ഹീറാ ഇൻഡ്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 20177-8െ-ലെ പുത്തൻ സീസണിൽ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയ്ക്ക് എതിരേയുളള മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർപ്പൻ വിജയം നേടിക്കൊണ്ട് മൂന്ന് പൂർണ്ണ പോയിന്റുകളോടെ ചെന്നൈയിൻ എഫ്‌സി, പോയിന്റ് നിലയിൽ മുകളിലേക്കെത്തി. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന ഇന്നലെ നടന്ന മൽസരത്തിൽ തുടക്കം മുതൽ അന്ത്യം വരെ ആധിപത്യം പുലർത്തിക്കൊണ്ട് ചെന്നൈയിൻ എഫ്‌സി ഇന്നലത്തെ രാത്രി തങ്ങളുടേതാക്കി.

ആദ്യ പകുതിയുടെ 11 -ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന് വേണ്ടി ജഴ്‌സിയണിയുന്ന മലയാളി താരം അബ്ദുൾ ഹക്കുവിന്റെ സെൽഫ് ഗോളിലൂടെയാണ് നോർത്ത് ഈസ്റ്റിനെ ഞെട്ടിച്ചു കൊണ്ട് ചെന്നൈയിൻ എഫ്‌സിയുടെ പേരിൽ ആദ്യ ഗോൾ കുറിക്കപ്പെട്ടത്. 24-ാം മിനിറ്റിൽ റാഫേൽ അഗസ്‌റ്റോ ചെന്നൈയിന്റെ ലീഡുയർത്തി. പകരക്കാരനായി ഇറങ്ങിയ ചെന്നൈയുടെ മലയാളി താരം മുഹമ്മദ് റാഫി 84 ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ ഗോൾ വല ചലിപ്പിച്ചപ്പോൾ (3-0) നോർത്ത് ഈസ്റ്റിന് മടങ്ങി വരവിന് യാതൊരു സാദ്ധ്യതയും അവശേഷിച്ചിട്ടില്ലായിരുന്നു.

കളിയുടെ നാലാം മിനിറ്റിൽ, ചെന്നൈയിൻ എഫ്‌സിയുടെ താരങ്ങളുടെയും പതിനായിരക്കണക്കിനുളള കാണികളുടെയും ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ട് അവരുടെ ഗോൾ വലയത്തിൽ ചില അപകട നിമിഷങ്ങൾ സൃഷ്ടിക്കപ്പെട്ടു. ചെന്നൈയുടെ ഗോൾവല കാക്കുന്ന കരംജീത് സിംഗ് നടത്തിയ ഒരു ക്ലിയറൻസ് എത്തിപ്പെട്ടത് നോർത്ത് ഈസ്റ്റ് താരം സെയിംമിൻലെൻ ഡങ്കലിന്റെ മുൻപിലാണ്. കാവലില്ലാത്ത ഗോൾ പോസ്റ്റിനുളളിലേക്ക് പന്ത് കടത്തുന്നതിന് ഡങ്കൽ പരാജയപ്പെട്ടപ്പോൾ എല്ലാവരും ദീർഘനിശ്വാസമുതിർത്തു.
മൂന്ന് മിനിറ്റുകൾക്ക് ശേഷം ലീഡ് ഉയർത്തുന്നതിന് ഒരു സുവർണ്ണാവസരം ചെന്നൈയിൻ എഫ്‌സിയുടെ പക്കലെത്തി. ഗ്രിഗറി നെൽസൺ അളന്നു കുറിച്ചു നൽകിയ ക്രോസ് ഫ്രാൻസിസ് ഫെർണാണ്ടസിന് ലഭിച്ചത്, ലക്ഷ്യത്തിലെത്തിക്കുന്നതിന് ഒരു ഹെഡ്ഡറിലൂടെ അദ്ദേഹം ശ്രമിച്ചുവെങ്കിലും വിജയം കണ്ടില്ല. നിലത്തുകുത്തിയ പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറന്നുയർന്നു.

11-ാം മിനിറ്റിലാണ് ചെന്നൈ ടീമിന് ഭാഗ്യത്തിന്റെ തുണയോടെ അവരുടെ അക്കൗണ്ട് തുറക്കാനായത്. രണ്ട് പ്രതിരോധ നിര മിഡ്ഫീൽഡർമാരെ ഡ്രിബിൾ ചെയ്തു കുതിച്ച റാഫേൽ അഗസ്‌റ്റോയുടെ ഷോട്ട്, മുന്നിൽ വന്ന സ്റ്റോപ്പർ ബാക്ക് അബ്ദുൾ ഹക്കുവിന്റെ തലയിൽ തട്ടി സ്വന്തം ടീമിന്റെ വലയിലേക്ക് (1-0). നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ രഹ്‌നേഷ് ടി. പി.-യ്ക്ക് നിസ്സഹായനായി നിൽക്കുന്നതിന് മാത്രമേ കഴിഞ്ഞുളളു. തൊട്ടടുത്ത മിനിറ്റിൽ സെറീനോയുടെ ഹെഡ്ഡറും നോർത്ത് ഈസ്റ്റിന്റെ ബോക്‌സിൽ അപകട മണി മുഴക്കി.

