കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പരിശീലകരിൽ തനിക്ക് ഏറ്റവും വിശ്വാസം തോന്നിയ വ്യക്തിയാണ് ഇവാൻ വുക്കോമാനോവിച്ച് എന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടറായ കരോളിസ് സ്കിൻകിസ്. 

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി സെർബിയൻ വംശജനായ ഇവാൻ വുക്കോമാനോവിച്ചിനെ പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ്. ടീമിന്റെ ഇടക്കാല പരിശീലകനായ ഇഷ്ഫാഖ് അഹമ്മദിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. 

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തേക്ക് നൂറിലധികം പേരുമായി അഭിമുഖം നടത്തിയെങ്കിലും വുക്കോമാനോവിച്ചിലുള്ള വിശ്വാസമാണ് അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് സ്കിൻകിസ് പറഞ്ഞു.

എന്തെങ്കിലുമൊക്കെ തെളിയിക്കാൻ കഴിവുള്ള പരിശീലകനെയായിരുന്നു ഞങ്ങൾക്ക് ആവശ്യമെന്ന് കരോളിസ് സ്കിൻകിസ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിനിടെ പറഞ്ഞു. വ്യക്തമായ ലക്ഷ്യങ്ങളുള്ള ആളുകൾ ടീമിൽ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഇവാൻ ലക്ഷ്യ ബോധമുള്ള പരിശീലകനാണ്. ചില കാര്യങ്ങൾ തെളിയിക്കാനും, പഠിപ്പിക്കാനുമാണ് അദ്ദേഹം ഇവിടെ വന്നിരിക്കുന്നത്. എനിക്ക് ആ കാര്യത്തിൽ സംശയമില്ല. 

ഇവാൻ കളിക്കാരുടെ പരിശീലകനാണ്. ടീമിലെ താരങ്ങളെല്ലാം തീർച്ചയായും അദ്ദേഹത്തെ പിന്തുടരും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്സിൽ സംഘാടന മികവ് ഉണ്ടായിരുന്നില്ല. ഇവാൻ അക്കാര്യത്തിൽ തീർച്ചയായും ടീമിനെ സഹായിക്കും. അദ്ദേഹം പല രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യപ്പെടാത്ത തരത്തിലുള്ള അറിവാണ് അദ്ദേഹത്തിനുള്ളത്. ഞങ്ങൾ എല്ലാ പരിശീലകരെയും നോക്കിയപ്പോൾ അദ്ദേഹമാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ വിശ്വാസം നൽകിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ പത്താം സ്ഥാനത്തായാണ് കേരള ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചത്. ഐഎസ്എല്ലിൽ മൊത്തം 20 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിച്ചപ്പോൾ അതിൽ 3 മത്സരങ്ങളിൽ മാത്രമാണ് വിജയം നേടാൻ സാധിച്ചത്. ഇത് തുടർച്ചയായ നാലാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലെത്താൻ കഴിയാതെ പോയത്. എല്ലാ മത്സരങ്ങളും വിജയിക്കുകയും, തോൽപ്പിക്കാൻ കഴിയാത്ത ഒരു ടീമായി മാറുകയുമാണ് ലക്ഷ്യമെന്ന് കരോളിസ് സ്കിൻകിസ് പറഞ്ഞു.

"അടുത്ത ഗെയിമിൽ ഞങ്ങളെ എളുപ്പത്തിൽ തോൽപ്പിക്കാൻ ആരെയും അനുവദിക്കാതിരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, "സ്കിൻകിസ് പറഞ്ഞു. 

"കഴിഞ്ഞ വർഷം ഞങ്ങൾക്ക് ചെയ്യാൻ കഴിയാതിരുന്ന അടിസ്ഥാന കാര്യങ്ങളിൽ നിന്നാണ് ഞങ്ങൾ ആരംഭിക്കുന്നത്. ഓരോ മത്സരവും മുന്നിൽ കണ്ട് വളരെയധികം കഠിനാധ്വാനം ചെയ്യാനുള്ള സമയമാണിത്. ലക്ഷ്യങ്ങളെക്കുറിച്ച് നിങ്ങൾ എന്നോട് ചോദിച്ചാൽ അടുത്ത മത്സരത്തിൽ തോൽപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ടീമാണത്."

നവംബർ 19-ന് ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ  ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ എടികെ മോഹൻ ബഗാനാണ്. ബെൽജിയം, സ്ലൊവാക്യ, സൈപ്രസ് എന്നീ രാജ്യങ്ങളിലെ മുൻനിര ക്ലബ്ബുകളെ പരിശീലിപ്പിച്ച ഇവാൻ വുക്കോമാനോവിച്ചിന് കീഴിൽ ബ്ലാസ്റ്റേഴ്സിന് തലവര മാറ്റിക്കുറിക്കാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.