കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഹീറോ ഇൻഡ്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ)-ന്റെ ഏഴാം മൽസരത്തിൽ, കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, ജാംഷെഡ്പൂർ എഫ്‌സിയ്‌ക്കെതിരേ അണി നിരന്നപ്പോൾ പ്രതീക്ഷകളേറെയുണ്ടായിരുന്നു.

പന്ത് കൈയ്യടക്കുന്നതിൽ കേരളം 63 ശതമാനം മുൻപിലായിരുന്നുവെങ്കിലും ജാംഷെഡ്പൂരിന്റെ 11 ഷോട്ടുകളിൽ അഞ്ചെണ്ണവും ബ്ലാസ്റ്റേഴ്സിന്റെ ആറ് ഷോട്ടുകളിൽ കേവലം രണ്ടെണ്ണവും മാത്രമാണ് ഗോൾ മുഖത്തേക്ക് എത്തിയത്. ജാംഷെഡ്പൂരിനു ആറ് കോർണറുകൾ ലഭിച്ചപ്പോൾ ആതിഥേയർക്ക് ഒരെണ്ണം പോലും ലഭിച്ചില്ലെന്നത് മത്സരത്തിന്റെ ഏകദേശ ചിത്രം വരയ്ക്കാൻ മതിയാകും. ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾ വലയ സൂക്ഷിപ്പുകാരൻ പോൾ റബൂച്ക തന്നെയായിരുന്നു ഇത്തവണയും കേരളത്തിന് വേണ്ടി ഏറ്റവും മികച്ച പ്രതിരോധം തീർത്തത്. ഗോൾ തിരഞ്ഞ് കളിക്കളത്തിലിറങ്ങിയ ലീഗിലെ നവാഗതരായ ജാംഷെഡ്പൂരിന് അവരുടെ പേരിൽ ഗോൾ കുറിയ്ക്കാൻ ലഭിച്ച നിരവധി സുവർണ്ണാവസരങ്ങൾ, റബൂച്കയുടെ സുരക്ഷിതമായ കരങ്ങളിലൊതുങ്ങിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ അവസാന ഗോൾ നിലയുടെ ചിത്രം മറ്റൊന്നായിരുന്നേനെ.

ഇരു ടീമുകളും ആക്രമണ തന്ത്രങ്ങൾ മെനയുന്നതിന് അൽപ്പ സമയമെടുത്തതിനാൽ, മൽസരം ആരംഭിച്ചത് പതുക്കെയുളള മട്ടിലായിരുന്നു. ദൂരെ നിന്നുളള ഷോട്ടുകൾക്ക് മാത്രമായിരുന്നു അവർ മുതിർന്നത്.
മൂന്നാം മിനിറ്റിൽ സി.കെ. വിനീതിനെ സൗവിക് ചക്രവർത്തി ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക് കേരള ടീമിന് മുന്നേറ്റത്തിന് ഒരു അവസരം നൽകി. അതിന് മറുപടിയായി ജാംഷെഡ്പൂരിന്റെ താരം ജെറിയുടെ മുന്നേറ്റം. തെട്ടടുത്ത മിനിറ്റിൽ കെർവൻസ് ബെൽഫോർട്ടും ബ്ലാസ്റ്റേഴ്സിന്റെ ഗോൾ മുഖത്ത് ഭീഷണി ഉയർത്തി. ഏഴാം മിനിറ്റിൽ ബോക്സിനു പുറത്ത് വലതുവശത്ത് പെസിച്ചിന്റെ ടാക്ലിങ്ങിനെ തുടർന്ന് ജാംഷെഡ്പൂരിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് എടുത്ത സൗവിക് ഘോഷിന് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം മറി കടക്കാനായെങ്കിലും പന്ത് പോൾ റചൂബ്കയുടെ കൈകളിലെത്തി.

10-ാം മ്ിനിറ്റിൽ ഇയാൻ ഹ്യൂമിന്റെ സുന്ദരമായ ഒരു ക്രോസ് സ്വീകരിച്ച സി.കെ. വിനീതിന്റെ, ഹെഡ്ഡറിലൂടെ ഗോൾ വലയനക്കുന്നതിനുളള ശ്രമം ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പാളി. 16-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു യത്‌നത്തിൽ കേരള താരം ലാൽറുവാത്താര കോർണർ ഫ്ളാഗിനു സമീപത്തു നിന്നും ഡ്രിബിൾ ചെയ്തു നൽകിയ പാസ് ലഭിച്ചത് ബെർബാറ്റോവിന്. എന്നാൽ ഇന്ത്യൻ ടീമംഗം കൂടിയായ അതിപ്രഗത്ഭനായ ഗോളി സുബ്രതോ പോളിനെ കീഴടക്കി പന്ത് ഗോൾ പോസ്റ്റ് കടത്തുന്നതിന് അദ്ദേഹത്തിനായില്ല. പന്ത് സുബ്രതോയുടെ കയ്യിൽ നിന്നും വഴുതിയെങ്കിലും ആ അവസരം ഗോളാക്കി മാറ്റുന്നതിന് കേരളത്തിന്റെ ആരും ആ സ്ഥാനത്തുണ്ടായിരുന്നില്ല.

അർദ്ധ പകുതിയുടെ അന്ത്യത്തിൽ, ബെൽഫോർട്ടിനെ ജിങ്കൻ ഫൗൾ ചെയ്തതിന് റഫറി വിധിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചിടിപ്പ് കൂട്ടാൻ പര്യാപ്തമായിരുന്നു. കിക്കെടുത്തത് കാർപ്പറ്റ് ഡ്രൈവിലൂടെ മെമോ. ശക്തമായ ഷോട്ട് സമചിത്തതയോടെ ഡൈവ് ചെയ്ത് റചൂബ്ക കുത്തിയകറ്റി. റീബൗണ്ട് ചെയ്ത പന്ത് കൊണ്ട് ജെറി വീണ്ടും റചൂബ്കയെ പരീക്ഷിച്ചുവെങ്കിലും അദ്ദേഹത്തെ മറി കടന്ന് ഗോൾ കുറിയ്ക്കാനായില്ല.
രണ്ടാം പകുതിയിൽ ഇരു ടീമുകളും കുറേക്കൂടി കരുതലോടെയുളള സമീപനമാണ് പിന്തുടർന്നത്. അതു കൊണ്ടു തന്നെ, ഗോൾ ശൂന്യത നികത്തി, തുല്യ നിലയിൽ മാറ്റം വരുത്തുന്നതിനുളള എതിർപക്ഷത്തിന് അപകടകരമായ നീക്കങ്ങളൊന്നും തന്നെ സൃഷ്ടിക്കുന്നതിൽ ഇരുപക്ഷത്തിനും കഴിഞ്ഞില്ല.

58-ാം മിനിറ്റിൽ ദിമിത്ർ ബെർബാറ്റോവിനെ ഫൗൾ ചെയ്തതിന് കേരള ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച ഫ്രീകിക്ക് ഇയാൻ ഹ്യൂമിന്റെ ലോങ് റേഞ്ചറിലൂടെ അപകടമൊന്നും വിതയ്ക്കാതെ സുബ്രതാ പോളിന്റെ കൈകളിൽ. 67-ാം മിനിറ്റിൽ വീണ്ടും ഫൗളിനെ തുടർന്നു വീണ്ടും ഇതേ പൊസിഷനിൽ ഫ്രീ കിക്ക്. ഇയാൻ ഹ്യൂമിന് വീണ്ടും ലക്ഷ്യം തെറ്റിയതോടെ ഹ്യൂം പുറത്തേക്ക് പോയി മാർക്ക് സിഫിനോസ് എത്തി.

അവസാന മിനിറ്റുകളിൽ, ഇരുപക്ഷങ്ങൾക്കും ഗോൾ ദാരിദ്ര്യം മറികടക്കുന്നതിനുളള ആവേശം കുറേക്കൂടി ശക്തമായി. 75-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫറൂഖ് ചൗധരിയുടെ ഷോട്ട് ഗോൾ പോസ്റ്റ് കടക്കുന്നില്ലെന്ന് റചൂബ്ക ഉറപ്പാക്കി. മറുവശത്ത്, അടുത്ത മിനിറ്റിൽ ബെർബാറ്റോവിന്റെ പാസിൽ പെർക്യൂസന്റെ ഷോട്ട് തടുത്തു കൊണ്ട് ജാംഷെഡ്പൂർ ഗോൾകീപ്പർ സുബ്രതാ കേരളത്തിന് ഗോൾ നിഷേധിച്ചു. 80-ാം മിനിറ്റിൽ ബികാഷ് ജെയ്റുവിന്റെ, ഗോൾമുഖത്തിനു വിലങ്ങനെ വന്ന അപകടകരമായ പാസ് കണക്ട് ചെയ്യാൻ ജാംഷെഡ്പൂർ കളിക്കാർ ഇല്ലാതെ പോയത് കേരളത്തിന് രക്ഷയായി. 90-ാം മിനിറ്റിൽ ട്രിൻഡാഡ് ഗോൺകാൽവ്‌സ് നൽകിയ പാസ്, പന്ത് ഗോൾ വലയിലെത്തിയെന്ന് തോന്നിപ്പിക്കുന്ന സമർത്ഥമായൊരു ഹെഡ്ഡറാക്കി കെവൻസ് ബെൽഫോർട്ട് രൂപാന്തരപ്പെടുത്തി. എന്നാൽ, ഗോൾ വലയം കാക്കുന്നതിലെ പോൾ റചൂബ്കയുടെ പത്തരമാറ്റ് മൂല്യമുളള പ്രതിഭയുടെ മാറ്റുരച്ച ഈ മൽസരത്തിലെ ആ അവസാന വെല്ലുവിളി ഏറ്റെടുത്ത് റചൂബ്ക അത് കുത്തിയകറ്റിയപ്പോൾ, ആർപ്പുവിളികളോടെ ഗ്യാലറിയിലെ മഞ്ഞക്കടൽ ഒരേ പോലെ ദീർഘനിശ്വാസമുതിർത്തു.

ഗോളുകൾക്കും വിജയത്തിനും വേണ്ടിയുളള അന്വേഷണം അടുത്ത കളിയിലേക്ക് നീട്ടിക്കൊണ്ട്, ഇരുടീമുകളും കൈകൊടുത്ത് പിരിഞ്ഞു.

മാച്ച് അവാർഡുകൾ

ക്ലബ്ബ് അവാർഡ്: കേരളാ ബ്ലാസ്റ്റേഴ്സ്, ജാംഷെഡ്പൂർ എഫ്‌സി

മൊമന്റ് ഓഫ് ദ് മാച്ച് അവാർഡ്: സന്ദേശ് ജിങ്കൻ

വിന്നിംഗ് പാസ് ഓഫ് ദ് മാച്ച് അവാർഡ്: ഇയാൻ ഹ്യൂം

ഫിറ്റസ്റ്റ് പ്ലെയർ: കെർവെൻസ് ബെൽഫോർട്ട്

എമേർജിംഗ് പ്ലെയർ: ലാൽറുവത്താറ

ഹീറോ ഓഫ് ഓഫ് ദ് മാച്ച്: മെഹ്താബ് ഹുസൈൻ