ലീഡ് നേടിക്കഴിഞ്ഞിട്ടും ചെന്നൈയുടെ ഊർജ്ജത്തിനോ വീര്യത്തിനോ തെല്ലും കുറവുണ്ടായില്ല. ആക്രമണങ്ങളുടെ മൂർച്ച കൂട്ടിക്കൊണ്ട് ഇരു വശങ്ങളിലൂടെയും അവർ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു.

ആദ്യ ഗോളിന് അവസരമൊരുക്കിയ അഗസ്‌റ്റോ തന്നെ 25-ാം മിനിറ്റിൽ ചെന്നൈയിന്റെ രണ്ടാം ഗോളിനുടമയായി. ബിക്രം ജിത്ത് നോർത്ത് ഈസ്റ്റിന്റെ ബോക്‌സിനുളളിലേക്ക് നൽകിയത്, ബോക്‌സിനകത്തു നിന്ന ഫ്രാൻസിസ് ഫെർണാണ്ടസ്

സ്വികരിച്ചതിനുശേഷം ഹെഡ്ഡറിലൂടെ ജെജെയ്ക്കു മൈനസ് നൽകാനുള്ള ശ്രമത്തിനിടയിലുളള ഡിഫ്‌ളക്ഷനിൽ പന്ത് അഗസ്‌റ്റോയുടെ കാലുകളിൽ. മുൻപിലുണ്ടായിരുന്ന സ്റ്റോപ്പർ ബാക്ക് അബ്ദുൾ ഹക്കുവിനെയും ഡൈവ് ചെയ്ത ഗോളി ടി.പി. രഹേേനഷിനേയും പരാജയപ്പെടുത്തി ഒരു തികഞ്ഞ ഫിനിഷിംഗിന്റെ പ്രദർശനത്തിലൂടെ അഗസ്‌റ്റോ ലക്ഷ്യം കണ്ടു (2-0).

ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ നോർത്ത് ഈസ്റ്റ് രണ്ട് മാറ്റങ്ങൾ നടത്തിയെങ്കിലും ചെന്നൈയുടെ ഉരുക്കു പ്രതിരോധത്തെ തുളയ്ക്കാൻ അവർക്കായില്ല. ക്യാപ്റ്റൻ ഹെന്റിക്വ് സെറോനോയുടെ നേതൃത്വത്തിലുളള ചെന്നൈ നിര ചൈനയുടെ വൻമതിൽ പോലെ ഉറച്ചു നിന്നപ്പോൾ, മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ ലീഡിന്റെ ആഹ്ലാദത്തോടെയാണ് അവർക്ക് അർദ്ധ പകുതിയുടെ അന്ത്യമെത്തിയത്.

രണ്ടാം പകുതിയിൽ ആരംഭത്തിൽ തന്നെ രണ്ട് ടീമുകളും ഗോൾ അവസരങ്ങൾക്കായുളള ഊർജ്ജം തങ്ങളുടെ നീക്കങ്ങളിൽ പ്രകടിപ്പിച്ചു കൊണ്ടാണ് കളി തുടങ്ങിയത്. 47-ാം മിനിറ്റിൽ ബോക്‌സിനു 30 വാര അകലെ നിന്നും നോർത്ത് ഈസ്റ്റിനു ലഭിച്ച ഫ്രീകിക്കായിരുന്നു അവരുടെ ആദ്യ അവസരം. മാഴ്‌സിലോ ഡി സൂസയുടെ കിക്ക്, ക്രോസ് ബാറിനെ തൊട്ടു തലോടി പുറത്തേക്ക് പോയി. നോർത്ത് ഈസ്റ്റിന് ഗോൾ സാദ്ധ്യത നൽകിക്കൊണ്ട് 50-ാം മിനിറ്റിൽ ഹോസെ ഗോൺസാൽവസിന്റെ മറ്റൊരു ഷോട്ടും ചെന്നൈയിൻ ഗോൾ മുഖത്ത് ഭീഷണി ഉയർത്തി കടന്നുപോയി. 74-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഹാലിചരൻ നർസാരിക്ക് തന്റെ ടീമിന്റെ ഗോൾ അക്കൗണ്ട് തുറക്കുന്നതിന് അവസരം കൈവന്നുവെങ്കിലും അൽപ്പം വിഷമം പിടിച്ച ഒരു കോണിൽ നിന്നുളള ഷോട്ട് നേരിയ വ്യത്യസത്തിൽ ലക്ഷ്യം കാണാതെ പുറത്ത് പോയി.

