദേഹം എല്ലായ്പ്പോഴും ഒരു ബ്ലാസ്റ്ററായി ഞങ്ങളുടെ ഹൃദയത്തിൽ തുടരും . ക്ലബിന് അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള ആദരവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ജേഴ്സി നമ്പർ 21 ഇനി ടീമിൽ ഉണ്ടാകില്ല  അതും സ്ഥിരമായി വിരമിക്കും." കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു.