ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവയിൽ ഈയടുത്തായി ഫുട്ബോൾ ആരാധകരുടെ ശ്രദ്ധയാകർഷിച്ച ഒരു മലയാളി താരമുണ്ട്. മുഹമ്മദ് നെമിൽ എന്ന 19 വയസ്സുകാരനാണ് പുത്തൻ പ്രതീക്ഷയുമായ ഉയർന്നു വരുന്നത്. കോഴിക്കോടുള്ള വിപി സത്യൻ സോക്കർ അക്കാദമിയിലൂടെ ഫുട്ബോൾ ലോകത്തേക്ക് ചുവടു വെച്ച മുഹമ്മദ് നെമിൽ പിന്നീട് റിലയൻസ് ഫൗണ്ടേഷൻ യങ് ചാംപ് സംഘടിപ്പിച്ച ട്രയൽസ്‌ വഴിയാണ് പ്രൊഫഷണൽ ഫുട്ബാൾ രംഗത്തേക്കുള്ള പടികൾ ചവിട്ടിക്കയറിയത്. 2019-ൽ പരിശീലനത്തിനു വേണ്ടി സ്പെയിനിലെ മാർസറ്റ് അക്കാദമിയിലും തുടർന്ന് 4 വർഷത്തെ ദീർഘകാല കരാറിൽ എഫ്സി ഗോവയിലുമെത്തിയ താരം ഡ്യൂറൻഡ് കപ്പിലുൾപ്പെടെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എഫ്സി ഗോവയുമായി കരാർ ഒപ്പു വെച്ചെങ്കിലും സ്പെയിനിൽ പരിശീലനം തുടരാൻ അദ്ദേഹത്തെ ക്ലബ്ബ് അനുവദിച്ചിരുന്നു.

സ്പെയിനിൽ നടന്ന ട്രയൽസ് വഴി ബാഴ്സലോണയിലെ മൂന്നാം ഡിവിഷൻ ക്ലബ്ബായ ഇഎഫ് ഗ്രാമയുടെ ടീമിലേക്ക് അവസരം ലഭിച്ച താരത്തിന്, സ്പെയിനിലെ അണ്ടർ-18 സെക്കൻഡ് ഡിവിഷൻ ലീഗിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കാനായി. തുടർന്ന് മുഹമ്മദ് നെമിലിന് ക്ലബ്ബിന്റെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അണ്ടർ-18 ലീഗിലെ ടോപ് ഗോൾ സ്കോററും ഈ മലയാളി താരം ആയിരുന്നു. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിയ താരം എഫ്സി ഗോവയുടെ സ്ക്വാഡിൽ ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനവും കാഴ്ചവച്ചിരുന്നു.

മുഹമ്മദ് നെമിൽ ഇന്ത്യൻ സൂപ്പർ ലീഗ് പ്രതിനിധിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഫുട്ബോൾ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നിരുന്നു. അഭിമുഖത്തിലെ പ്രധാന ഭാഗങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഫുട്ബോൾ ജീവിതത്തിൽ റിലയൻസ് ഫൗണ്ടേഷൻ യങ് ചാംപ് അക്കാഡമിയുടെ പ്രാധാന്യം?

