ഹീറോ ഇൻഡ്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2017-18-ലെ അഞ്ചാം വാരത്തിലെ വെള്ളിയാഴ്ച രാത്രിയിൽ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുമ്പോൾ കേരളാ ബ്ലാസ്‌റ്റേഴ്സിന്റെ പ്രതിയോഗി നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്. കഴിഞ്ഞ വർഷം ഫൈനൽ കണ്ട കേരളാ ബ്ലാസ്‌റ്റേഴ്സിന്റെ ഇത്തവണത്തെ തുടക്കം അത്ര അഭിമാനകരമല്ല. കഴിഞ്ഞ മൽസരത്തിൽ എഫ്‌സി ഗോവയോട് ഏറ്റ 5-2 എന്ന ഭീമൻ പരായത്തിന്റെ ക്ഷീണത്തിലാണ് കേരളാ ടീം ഇപ്പോഴും. ഹൈലാൻഡേഴ്‌സിനോട് ഇതേ വരെ സ്വന്തം കളിക്കളത്തിൽ തോൽവിയറിഞ്ഞിട്ടില്ലാത്ത ബ്ലാസ്‌റ്റേഴ്സ് ലക്ഷ്യമിടുന്നത് സീസണിലെ ആദ്യ വിജയമാണ്. മൽസരത്തിന് മുൻപുളള വാർത്താ സമ്മേളനത്തിൽ കേരളത്തിന്റെ മുഖ്യ പരിശീലകൻ റെനെ മൊളസ്റ്റീൻ മാദ്ധ്യമങ്ങളോട് സംസാരിച്ചു.

ബ്ലാസ്‌റ്റേഴ്സിന്റെ ആരാധകരെ ഒന്നാകെ നിരാശയിലാഴ്ത്തുന്ന ഒരു വാർത്ത അദ്ദേഹത്തിന് നൽകാനുണ്ടായിരുന്നു. ടീമിന്റെ നെടുന്തൂണുകളിലൊരാളായ ദിമിത്ർ ബെർബാറ്റോവിന് പരുക്കുമൂലം ബൂട്ടണിയാൻ കഴിയില്ല! ''അത് ( ബെർബാറ്റോവിന്റെ അസാന്നിദ്ധ്യം) ഒരു വലിയ നഷ്ടം തന്നെയാണ്..'' മൊളസ്റ്റീൻ പരിതപിച്ചു. ''ടീമിന് മികവും സന്തുലനവും നൽകുന്നത് അദ്ദേഹമാണ്. അദ്ദേഹം പുറത്തു പോയതിന് ശേഷം ഗെയിം എങ്ങനെയാണ് ഉരുത്തിരിഞ്ഞത് എന്നതു തന്നെ അദ്ദേഹത്തിന്റെ മികവ് വെളിപ്പെടുത്തുന്നു. അദ്ദേഹം ഇന്ന് കളിക്കില്ലെന്ന വസ്തുത അംഗീകരിച്ചു കൊണ്ടു തന്നെ, ഞങ്ങൾക്ക് സ്‌ക്വാഡിനെ വിലയിരുത്തുകയും എല്ലാ കളിക്കാർക്കും ഒത്തിണങ്ങി കളിക്കാൻ കഴിയുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതുണ്ട്.''

എന്നാൽ, ഇയാൻ ഹ്യൂമും വെസ് ബ്രൗണും ഇന്നത്തെ മൽസരത്തിനായി അണി നിരക്കുമെന്ന് വെളിപ്പെടുത്തിക്കൊണ്ട് സന്തോഷമുണ്ടാക്കുന്ന ഒരു വാർത്ത ഇതിനിടെ മൊളസ്റ്റീൻ കൂട്ടിച്ചേർത്തു. ''ഇയാൻ ഹ്യൂം ഈ ആഴ്ച പരിശീലനം പുനരാരംഭിച്ചു.'' അദ്ദേഹം പറഞ്ഞു. ''തീർച്ചയായും കുറെ സമയത്തേക്ക് നിങ്ങൾ വിട്ടു നിൽക്കുമ്പോൾ നിങ്ങൾക്ക് മാച്ച് ഫിറ്റ്‌നെസിന്റെ പ്രശ്‌നമുണ്ടാകും. എന്നാൽ, അദ്ദേഹം ഉറപ്പായും സ്‌ക്വാഡിന്റെ ഒരു ഭാഗമായിരിക്കും. വെസിന്റെ കാര്യവും അതു പോലെ തന്നെ. അദ്ദേഹം മെച്ചപ്പെട്ട്, മെച്ചപ്പെട്ട്, മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. അദ്ദേഹവും സ്‌ക്വാഡിലുണ്ടായിരിക്കും.''