സമ്മർദ്ദ തന്ത്രങ്ങൾ പയറ്റിക്കൊണ്ടിരുന്ന ചെന്നൈയ്ക്ക് 62-ാം മിനിറ്റിൽ ലീഡ് വർദ്ധിപ്പിക്കുന്നതിന് അവസരം തുറന്നു കിട്ടി. മെയിൽസൺ ആൽവ്‌സിന്റെ ഒരു ഫ്രി കിക്ക് ഒഴിവാക്കിക്കളയുന്നതിന് എതിർ ഗോളി രഹ്‌നേഷ് പരാജയപ്പെട്ടതിന് ശേഷം റീബൗണ്ടിൽ നിന്നുളള ക്രോസ് ജെജെ ലാൽപെക്യൂജ, അഗസ്‌റ്റോയ്ക്ക് നൽകിയെങ്കിലും ഹെഡ്ഡർ ഗോൾപോസ്റ്റ് കടത്തുന്നതിന് അദ്ദേഹത്തിന് സാധിച്ചില്ല.

81 -ാം മിനിറ്റിൽ ജെജെയുടെ പകരക്കാരനായി ഇറങ്ങിയ മലയാളി താരം മുഹമ്മദ് റാഫി മൂന്നാം മിനിറ്റിൽ തന്നെ ഗോൾ നേടി നോർത്ത് ഈസ്റ്റിന് എത്തിപ്പിടിക്കാവുന്നതിനപ്പുറേത്തക്ക് ചെന്നൈയുടെ ലീഡ് ഉയർത്തി. ഗ്രിഗറി നെൽസണെ ബോക്‌സിനു തൊട്ടു വെളിയിൽ വെച്ചു ടാക്ലിങ്ങ് ചെയ്തിനു അനുവദിച്ച ഫ്രീകിക്കായിരുന്നു ഗോളിനു വഴിയൊരുക്കിയത്. ജെയിമി ഗാവിലിൻ എടത്തു കിക്ക് ക്രോസ് ബാറിൽ തട്ടി തെറിച്ചത് ഗോൾ കീപ്പർ രഹ്‌നേഷിന് കൈകളിലൊതുക്കാൻ സാധിച്ചില്ല. ഓടിയെത്തിയ മുഹമ്മദ് റാഫി ഗോളിനുളള സുവർണ്ണാവസരം പാഴാക്കാതെ, തന്റെ സ്വതസിദ്ധമായ ഹെഡ്ഡറിലൂടെ ലക്ഷ്യം നേടി (3-0). ഏതാനും മിനിറ്റുകൾക്ക് ശേഷം, മാർസിനോ എടുത്ത ഒരു ഫ്രീ കിക്ക് ചെന്നൈ ഗോൾ പോസ്റ്റുകൾക്ക് ഏതാനും ഇഞ്ചുകൾ മാറി പുറത്തേക്ക് പോയപ്പോൾ അത് നോർത്ത് ഈസ്റ്റിന്റെ പ്രതീക്ഷകൾക്ക് മുകളിൽ അവസാനത്തെ ആണി തറയ്‌യ്ക്കുന്നതിന് തുല്യമായിരുന്നു.

ഈ സീസണിലെ മറ്റ് മൽസരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫൗളുകൾ താരതമ്യേന കുറവായിരുന്നുവെന്നത് എടുത്തു പറയേണ്ടതാണ്. മലയാളിയായ റഫ്‌റി എം.ബി. സന്തോഷ് കുമാറിന് ആദ്യ പകുതിയിൽ മഞ്ഞക്കാർഡുകളൊന്നും ഉയർത്തിക്കാണ്ടേതായി വന്നില്ല. രണ്ടാം പകുതിയിലും ഇരു ടീമുകളും മൽസരത്തിന്റെ അന്ത:സത്ത കാത്തു സൂക്ഷിക്കുന്നതിന് ശ്രദ്ധിച്ചു.

അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് എഫ്സി ഡിസംബർ രണ്ടിനു എവേ മാച്ചിൽ ഡൽഹിയെയും ചെന്നൈയിൻ എഫ്സി ഡിസംബർ മൂന്നിനു എവേ മാച്ചിൽ പൂനെ സിറ്റിയേയും നേരിടും.