"എനിക്ക് ചെറുപ്പ കാലം മുതൽ തന്നെ കാൽപന്ത് കളിയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. എന്റെ സ്വന്തം നാടായ കോഴിക്കോട്ടെ ഒരു ലോക്കൽ ക്ലബ്ബിനു വേണ്ടിയാണ് ആദ്യ കാലങ്ങളിൽ ഞാൻ കളിച്ചിരുന്നത്. ഒരിക്കൽ റിലയൻസ് ഫൗണ്ടേഷൻ കോഴിക്കോട് ട്രയൽസ് നടത്തിയപ്പോഴാണ് ഞാൻ അതിൽ പങ്കെടുക്കുന്നത്. അതിന്റെ അവസാനഘട്ട തിരഞ്ഞെടുപ്പ് നടന്നത് തൃശൂരിൽ വെച്ചാണ്. അവിടെ നിന്ന് സെലക്ഷൻ ലഭിച്ച ഞാനുൾപ്പെടെയുള്ള പല താരങ്ങളും അങ്ങനെ മുംബൈയിലെത്തി. ഒരിക്കലും എനിക്കവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.  എനിക്കിത് സാധിക്കില്ല എന്ന് പോലും ഞാൻ  പറഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ ഞാൻ പരമാവധി ശ്രമിക്കാൻ തീരുമാനിച്ചു. കഠിനാധ്വാനം ചെയ്തു. അഖിലേന്ത്യാ തലത്തിൽ നടത്തിയ ട്രയൽസിൽ നിന്ന് 24 അംഗ താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു. അതിൽ ഞാനും ഉണ്ടായിരുന്നു.  എന്റെ ഫുട്ബോൾ ജീവിതത്തിലെ വലിയ മാറ്റത്തിന് തുടക്കം കുറിച്ചത് റിലയൻസ് ഫൗണ്ടേഷൻ യങ് ചാംപ് അക്കാദമിയാണ്. അവരുടെ പൂർണ പിന്തുണയാണ് പിന്നീട് എന്നെ മുന്നോട്ട് നയിച്ചത്. മികച്ച സൗകര്യങ്ങളാണവിടെ ലഭിച്ചത്.  ഞാൻ ശരാശരി വിദ്യാർത്ഥിയായിരുന്നു. എന്നാൽ റിലൈൻസ് അക്കാദമിയിൽ പഠനത്തിനും കായീകവിഷങ്ങളിലുമെല്ലാം നമ്മെ പിന്തുണക്കാൻ സ്വദേശികളും വിദേശികളുമായ ധാരാളം അനുഭവസ്ഥരായ മികച്ച പരിശീലകരുണ്ട്. അതെല്ലാം ഞാൻ പരമാവധി ഉപയോഗിച്ചു. പഠനത്തിനും, ഫുട്ബോളിനും തുല്യ പ്രാധാന്യം നൽകിയുള്ള അക്കാദമിയുടെ പ്രവർത്തനം എന്നെപ്പോലെ വളർന്നു വരുന്ന യുവ താരങ്ങൾക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്."

"റിലയൻസ് അക്കാദമിയാണ് സ്പെയിനിലെ മാർസറ്റ് അക്കാദമിയിൽ പരിശീലനം നടത്താനുള്ള അവസരം എനിക്ക് ഒരുക്കി തന്നത്. റിലയൻസ് അക്കാദമിയിലെയും, മാർസറ്റ് അക്കാദമിയിലെയും പരിശീലകർ എനിക്ക് നൽകിയ പിന്തുണ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. മാർസറ്റ് അക്കാദമിയിൽ പരിശീലനം നടത്തുമ്പോഴാണ് ബാഴ്സലോണയിലെ എഫ്ഇ ഗ്രാമ എന്ന ക്ലബ്ബ് എന്നെ ട്രയൽസിന് ക്ഷണിക്കുന്നത്. ട്രയൽസിൽ മികച്ച പ്രകടനം നടത്തിയതോടെ എനിക്ക് അവരുടെ ടീമിൽ അവസരം ലഭിച്ചു. ക്ലബ്ബിനോടൊപ്പം ഒരു സീസൺ മുഴുവനായി ഞാൻ കളിക്കുകയും ചെയ്തു. സീസൺ അവസാനിച്ചപ്പോൾ 12 മത്സരങ്ങളിൽ നിന്ന് ഞാൻ നേടിയത് 7 ഗോളുകളാണ്."

എഫ്സി ഗോവയ്ക്കൊപ്പം!