ഈ സീസണിലെ കേരളത്തിന്റെ മോശം തുടക്കത്തെക്കുറിച്ച് എങ്ങനെ തോന്നുന്നുവെന്ന് ചോദിച്ചപ്പോൾ, ഡച്ചുകാരനായ മൊളസ്റ്റീൻ പറഞ്ഞു: ''ഓരോ മാനേജരും റിസൽട്ട് കൊണ്ടുവരുന്നതിനുളള സമ്മർദ്ദത്തിലാണ്; നിങ്ങൾക്ക് നിയന്ത്രണമുളള കാര്യങ്ങൾ മാത്രമേ, നിങ്ങൾക്ക് നിയന്ത്രിക്കുവാൻ കഴിയൂ - പരിശീലനം, സെലക്ഷൻ, തന്ത്രങ്ങൾ തുടങ്ങിയവ. പ്രകടനത്തിലും ഫലങ്ങളിലും പ്രഭാവം പുലർത്തുന്ന പ്രേരകങ്ങളെ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ല. പ്രകടനവും ഫലങ്ങളും ഒരേ പോലെ മോശമാകുമ്പോൾ അത് ഒരു പ്രശ്‌നം തന്നെയാണ്. എന്നാൽ അതാണ് ഇവിടെ സംഭവിക്കുന്നത് എന്ന് ഞാൻ കരുതുന്നില്ല. ഞങ്ങളുടെ സ്‌ക്വാഡിൽ മികവ് പുലർത്തുന്ന ഒട്ടേറെപ്പേരുണ്ട്. ആദ്യ വിജയത്തിനായി ഞങ്ങൾ ഏറെ ഉത്‌സുകരാണ്. ജയിച്ചു കൊണ്ടിരിക്കുമ്പോൾ ആത്മവിശ്വാസമുണരുന്നു. ആളുകൾ ടീം വർക്കിനെക്കുറിച്ചും ടീം സ്പിരിറ്റിനെക്കുറിച്ചും പറയാറുണ്ട്. എന്നെ വിശ്വസിക്കൂ, ഒറ്റ മരുന്ന് മാത്രമേയുളളു, അത് വിജയിക്കലാണ്. എനിക്ക് ചെയ്യാൻ കഴിയുക, കഴിയുന്നത്രയും നന്നായി ജോലി ചെയ്യുക ചെയ്യുകയെന്നുളളതും കളിക്കാരെ തയ്യാറാക്കുന്നതിനായി ഏറ്റവും മികച്ചവ ചെയ്തു കഴിഞ്ഞോയെന്ന് എന്നോട് തന്നെ ചോദിക്കുകയുമാണ്.''

ഇന്ന് എതിരാളികളായെത്തുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെക്കുറിച്ച് മൊളസ്റ്റീൻ ഇങ്ങനെ കൂട്ടിച്ചേർത്തു: ''മാർസിനോയ്ക്ക് പാസ് മാത്രമല്ല ഗോളടിക്കുന്നതിനും കഴിയും. അവർ (മാർസിനോയും ഡാനിലോ ലോപസും) കളിക്കാരുടെ പിന്നിലൂടെ ഓടിയടുക്കുന്നതിന്ു മികവ് കാട്ടുന്നവരാണ്. അതിനാൽ അവർക്ക് ഒരു ഭീഷണിയുയർത്തുന്നതിന് കഴിയും. വിംഗേഴ്‌സും വളരെ നല്ല ഡ്രിബ്‌ളർമാരാണ്. അവർക്കും നല്ല രീതിയിൽ പാസ്സുകൾ നൽകുന്നതിന് കഴിയും. അതു കൊണ്ട്, രണ്ട് കളിക്കാർക്ക് മാത്രമല്ല ഭീഷണിയുയർത്തുന്നതിന് കഴിയുക. നന്നായി പ്രതിരോധിക്കുന്നുവെന്നുറപ്പാക്കുകയും എന്തെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിന് അവരെ അനുവദിക്കുന്നില്ലെന്നും നാം ഉറപ്പാക്കേണ്ടതുണ്ട്.''