"ഇന്ത്യയിൽ നിന്നും, സ്പെയിനിൽ നിന്നും എനിക്ക് ധാരാളം ഓഫറുകൾ ലഭിച്ചിരുന്നു. പക്ഷേ എഫ്സി ഗോവയുടെ ഓഫറാണ് എനിക്ക് കൂടുതൽ മികച്ചതായി തോന്നിയത്. ക്ലബ്ബിലെ സ്പാനിഷ് സാന്നിധ്യവും അതിനൊരു കാരണമായി മാറിയിട്ടുണ്ട്. സ്പാനിഷ് സംസ്കാരവും, അവരുടെ കളി രീതിയും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എഫ്സി ഗോവയുടെ ശൈലി എനിക്ക് ഏറ്റവും അനുയോജ്യമായതാണെന്ന് തോന്നിയതു കൊണ്ടാണ് എഫ്‌സി ഗോവ തിരഞ്ഞെടുത്തത്. ഇന്ത്യയിലെ മികച്ച ക്ലബുകളിൽ ഒന്നിൽ കളിക്കുന്നതിൽ എനിക്കഭിമാനമുണ്ട്. ഇവിടെ എല്ലാവരും തുല്യരാണ്. ചിലർ ചെറുതാണെന്നോ ചിലർ വലുതാണെന്നോ ആരും കരുതുന്നില്ല. പരിശീലകനുൾപ്പെടെ എല്ലാവരും പരസ്പരം സഹായിക്കുന്നു, ബഹുമാനിക്കുന്നു."

എഫ്സി ഗോവ പരിശീലകനുമായുള്ള കൂടിക്കാഴ്ച!

"ഞാൻ സ്പെയിനിൽ ഉള്ളപ്പോൾ തന്നെ എഫ്സി ഗോവ പരിശീലകനായ ജുവാൻ ഫെറാണ്ടോയുമായി ഞാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വെച്ച് എഫ്സി ഗോവയുടെ ഭാവി പദ്ധതികളെക്കുറിച്ചും, ട്രെയിനിംഗ് രീതികളെക്കുറിച്ചും എല്ലാം എന്നോട് സംസാരിച്ചു. അദ്ദേഹവുമായി അന്ന് സംസാരിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്."

എങ്ങനെയായിരിക്കണം ഒരു മിഡ്ഫീൽഡർ

"ഒരു മിഡ്ഫീൽഡറിന്റെ ഏറ്റവും വലിയ കഴിവ് കളി നിയന്ത്രിക്കുക എന്നതാണ്. ഒരു മിഡ്ഫീൽഡറിന് വേണ്ട മറ്റു പ്രധാന കാര്യങ്ങൾ മികച്ച പാസിംഗ് കൃത്യത, ഡ്രിബ്ലിങ് മികവ്, സഹ താരങ്ങളുമായി ശരിയായ കമ്മ്യൂണിക്കേഷൻ എന്നിവയാണ്. ഗോൾ നേടാൻ ഇഷ്ടപ്പെടുന്ന ഒരു മിഡ്ഫീൽഡറാണ് ഞാൻ. അതോടൊപ്പം തന്നെ എതിർ ടീം താരങ്ങളെ ഡ്രിബിൾ ചെയ്ത് മുന്നേറാനും ഞാൻ ഇഷ്ടപ്പെടുന്നു."


കോഴിക്കോടും ഫുട്ബോളും!

"മലപ്പുറവും കോഴിക്കോടുമെല്ലാം ഉൾപ്പെടുന്ന മലബാർ ഫുട്ബാളിന്റെ നാടാണ്. അവിടെയെല്ലാവരും ഫുട്ബോളിനെ പ്രണയിക്കുന്നവരാണ്. അവിടെയെല്ലായിടത്തും ഫുട്ബാളുണ്ട്. തെരുവിലും നഗരത്തിലും ഗ്രാമത്തിലും വീടിനുള്ളിലുമെല്ലാം. മലബാറിൽ ഞങ്ങൾ ധാരാളം പ്രാദേശിക ടൂർണമെന്റുകൾ നടത്താറുണ്ട്, പ്രായ ജാതി മത ഭേദമന്യേ എല്ലാവരും ഈ ടൂർണമെന്റുകളിൽ കളിക്കാറുണ്ട്. മലബാറിലെ, കോഴിക്കോട് എന്റെ നാട്ടിലെ ഫുട്ബോൾ ടൂർണമെന്റിലെ പങ്കാളിത്തമാണ് ഫുട്ബാളിലെ എന്റെ ഭയമില്ലായ്മയ്ക്ക് കാരണം. അത് വെറും  കളിയല്ല, യുദ്ധമാണ്.” നെമിൽ പറഞ്ഞു നിർത്തി.